
തിരുവനന്തപുരം: അതിതീവ്ര മഴ, മേഘവിസ്ഫോടനം, മിന്നൽ പ്രളയം, കൊടും വരൾച്ച അങ്ങനെ കാലാവസ്ഥാ വ്യതിയാനങ്ങളുടെ (Climate Change) ദുരന്തങ്ങൾ കേരളം (kerala) തുടർച്ചയായി നേരിടുകയാണ്. അതിന്‍റെ കാരണങ്ങളെന്താണ്? പസഫിക് സമുദ്രത്തിലെ ഉഷ്ണ പ്രവാഹം മുതൽ അറബിക്കടലിലെ ന്യൂനമർദം വരെ കോട്ടയത്തും ഇടുക്കിയിലും വയനാട്ടിലുമൊക്കെ ദുരന്തമായി തീരുന്നത് എങ്ങനെയാണ്?
കേരളത്തിൻ്റെ കാലാവസ്ഥയില്‍ അസാധാരണമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. അടിക്കടിയുണ്ടാകുന്ന ന്യനമര്‍ദ്ദങ്ങള്‍ വലിയ മഴക്ക് കാരണമാകുന്നു. അപ്രതീക്ഷിത പേമാരി എല്ലാ വര്‍ഷവും സംസ്ഥാനത്ത് വെള്ളപ്പൊക്കവും വന്‍ നാശവും വിതച്ചു തുടങ്ങി. പക്ഷെ നമ്മുടെ ഇടവപ്പാതിയുടേയും തുലാവര്‍ഷത്തിന്‍റേയും രണ്ട് പതിറ്റാണ്ടിന്‍റെ കണക്കുകള്‍ പഠിക്കുന്ന ശാസ്ത്ര ലോകം പറയുന്നത് കേരളത്തില്‍ മഴ കുറഞ്ഞുവരുകയാണെന്നാണ്.
പക്ഷെ മറ്റൊരപകടമുണ്ട്. പെയ്യുന്ന മഴ അതിതീവ്രമാണ്. നമ്മുടെ നാട്ടുമ്പുറത്തുള്ളവര്‍ പറയാറില്ലേ ഇപ്പോഴത്തെ മഴത്തുള്ളിക്ക് വലുപ്പം കൂടുതലാണ്. അല്പനേരം പെയ്താല്‍ തന്നെ വെള്ളം നിറയുമെന്ന്. അതാണ് ഇപ്പോഴത്തെ യാഥാര്‍ത്ഥ പ്രശ്നം. അതായത് അന്തരീക്ഷ വായുവിന് ഈര്‍പ്പത്തിനെ, അതായത് വെള്ളത്തിനെ പിടിച്ചു നിര്‍ത്താനുള്ള ശേഷി കൂടി. അതോടെ ഓരോ മഴയും വെള്ളപ്പൊക്കത്തിന് കാരണമാകുന്ന സ്ഥിതിയായി. സാധാരണ 24 മണിക്കൂറില്‍ 24 സെന്‍റീമീറ്റര്‍ മഴ പെയ്യുമ്പോഴാണ് അതി തീവ്രമഴ എന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയാറുള്ളത്. എന്നാല്‍ ഇത്തവണ വെറും 15 മിനിട്ടില്‍ ചില സ്ഥലങ്ങളില്‍ ആറും ഏഴും സെന്‍റീമീറ്റര്‍ മഴ വരെ പെയ്യുന്നുണ്ട്. ഇതാണ് കേരളം ഇപ്പോള്‍ നേരിടുന്ന വലിയ അപകടം.
ഈ മഴയുടെ പാറ്റേണ്‍ മാറുന്നതിന് നിരവധി കാരണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം കടലിലെ മാറ്റമാണ്. പസഫിക് കടലില്‍ നിന്നു വരുന്ന അതിശക്തമായ ഉഷ്ണപ്രവാഹം ഇന്ത്യൻ മഹാസമുദ്രത്തിലും അറബിക്കടലിലും ഉണ്ടാക്കുന്ന മാറ്റമാണ് പ്രധാന കാരണം. കടല്‍ ചൂടുപിടിക്കുന്നതുണ്ടാക്കുന്ന ഈ വലിയ അപകടം കേരളത്തെയാണ് ഇപ്പോള്‍ ബാധിക്കുന്നത്. അറബിക്കടലില്‍ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും കൂടിവരുന്നു എന്നാണ് കണക്ക്. അറബിക്കടലിനാണ് ഇപ്പോള്‍ ബംഗാള്‍ ഉള്‍ക്കടലിനേക്കാള്‍ കൂടുതല്‍ ചൂട്. ഇത്രയും നാള്‍ ഇത് നേരെ മറിച്ചായിരുന്നു. ഇതെല്ലാം കാലാവസ്ഥയിലും മഴയിലും വലിയ മാറ്റമുണ്ടാക്കാന്‍ പോവുകയാണ്.
ഇടവപ്പാതിയും തുലാവര്‍ഷവുമെന്ന പതിവ് മഴക്കാല പാറ്റേണ്‍ കേരളത്തില്‍ നിന്നും മാറുകയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. മഴ കുറവ് ലഭിച്ചിരുന്ന ഏപ്രില്‍ മെയ് മാസങ്ങളില്‍ കൂടുതല്‍ മഴ കിട്ടുന്നതും വലിയ മഴ പെയ്യുന്ന ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മഴ കുറയുന്നതും നമ്മള്‍ ഏതാനും വര്‍ഷങ്ങളായി കാണുന്നു. മുന്‍കൂട്ടി പ്രവചിക്കാനാകാതെ ന്യൂനമര്‍ദ്ദങ്ങള്‍ കേരള തീരത്തേക്ക് എത്തുന്നു. ഇവയെല്ലാം നല്‍കുന്ന സൂചന കേരളത്തില്‍ മഴയുടെ പാറ്റേണില്‍ വലിയ മാറ്റമുണ്ടാകാന്‍ പോകുന്നു എന്നാണ്. അതായത് വരും വര്‍ഷങ്ങളിലും കേരളത്തില്‍ സമാനമായ അതിതീവ്ര മഴ ഉണ്ടാകുമെന്ന് ഉറപ്പാണ്. സമാനമായ ദുരന്തങ്ങള്‍ ഇനിയും ഉണ്ടാകാനുള്ള സാധ്യതയും ശാസ്ത്രലോകം പ്രവചിക്കുന്നുണ്ട്. തീവ്ര മഴയുടെ ആഘാതം പരമാവധി കുറക്കുന്ന രീതിയിലേക്ക് നമ്മുടെ മുന്നൊരുക്കങ്ങളും നയങ്ങളും ഇനി മാറണമെന്നാണ് ഇവ നല്‍കുന്ന സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam