മുപ്പതിനായിരത്തിലധികം സ്വകാര്യ ബസ്സുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ എണ്ണായിരം ബസ്സുകൾ മാത്രമേയുള്ളൂവെന്ന് മന്ത്രി സി പി ജോണ്‍. അതിന്‍റെ ഉത്തരവാദിത്തം ഇപ്പോഴത്തെ സർക്കാരിനോ പ്രിയദർശിനി പദ്ധതിക്കോ അല്ല. കഴിഞ്ഞ 10 വർഷവും സ്വകാര്യ ബസ് ഉടമകളുടെ പ്രശ്നം ആരും പരിഗണിച്ചിട്ടില്ലെന്ന് മന്ത്രി. 

കാസർകോട്: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര പ്രിയദർശിനി പദ്ധതി ബഹിഷ്കരിക്കണം എന്ന് പറഞ്ഞവരെ ഇപ്പോൾ കാണാനില്ലെന്ന് ഗതാഗത മന്ത്രി സി പി ​ജോൺ. സിപിഎമ്മിന്‍റെ പ്രവർത്തകരോടെല്ലാം പ്രിയദർശിനിയിൽ കയറരുതെന്ന് പറഞ്ഞാൽ 35 ശതമാനം പേർ കയറില്ലല്ലോ. സ്വകാര്യ ബസ് ഉടമകൾക്ക് അതിന്റെ പ്രയോജനം കിട്ടുമല്ലോയെന്നും മന്ത്രി സി പി ജോണ്‍ പരിഹസിച്ചു. സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ മുഖ്യമന്ത്രിയുമായി ആലോചിച്ച് കമ്മിറ്റി രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മുപ്പതിനായിരത്തിലധികം ബസ്സുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ എണ്ണായിരം ബസ്സുകൾ മാത്രമേയുള്ളൂ. അതിന്‍റെ ഉത്തരവാദിത്തം ഇപ്പോഴത്തെ സർക്കാരിനോ പ്രിയദർശിനി പദ്ധതിക്കോ അല്ല. കഴിഞ്ഞ 10 വർഷവും സ്വകാര്യ ബസ് ഉടമകളുടെ പ്രശ്നം ആരും അഡ്രസ് ചെയ്തിട്ടില്ല. അതുകൊണ്ടാണ് ആ മേഖല തകർന്നതെന്ന് സി പി ജോണ്‍ വിമർശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ കണ്‍സെഷൻ സംബന്ധിച്ച പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ​വിദ്യാർഥിനികൾക്ക് ഇപ്പോൾ പ്രശ്നമില്ല. വയനാട് ജില്ലയിൽ കുട്ടികളു​​ടെ കൺസഷൻ നിരക്ക് കൂട്ടിയത് ഔദ്യോഗികമായി ശ്രദ്ധയിൽപെട്ടിട്ടില്ല. പക്ഷേ അത് ചെയ്യാൻ പാടില്ലാത്തതാണ്. കണ്‍സെഷൻ കാര്യത്തിൽ രാഷ്ട്രീയ സംഘടനകളോട് ആലോചിച്ച് തീരുമാനമെടുക്കാം. സ്വകാര്യ മേഖലയിലെ പ്രശ്നം പ്രതിപക്ഷമാണ് ഏറ്റെടുക്കുന്നത്. മലബാർ മേഖലയിൽ പുതിയ പ്രിയദർശിനി ബസുകൾ ഉടനില്ല. പുതിയ ഡിപ്പോ തുടങ്ങുന്ന കാര്യം നിലവിൽ ആലോചനയിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസിയുടെ ഷോപ്പിങ് കോംപ്ലക്സ് മിക്കവാറും ഒഴിഞ്ഞുകിടക്കുകയാണ്. രണ്ടേകാൽ ലക്ഷം സ്ക്വയർ ഫീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ 10 വർഷത്തെ സർക്കാരിന്‍റെ നേട്ടങ്ങളിൽ ഒന്നാണിതെന്ന് മന്ത്രി പരിഹസിച്ചു. രണ്ടേകാൽ ലക്ഷം സ്ക്വയർ ഫീറ്റ് ഒഴിഞ്ഞ് കിടക്കുക എന്ന് പറഞ്ഞാൽ ചെറിയ കാര്യമാണോ? 1.40 ലക്ഷം സ്ക്വയർ ഫീറ്റ് വരുന്ന കോഴിക്കോട്ടെ ബിൽഡിങ് ഉപയോഗശൂന്യമായിട്ട് കിടക്കുകയാണ്. അത് പൊളിക്കണോ നിർത്തണോ എന്നതാണ് ചർച്ച. കടുകാര്യസ്ഥതയുടെ ആഴം എന്താണെന്നതിന്റെ തെളിവാണത്. അത് അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു.

എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെൻറ് കമ്മിറ്റിക്ക് ഓർഡറായി. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ അതാത് സ്ഥലത്തെ എംഎൽഎ ആണ് അധ്യക്ഷത വഹിക്കുക. എംപിയോ എംപിയുടെ പ്രതിനിധിയോ അതിൽ പങ്കെടുക്കും. ട്രാൻസ്പോർട്ട് മാനേജ്മെൻറ് കമ്മിറ്റി എല്ലാ ഡിപ്പോകളിലും വരും. എല്ലാവരു​ടെയും സഹകരണം ഉണ്ടെങ്കിൽ വളരെ ഭംഗിയായി കെഎസ്ആർടിസിയെ മുന്നോട്ടു ​കൊണ്ടുപോകാമെന്നും മന്ത്രി പറഞ്ഞു.