വയനാട്ടിൽ 18 കഴിഞ്ഞ അർഹതയുള്ളവർക്കെല്ലാം വാക്സീൻ നൽകിയെന്ന് ജില്ലാ ഭരണകൂടം

By Web TeamFirst Published Aug 15, 2021, 9:04 PM IST
Highlights

മൂന്ന് മാസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചവർ, വാക്സിൻ സ്വീകരിക്കാൻ പാടില്ലാത്തവർ, സമ്പർക്കപ്പട്ടികയിലുള്ളവർ, കണ്ടെയ്ൻമെൻ്റ് സോണുകളിലും ക്ലസ്റ്ററുകളിലുമുള്ളവർ എന്നിവർക്കായിരുന്നു ഡ്രൈവിൽ വാക്സീൻ സ്വീകരിക്കാൻ അർഹതയില്ലാത്തത്

വയനാട്: വയനാട്ടിൽ പതിനെട്ട് വയസിന് മുകളിലുള്ള ഐസിഎംആർ മാർഗനിർദ്ദേശ പ്രകാരം അർഹരായ മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സീൻ നൽകിയതായി ജില്ലാ ഭരണകൂടം. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ നടത്തിയ മെഗാ വാക്സിനേഷൻ ഡ്രൈവ് ജില്ലയിൽ പൂർത്തിയായി. 

6,15,729 പേരാണ് ജില്ലയിൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. 2,13,277 പേർക്ക് രണ്ടാം ഡോസ് വാക്സിനും ലഭിച്ചു. 6,51,967 പേരാണ് 18 വയസ്സിന് മുകളിൽ പ്രായമുള്ളവരെങ്കിലും ഇതിൽ 6,11,430 പേരാണ് വാക്സിൻ സ്വീകരിക്കാൻ അർഹരായവർ. മൂന്ന് മാസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചവർ, വാക്സിൻ സ്വീകരിക്കാൻ പാടില്ലാത്തവർ, സമ്പർക്കപ്പട്ടികയിലുള്ളവർ, കണ്ടെയ്ൻമെൻ്റ് സോണുകളിലും ക്ലസ്റ്ററുകളിലുമുള്ളവർ എന്നിവർക്കായിരുന്നു ഡ്രൈവിൽ വാക്സീൻ സ്വീകരിക്കാൻ അർഹതയില്ലാത്തത്. ഇവർക്ക് പിന്നീട് ആശുപത്രി, പിഎച്ച്സി എന്നിവിടങ്ങളിൽ നിന്നായി വാക്സിൻ ലഭിക്കുന്നതാണ്. 

ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി സജ്ജീകരിച്ച വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഓരോ കേന്ദ്രങ്ങളിലും ഒരു ഡോക്ടര്‍, 3 നഴ്സുമാര്‍, ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരെയും നിയോഗിച്ചിരുന്നു. കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി പോലീസ്, ആര്‍ആര്‍ടി അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സേവനവും ഉറപ്പു വരുത്തി. 

കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി ഡബ്ല്യൂ.എം.ഒ ഇംഗ്ലീഷ് സ്‌കൂള്‍, മാന്തവാടി ന്യൂമാന്‍സ് കോളേജ് എന്നിവിടങ്ങളിലായി സ്പെഷ്യല്‍ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. അതിഥി തൊഴിലാളികള്‍, വ്യാപാരി വ്യവസായികള്‍, വിദ്യാര്‍ത്ഥികള്‍, തോട്ടം തൊഴിലാളികള്‍ എന്നിവര്‍ക്ക് വാക്സീന്‍ ലഭ്യമാക്കുന്നതിനായിരുന്നു സ്പെഷ്യല്‍ ക്യാമ്പ്.

click me!