മഴയെ കരുതിയിരിക്കണം, 8 ജില്ലകളിൽ യെല്ലോ അലർട്ട്, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്

Published : May 30, 2026, 02:02 PM IST
Rain

Synopsis

സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനെ തുടർന്ന് 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാലവർഷത്തിന് മുന്നോടിയായി ട്രോളിംഗ് നിരോധനം ഏർപ്പെടുത്താനും, ദുരന്തസാധ്യതകൾ മുന്നിൽ കണ്ട് എല്ലാ വകുപ്പുകളും അടിയന്തരമായി മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

 

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് അനുസരിച്ച് 8 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് , കണ്ണൂർ ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്.

31/05/2026 : കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് , കണ്ണൂർ

01/06/2026: പത്തനംതിട്ട , ആലപ്പുഴ ,കോട്ടയം, എറണാകുളം, തൃശൂർ , മലപ്പുറം, കോഴിക്കോട് , വയനാട്

02/06/2026: എറണാകുളം, ഇടുക്കി , കോഴിക്കോട് , കണ്ണൂർ , കാസർകോഡ്

03/06/2026: പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ 

ട്രോളിംഗ് നിരോധനം

ജൂൺ 9 മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനമേർപ്പെടുത്താനും തീരുമാനം. ജൂലൈ 31 അർദ്ധരാത്രി വരെ 52 ദിവസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കേരള തീരത്തെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമായാണ് മൺസൂൺ കാലത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്

 

കാലവർഷത്തിന് മുന്നോടിയായി സമഗ്രമായ ഒരുക്കങ്ങൾ പൂർത്തിയാക്കണം: മുഖ്യമന്ത്രി

അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതകളും മുന്നിൽ കണ്ട് എല്ലാ വകുപ്പുകളും കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു. കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ഓറഞ്ച് ബുക്കിലെ നിർദേശങ്ങൾ എല്ലാ വകുപ്പുകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ ശാസ്ത്രീയമാക്കുന്നതിനായി കേന്ദ്ര ഏജൻസികളുമായും കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുമായും ഏകോപനം ശക്തമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡാമുകളുടെ സുരക്ഷ, മഴയുടെ ലഭ്യത, നീരൊഴുക്ക് എന്നിവ ശാസ്ത്രീയമായി നിരീക്ഷിക്കണം. കേന്ദ്ര ജല കമ്മീഷനും ഡാം സുരക്ഷാ അതോറിറ്റിയുമായും വകുപ്പുകൾ തുടർച്ചയായ ബന്ധം പുലർത്തണം. അണക്കെട്ടുകളിലെ ജലനിരപ്പ് റൂൾ കർവിന് മുകളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. ദുരന്തസാധ്യതാ പ്രദേശങ്ങളിലെ ജനങ്ങളുടെ പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപന-വില്ലേജ് തലങ്ങളിൽ പുതുക്കണം. ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലെ കുടുംബങ്ങളുടെയും അതിഥി തൊഴിലാളികളുടെയും വിവരശേഖരണം നടത്തി മുന്നറിയിപ്പുകൾ സമയബന്ധിതമായി എത്തിക്കുന്ന സംവിധാനം ഒരുക്കണം.

മഴക്കാല പൂർവ ശുചീകരണം എല്ലാ തദ്ദേശസ്ഥാപനങ്ങളും അടിയന്തരമായി പൂർത്തീകരിക്കണം. ഓടകൾ, കൈത്തോടുകൾ, കനാലുകൾ എന്നിവയിലെ തടസ്സങ്ങൾ നീക്കുകയും മാലിന്യനിർമാർജനം വേഗത്തിലാക്കുകയും വേണം. കൊതുക് നശീകരണ പ്രവർത്തനങ്ങളും ശക്തമാക്കണം.

ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കുന്ന കെട്ടിടങ്ങളിൽ ശുചിമുറി, വൈദ്യുതി, ലൈറ്റ്, ഫാൻ, അടുക്കള എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. ക്യാമ്പ് കേന്ദ്രങ്ങളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ദേശീയപാത നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശങ്ങളിൽ നാഷണൽ ഹൈവേ അതോറിറ്റിയുമായി ചേർന്ന് പരിഹാര നടപടികൾ സ്വീകരിക്കണം. റോഡുകളിലെ കുഴികൾ അടയ്ക്കുകയും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും വേണം.

സ്‌കൂളുകളുടെ സുരക്ഷ പരിശോധിച്ച് ചുറ്റുമതിൽ, മേൽക്കൂര, സമീപത്തെ മരങ്ങൾ എന്നിവ അപകടാവസ്ഥയിലല്ലെന്ന് ഉറപ്പാക്കണം. ആരോഗ്യ മേഖലയിൽ ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. പാമ്പുകടിക്കുള്ള ചികിത്സാ സംവിധാനങ്ങൾ സജ്ജമാക്കണമെന്നും ആന്റിവെനമുൾപ്പെടെയുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തണം. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം.

പ്രാദേശിക അറിവുകളും ശാസ്ത്രീയ വിവരങ്ങളും സംയോജിപ്പിച്ച് ദുരന്തസാധ്യതകൾ തിരിച്ചറിയണം. മഴമാപിനികളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്ന പരിപാടികൾ സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർഡുതലം മുതൽ സംസ്ഥാനതലം വരെ എല്ലാ വകുപ്പുകളും ഏജൻസികളും ഏകോപിതമായി പ്രവർത്തിക്കണം സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയും ജില്ലാതലത്തിൽ കളക്ടർമാരും പ്രവർത്തനങ്ങളുടെ ഏകോപനം ഉറപ്പാക്കണമെന്നും യോഗത്തിൽ തീരുമാനമായി.

യോഗത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ, റവന്യു വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വകുപ്പ് സെക്രട്ടറിമാർ, ജില്ലാകളക്ടർമാർ, വിവിധ സേനാ പ്രതിനിധികൾ, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്, ജ്യോഗ്രഫിക്കൽ സർവേ ഓഫ് ഇൻഡ്യ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ഇൻഡ്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ സ്ഥാനമൊഴിയുന്നത്, എന്തിന് വേണ്ടിയാണ് ഈ പണം ചെലവാക്കി?'; ചോദ്യവുമായി ചെന്നിത്തല
അഞ്ച് വർഷത്തേക്ക് അഞ്ച് പ്രവർത്തന അജണ്ട; ദൗത്യം പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ