
വയനാട്: വേനല്‍ കടുത്തതോടെ കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്. എന്നാല്‍ കുടിവെള്ള ക്ഷാമം മൂലം വിവാഹച്ചടങ്ങുകള്‍ വരെ പതിവ് തെറ്റിച്ച് നടത്തേണ്ടി വന്നിരിക്കുകയാണ് വയനാട്ടിലെ മരക്കടവില്‍. വിവാഹത്തിന് സദ്യ ഒരുക്കാന്‍ വെള്ളമില്ലാതെ വന്നതോടെ ബുദ്ധിമുട്ടിലായ വധുവിന്‍റെ വീട്ടുകാര്‍ ഒടുവില്‍ വിവാഹം വരന്‍റെ വീട്ടില്‍ നടത്തി ചടങ്ങ് ഭംഗിയാക്കി. വേടെഗൗഡ സമുദായത്തില്‍പ്പെട്ട ഇവര്‍ പതിവ് രീതികള്‍ തെറ്റിച്ചാണ് മരക്കടവിൽ നാഗേഷിന്റെയും ശോഭയുടെയും വിവാഹം നടത്തിയത്.
സാധാരണയായി വിവാഹം നടത്താറുള്ളത് വധുവിന്‍റെ വീട്ടിലാണ്. വരനും സംഘവും വധുവിന്‍റെ വീട്ടിലെത്തി വിവാഹ ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങുന്ന രീതിയാണ് രൂക്ഷമായ വരള്‍ച്ചയില്‍ മാറ്റേണ്ടി വന്നത്. പനവല്ലി മിച്ചഭൂമിയിലെ ചിന്നപ്പയുടെയും അമ്മിണിയുടെയും മകളായ ശോഭയും ഈസ്റ്റ് മരക്കടവ് കുള്ളക്കരിയിൽ എങ്കിട്ടന്റെയും അമ്മിണിയുടെയും മകനായ നാഗേഷും തമ്മിലുള്ള വിവാഹമാണ് പതിവിന് വിപരീതമായി നടത്തിയത്.
രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പനവല്ലി മിച്ചഭൂമിയിൽ വാഹനത്തിലാണ് പ്രദേശവാസികൾക്ക് കുടിവെള്ളമെത്തിക്കുന്നത്. നൂറോളം കൂടുംബങ്ങളാണ് പനവല്ലി കോളനിയിലുള്ളത്. വെള്ളം നല്‍കുന്ന പാൽവെളിച്ചം എന്ന പദ്ധതിയിൽ പല ദിവസവും വെള്ളമുണ്ടാവാറില്ലെന്ന് വധുവിന്റെ ബന്ധുക്കൾ പറഞ്ഞു.
കല്യാണം ഉറപ്പിച്ചതിനു ശേഷം പനവല്ലിയില്‍ വരൾച്ച രൂക്ഷമായി. വെള്ളമില്ലാതെ കല്യാണം നടത്തുന്നത് വെല്ലുവിളിയായപ്പോൾ കല്യാണം നീട്ടിവയ്ക്കാമെന്ന് ആലോചിച്ചു. സാഹചര്യം മനസ്സിലാക്കിയ വരനും കുടുംബവും ഇതോടെ വിവാഹം മരക്കടവിൽ നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. പനവല്ലിയിൽ നിന്നു രാവിലെ വാഹനങ്ങളിലെത്തിയ വധുവിനെയും ബന്ധുക്കളെയും വാദ്യമേളങ്ങളുടെയും കാളയുടെയും അകമ്പടിയോടെയാണ് വരന്‍റെ കുടുംബം സ്വാഗതം ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam