
തിരുവനന്തപുരം: പിണറായി സർക്കാരിന്‍റെ നവകേരള ജനസദസിനായി എത്തിച്ച ആഡംബര ബസിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്. മന്ത്രിമാർ തന്നെ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും തമാശ പറഞ്ഞ് ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഏറെ സന്തോഷത്തോടെയാണ് വീഡിയോയിൽ എല്ലാവരും പോസ് ചെയ്തിരിക്കുന്നത്.ഇടയ്ക്ക സീറ്റൊക്കെ എല്ലാരും കാണട്ടെ എന്ന് പറയുന്നതും കേൾക്കാം. നവകേരള ജനസദസിന് കാസർകോട് തുടക്കമാകാനിരിക്കെയാണ് ഏറെ വിവാദമായ ബസിന്റെ ഉള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതൊരു സാധാരണ ബസാണെന്നും മാധ്യമ പ്രചാരണങ്ങൾ തെറ്റാണെന്നും മന്ത്രി വീണ ജോർജ് പറയുന്നു.
അതേസമയം, ബസിൽ വാർത്തകളിൽ പറയുന്നത് പോലെ വലിയ സൗകര്യങ്ങളില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. കാസർകോട് മാധ്യമപ്രവർകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രിഡ്‌ജോ ഓവനോ കിടപ്പു മുറിയോ ബസിൽ ഇല്ല. ആകെയുള്ളത് ശുചിമുറിയും ബസിൽ കയറാൻ ഓട്ടാമാറ്റിക് സംവിധാനവും മാത്രമാണ്. ഇതൊരു പാവം ബസാണെന്നും കൊലക്കേസ് പ്രതിയെ കാണുന്നത് പോലെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ബസ് സാധാരണക്കാരന് ബജറ്റ് ടൂറിസം പദ്ധതിക്കായി ഉപയോഗിക്കും. നവ കേരള സദസ്സ് കണ്ട് പ്രതിപക്ഷത്തിന് ഹാലിളകിയെന്നും അതിനാലാണ് ഈ തരത്തിൽ ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി വിമർശിച്ചു.
ആഡംബര ബസിന്‍റെ പ്രത്യേകതകൾ...
ഭാരത് ബെൻസിന്റെ ഒ.എഫ് 1624 എന്ന മോഡൽ ഷാസി ഉപയോഗിച്ചാണ് ബസിന്റെ നിർമ്മാണം. 240 കുതിരശക്തിയുള്ള 7200 സിസി എൻജിനും 380 ലിറ്റർ ഇന്ധനശേഷിയും ഈ ബസിനുണ്ട്. ഏകദേശം 38 ലക്ഷം രൂപയാണ് ഷാസിയുടെ എക്സ് ഷോറൂം വില. ഓൺ റോഡ് അത് 44 ലക്ഷം രൂപക്കടുത്തെത്തും. ഇത്തരം വാഹനങ്ങളുടെ ബോഡിയുടെ നിർമ്മാണച്ചിലവ് സൗകര്യങ്ങൾക്കനുസൃതമായി ഏറിയും കുറഞ്ഞുമിരിക്കും. മുന്നിലും പിന്നിലുമായി 2 വാതിലുകൾ. ശുചിമുറി അടക്കമുള്ള സൗകര്യങ്ങളാണ് അധികമായി ഒരുക്കിയത്.
Read more: നവ കേരള സദസ്സിന് പണം പിരിക്കാൻ ടാർജറ്റ് നിശ്ചയിച്ചു നൽകി: കോട്ടയത്ത് രാഷ്ട്രീയ വിവാദം
25 സീറ്റുകളാണ് ബസിലുള്ളത്. ഇതിനെല്ലാമായി ഏകദേശം 45 ലക്ഷത്തിനുമേലെ ചിലവുവരുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു. നിലവിലെ ട്രഷറി നിയന്ത്രണങ്ങളെ വരെ മറികടന്ന് 1 കോടി 5 ലക്ഷം രൂപയാണ് ബസ്സിനായി സർക്കാർ അനുവദിച്ചത്. പൂർണസൗകര്യമുള്ള യാത്രാ ബസ്സാക്കി മാറ്റാനുള്ള ഉത്തരവാദിത്വം സർക്കാർ ഏൽപ്പിച്ചത് എസ് എം കണ്ണപ്പ എന്ന തെന്നിന്ത്യയിലെ മികച്ച ഓട്ടോ മൊബൈൽ ഗ്രൂപ്പിനെയാണ്. കർണാടകയിലെ മണ്ഡ്യയിലുള്ള കണ്ണപ്പയുടെ ഫാക്ടറിയിലാണ് ബസിന്റെ ബോഡി നിർമ്മിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam