
മുവാറ്റുപുഴ: ഡിവൈഎഫ്ഐയുടെ ഏത് സമരത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴൽനാടൻ എം എൽ എ. ഭൂപതിവ്ചട്ടം ലംഘിച്ചുവെന്ന അരോപണത്തിലാണ് ഡിവൈഎഫ്ഐ എംഎല്‍എയ്ക്കെതിരെ സമരം പ്രഖ്യാപിച്ചത്. തൻറെ ഭാഗത്ത് തെറ്റൊന്നുമില്ലെന്ന് തനിക്ക് അറിയാമെന്നും റവന്യു വിഭാഗത്തിൻറെ സർവ്വേ നടക്കട്ടെയെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. വീട്ടിലുള്ള അമ്മയെയും സഹോദരിയെയും ബുദ്ധിമുട്ടിക്കരുതെന്ന് റവന്യൂ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ കൂട്ടിചേർത്തു.
ആരോപണം ഉയർന്നതിന് ശേഷം ആദ്യമായാണ് ഡിവൈഎഫ്ഐ പ്രത്യക്ഷ സമരത്തിലേക്ക് എത്തുന്നത്. 11 മണിയോടെ കച്ചേരിതാഴത്തുള്ള പാർട്ടിയുടെ എരിയ കമ്മിറ്റി ഓഫിസിന് മുൻപിലാണ് ഡിവൈഎഫ്ഐ മാർച്ച് തുടങ്ങുക. കുഴൽനാടൻറെ ഓഫീസിന് മുൻപിലാണ് സമരമെത്തുക. തുടർസമരങ്ങളുടെ പ്രഖ്യാപനം മാർച്ചിൽ ഉണ്ടാകുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതാക്കളും മാർച്ചിൽ പങ്കെടുക്കും. അക്രമം ഉണ്ടാകില്ലെന്ന് ഡിവൈഎഫ്ഐ അറിയിച്ചിട്ടുണ്ടെങ്കിലും പൊലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനുമെതിരെ നിയമസഭയിലും പുറത്തും കടുത്ത ആരോപണങ്ങൾ ഉന്നയിച്ച മാത്യു കുഴൽനാടനെ പൂട്ടാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി നടത്തിയ വാർത്താ സമ്മേളനം.
വീടുവയ്ക്കാൻ മാത്രം അനുവാദമുളളിടത്താണ് കുഴൽനാടൻ ചിന്നക്കനാലിൽ റിസോർട്ട് പണിതതെന്നും ഓൺലൈൻ സൈറ്റുകൾ വഴി റിസോർട്ടിലേക്ക് ബുക്കിങ് തുടരുന്നുണ്ടെന്നും നികുതി വെട്ടിപ്പിനെക്കുറിച്ചും റജിസ്ട്രേഷൻ ഫീ തട്ടിപ്പിനെക്കുറിച്ചും കൃത്യമായ മറുപടി നൽകാൻ പോലും മാത്യു കുഴൽനാടന് കഴിഞ്ഞില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയ സ്വത്തിന്‍റെ മുപ്പത് മടങ്ങ് എംഎൽഎയ്ക്കുണ്ടെന്നും വിദേശ നിക്ഷേപം കേന്ദ്ര സർക്കാർ പരിധികടന്നുളളതാണെന്നും കുഴൽനാടന്‍റെ ബിസിനസ് പങ്കാളികൾ ബെനാമികളാണെന്നതടക്കമുള്ള ആരോപണങ്ങളാണ് സിപിഎം ഉയർത്തിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam