
മലപ്പുറം: മലപ്പുറത്ത് വെസ്റ്റ് നൈല്‍ വൈറസ് പക്ഷികളില്‍ പടര്‍ന്നിട്ടില്ലെന്ന് പ്രാഥമിക നിഗമനം. പനി ബാധിച്ച് മരിച്ച ആറ് വയസുകാരൻ മുഹമ്മദ് ഷാന്‍റെ വേങ്ങരയിലെ വീടിന് സമീപത്ത് നിന്ന് കിട്ടിയ ചത്ത കാക്കകളില്‍ വൈറസ് ഇല്ലെന്ന് സ്ഥിരീകരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം.
ആലപ്പുഴയിലെ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലായിരുന്നു പരിശോധന നടത്തിയത്. വേങ്ങരയില്‍ നിന്ന് ശേഖരിച്ച കൊതുകുകളുടെ രക്തസാമ്പിളിന്‍റെ പരിശോധന ഫലം ഇതുവരെയും കിട്ടിയിട്ടില്ല. ഇത് കൂടി ലഭ്യമാകുന്നതോടെ വൈറസ് പടര്‍ന്നിട്ടുണ്ടോയെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും.
മലപ്പുറം ജില്ലയില്‍ വേങ്ങരയിലാണ് വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധിച്ച് ആറ് വയസുകാരൻ മുഹമ്മദ് ഷാൻ മരിച്ചിരുന്നു. മുഹമ്മദ് ഷാന് രോഗം സ്ഥിരീകരിച്ച സമയത്തുതന്നെ സമീപ പ്രദേശമായ തെന്നലയില്‍ ഏതാനും കാക്കകളും ചത്ത് വീണിരുന്നു. ഈ കാക്കകളില്‍ വൈറസ് ബാധിച്ചിട്ടുണ്ടോ എന്നാണ് പരിശോധന നടന്നത്. ഒപ്പം മുഹമ്മദ് ഷാന്‍റെ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടുകളുടേയും കോഴികളുടേയും രക്ത സാമ്പിളും പരിശോധനയ്ക്ക് അയച്ചിരുന്നു. ഇവയുടെ രാസപരിശോധന ഫലം ലഭ്യമായിട്ടില്ല.
വേങ്ങരയില്‍ നിന്ന് ആരോഗ്യവകുപ്പ് പിടികൂടിയ കൊതുകുകളുടെ രക്ത പരിശോധനാ ഫലവും ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. പക്ഷികളില്‍നിന്ന് കൊതുകുകള്‍ വഴിയാണ് വെസ്റ്റ് നൈല്‍ വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. ഈ സാഹചര്യത്തിലാണ് കാക്കകളേയും കൊതുകുകളേയും പരിശോധനയ്ക്ക് വിധേയമാക്കിയത്. വെസ്റ്റ് നൈല്‍ വൈറസ് പടര്‍ന്നിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെയും പ്രാഥമിക നിഗമനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam