എ ഐ ക്യാമറ: 'ഞങ്ങൾ വിജിലൻസിന് പരാതി നൽകിയിട്ടില്ല, ലെറ്റർ ഹെഡ് വ്യാജം'; വിശദീകരണവുമായി കൊല്ലം ആസ്ഥാനമായ സംഘടന

By Web TeamFirst Published Apr 27, 2023, 7:01 PM IST
Highlights

എഐ ക്യാമറകള്‍ വാങ്ങിയതുള്‍പ്പെടെ സേഫ് കേരള പദ്ധതിയിലെ മറ്റ് കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. 

തിരുവനന്തപുരം : എ ഐ ക്യാമറ ക്രമക്കേടാരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് പരാതി നൽകിയിട്ടില്ലെന്ന് കൊല്ലം ആസ്ഥാനമായ ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ എന്ന സംഘടന. ഈ സംഘടനയുടെ പേരിൽ നൽകിയ പരാതിയിലാണ് കഴിഞ്ഞ ദിവസം വിജിലൻസ് അന്വേഷണം തുടങ്ങിയിരുന്നത്. എന്നാൽ ലെറ്റർ ഹെഡ് വ്യാജമാണെന്നും സംഘടന പരാതി നൽകിയിട്ടില്ലെന്നുമാണ് ഭാരവാഹികൾ വിജിലൻസിനെ അറിയിച്ചത്.

കൊല്ലം കരുനാഗപ്പള്ളി ആസ്ഥാനമായ ഇന്ത്യൻ ആൻറി കറപ്ഷൻ വിഷന്റെ സെക്രട്ടറി നൽകിയ പരാതിയിലാണ് വിജിലൻസ് ഇപ്പോള്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മാർച്ച് മാസത്തിൽ സർക്കാർ അനുമതി ലഭിച്ചുവെങ്കിലും ഒരാഴ്ച മുമ്പാണ് അന്വേഷണം തുടങ്ങിയത്. പരാതിയിലുള്ള കമ്പനി വിജിലൻസ് ഉദ്യോഗസ്ഥർ വിളിച്ചുവെങ്കിലും അങ്ങനെയൊരു പരാതി നൽകിയിട്ടില്ലെന്നാണ് സംഘടനയുടെ ഭാരവാഹികള്‍ ഇപ്പോള്‍ വിജിലൻസിനെ അറിയിച്ചത്. ലെറ്റർ ഹെഡും വ്യാജമാണെന്ന് സംഘടന ഭാരവാഹികള്‍ വിജിലൻസിനെ അറിയിച്ചു. 

സംഘടന ഭാരാവാഹികള്‍ക്ക് വിജിലൻസ് നോട്ടീസ് നൽകി മൊഴിയെടുക്കും. വിവാദമായതിന് പിന്നാലെ പരാതിയിൽ നിന്നും പിൻമാറിയതാണോ, വ്യാജ പരാതിയാണോയെന്നറിയാൻ കൂടിയാണ് മൊഴിയെടുക്കുന്നത്. പരാതിക്കാർ പിൻമാറിയാലും ആരോപണങ്ങളിൽ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് വിജിലൻസ് തീരുമാനം. ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ കേസെടുക്കാൻ ശുപാർശ ചെയ്യുമെന്നും വിജിലൻസ് പറയുന്നു. ഇതിനകം മോട്ടോർ വാഹനവകുപ്പ് കെൽട്രോണുമായി ഉണ്ടാക്കിയ സാധരണ പത്രവും മോട്ടോർവാഹന കമ്മീഷണർ ഇറക്കിയിട്ടുള്ള ഉത്തരവുകളും വിജിലൻസിന് കൈമാറി. കെൽട്രോണിനോട് കരാർ വിശദാംശങ്ങള്‍ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എഐ ക്യാമറകള്‍ വാങ്ങിയതുള്‍പ്പെടെ സേഫ് കേരള പദ്ധതിയിലെ മറ്റ് കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. 

'എഐ ക്യാമറ പദ്ധതി രണ്ടാം ലാവ്‌ലിൻ, ജുഡീഷ്യൽ അന്വേഷണം വേണം, പിണറായി മഹാ മൗനം വെടിയണം': സതീശൻ

അതിനിടെ, എഐ ക്യാമറ കരാർ ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി.  രണ്ടാം എസ്എൻസി ലാവ്‌ലിനാണ് എഐ ക്യാമറ അഴിമതിയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ ആരോപിച്ചു. അന്വേഷണം നടത്തുമെന്ന് പറയുമ്പോഴും വ്യവസായ വകുപ്പ് മന്ത്രി കരാറിനെ ന്യായീകരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. സ്രിറ്റ് എന്ന കമ്പനിക്ക് കരാർ നൽകിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്, കൺസ്ട്രക്ഷൻ കമ്പനി എങ്ങനെ യോഗ്യത നേടിയെന്നതടക്കം ഏഴ് ചോദ്യവും പ്രതിപക്ഷനേതാവ് ഉയർത്തി.  

'മൂന്ന് കമ്പനികളെയാണ് ടെണ്ടറിലേക്ക് സെലക്ട് ചെയ്തത്. അതിൽ ആദ്യത്തേത്ത് സ്രിറ്റ് എന്ന കമ്പനിയാണ്. രണ്ടാമത് അശോക ബിൽകോൺ ലിമിറ്റഡ് പാലം നിർമ്മിക്കുന്ന കമ്പനിയാണ്. ആ കമ്പനിയെങ്ങനെ ടെക്നിക്കലി  സെലക്ടായെന്നതിൽ വ്യക്തതയില്ല. ഇതിൽ അന്വേഷണം വേണം. പത്ത് വർഷത്തെ പ്രവർത്തിപരിചയമുള്ള കമ്പനികൾ മാത്രമേ ടെണ്ടറിൽ പങ്കെടുക്കാൻ പാടുള്ളൂവെന്നാണ് കെൽട്രോണിന്റെ നിബന്ധനകളിലുള്ളത്.  മൂന്നാമത്തെ കമ്പനി അക്ഷര എന്റർപ്രൈസസെന്ന കമ്പനി 2017 ൽ മാത്രം രൂപീകൃതമായ കമ്പനിയാണ്. അവരെങ്ങനെ സെലക്ടായെന്ന് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. 

 

click me!