
കോഴിക്കോട്: വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമാണമേഖലയിലെ മീനാക്ഷിപാലത്തിന് സമീപത്തുണ്ടായ മണ്ണിടിച്ചിൽ സാധ്യത സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ്. പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് കാരണം മഴക്കാലത്ത് സോയിൽ പൈപ്പിങ് , സ്ലോപ്പ് സ്റ്റബിലിറ്റി പ്രതിഭാസമോ കാരണം ഒരു അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, തടയാൻ വേണ്ട മുൻകരുതലെടുക്കണമെന്നും പിഡബ്ല്യുഡി ജൂൺ 25ന് ചേർന്ന അവലോകന യോഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. യോഗത്തിന്‍റെ മിനുട്ട്സ് പിഡബ്ല്യുഡി പുറത്ത് വിട്ടു. തുരങ്കപാതയുടെ മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടതാണ് അപകടത്തിന് കാരണമായെന്ന് മന്ത്രി ടി സിദ്ദിഖും പ്രതികരിച്ചു.
കള്ളാടിയില്‍ മനുഷ്യ നിര്‍മ്മിത ദുരന്തമാണ് നടന്നതെന്ന് സിദ്ദിഖ് പറഞ്ഞു. അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടത് ചെറിയ മഴ പെയ്താൽ പോലും അപകടം ഉണ്ടാക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അശാസ്ത്രീയമായ രീതിയിലാണ് മണ്ണ് നീക്കം നടത്തിയിരുന്നത്. മീറ്റിംഗിലും അല്ലാതെയും മുന്നറിയിപ്പ് നൽകിയിട്ടും വേണ്ട നടപടികൾ സ്വീകരിക്കുന്നതിൽ പാളിച്ചയുണ്ടായി. നിർദ്ദേശം അനുസരിച്ച് മുന്നോട്ട് പോകാത്ത സാഹചര്യം ഗൗരവതരമായി കാണും. ഇക്കാര്യം കൊങ്കൺ അധികൃതരേയും അറിയിച്ചിരുന്നു. മണ്ണ് കൂട്ടിയിട്ടത് മാറ്റാത്തത് എന്തെന്ന് അന്വേഷിക്കുമെന്നും ടൗൺഷിപ്പിലും മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം ദുരന്തത്തിന് പിന്നാലെ കോഴിക്കോട് തുരങ്കപാത നിർമാണം നടക്കുന്ന പ്രദേശത്ത് നിർമാണ പ്രവർത്തികൾ നിർത്തിവച്ചിരിക്കുകയാണ്.
വയനാട് തുരങ്കപാത നിർമാണമേഖലയിലെ മീനാക്ഷിപാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങിയതായാണ് സംശയിക്കുന്നത്. ഒരു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ആറുപേർ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഹിര സുരേഷ്, ദിലീപ്, സൂരജ്, സഞ്ജയ് താപുർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ചികിത്സയിലുള്ളത്. തൊഴിലാളികള്‍ വന്ന ബസിന് മുകളിലേക്കും തൊഴിലാളികള്‍ വിശ്രമിക്കുന്ന ഷെഡിലേക്കും മണ്ണിടിഞ്ഞു എന്നാണ് വിവരം. സ്ഥലത്ത് ഇപ്പോഴും മണ്ണിടിച്ചില്‍ തുടരുകയാണെന്ന് വാര്‍ഡ് അംഗം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
സ്ഥലത്ത് കനത്ത മഴ തുടരുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ ഇവിടെ നിന്നും മാറ്റിത്തുടങ്ങി. മണ്ണിടിച്ചിലില്‍ ഒരു വീടും പള്ളിയും പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട് എന്നാണ് വിവരം. ബസ് സ്റ്റോപ്പും പാലവും മണ്ണിനടിയിലാണ്. തൊഴിലാളികളുമായി വന്ന രണ്ടു ബസുകൾ മണ്ണിനടിയിൽ പെട്ടിട്ടുണ്ട്. ഇവിടെ തൊഴിലാളികൾ താത്കാലികമായി തങ്ങുന്ന ഷെഡുകളും ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മണ്ണിനടിയിൽപ്പെട്ട ബസുകളിൽ തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam