രോഗികളുടെ എണ്ണം പ്രതിദിനം കൂടുന്നു, ആശങ്കയോടെ വയനാട്ടുകാർ

By Web TeamFirst Published May 13, 2020, 7:46 PM IST
Highlights

ചെന്നൈയില്‍ പോയിവന്ന ട്രക്ക് ഡ്രൈവറില്‍ നിന്നും രോഗം പകർന്നവരുടെ എണ്ണം പത്തായി. സംസ്ഥാനത്ത് ഇതാദ്യമായി പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതും വയനാട്ടിലാണ്. 

സുൽത്താൻ ബത്തേരി: വയനാട്ടില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. കോയമ്പേട് മാർക്കറ്റില്‍ പോയി വന്ന ട്രക്ക് ഡ്രൈവറില്‍ നിന്നും രോഗം ബാധിച്ചവരുടെ എണ്ണം ഇന്നത്തോടെ പത്തായി ഉയർന്നു. ഇയാളില്‍ നിന്നും രോഗം പകർന്നയാളുമായി സമ്പർക്കത്തിലേർപ്പെട്ട മാനന്തവാടി സ്റ്റേഷനിലെ രണ്ട് പോലീസുകാർക്കും രോഗം പകർന്നിട്ടുണ്ട്. സംസ്ഥാനത്താദ്യമായാണ് പോലീസുദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിക്കുന്നത്.

ജില്ലയില്‍ കോയമ്പേട് ക്ലസ്റ്ററില്‍ നിന്നുള്ള രോഗവ്യാപനം തുടരുകയാണ്. ചെന്നൈയില്‍ പോയിവന്ന ട്രക്ക് ഡ്രൈവറില്‍ നിന്നും രോഗം പകർന്നവരുടെ എണ്ണം പത്തായി. ഇന്ന് രോഗം സ്ഥിരീകരിച്ചത് 4 പേർക്കാണ്. ട്രക്ക് ഡ്രൈവറുടെ മകളും അഞ്ചു വയസുള്ള പേരക്കുട്ടിയുമാണ് രോഗം ബാധിച്ച മറ്റു രണ്ടു പേർ. ഇതോടെ ഇയാളുടെ കുടുംബത്തിലെ 5 പേർക്ക് രോഗം സ്ഥിരീകരിച്ചു. 

ട്രക്ക് ഡ്രൈവറില്‍ നിന്നും രോഗം പകർന്ന യുവാവുമായി മാനന്തവാടി സ്റ്റേഷനില്‍വച്ച് സമ്പർക്കത്തിലേർപ്പെട്ട പോലീസുകാരാണ് മറ്റു രണ്ടു പേർ. ഇവർ മലപ്പുറം, കണ്ണൂർ സ്വദേശികളാണ്. സംസ്ഥാനത്താദ്യമായാണ് പോലീസ് ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരും നേരത്തെ തയാറാക്കിയ സമ്പർക്കപ്പട്ടികയിലുള്ളവരാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.  

അതേസമയം രോഗികളുടെ എണ്ണം കുത്തനെ കൂടുന്നതും , ഉദ്യോഗസ്ഥർക്കടക്കം രോഗം ബാധിക്കുന്നതും ആളുകൾക്കിടയില്‍ ആശങ്ക ഉയർത്തിയിട്ടുണ്ട്. ജില്ലയില്‍വച്ച് ഇതുവരെ 15 പേർക്കാണ് രോഗം പകർന്നത്. ഇതില്‍ 12 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3 പേർ നേരത്തെ ചികിത്സ പൂർത്തിയാക്കി മടങ്ങിയിരുന്നു. നിലവില്‍  9 പേർ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 

click me!