
ആലപ്പുഴ: സിപിഎമ്മിനോട് ഇടഞ്ഞു നിൽക്കുന്ന മുതിർന്ന നേതാവ് ജി സുധാകരൻ മൗനം തുടരുകയാണ്. പാർട്ടി മെമ്പർഷിപ്പ് പുതുക്കുന്നതിൽ സുധാകരൻ ഇതുവരെ ഉറപ്പ് പറഞ്ഞിട്ടില്ല. ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിൽ എത്തുന്നുണ്ട്. സുധാകരനെ അനുനയിപ്പിക്കാൻ പിണറായി വിജയൻ ഇടപെടുമോ എന്നാണ് അറിയാനുള്ളത്. എം എ ബേബി ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ടെങ്കിലും സുധാകരൻ അനുനയത്തിന് വഴങ്ങിയില്ല. എന്നാൽ സിപിഎമ്മിനെ കുഴപ്പത്തിലാക്കുന്ന നീക്കം സുധാകരനിൽ നിന്നുണ്ടാവില്ല എന്നാണ് സിപിഎം കരുതുന്നത്. അതേസമയം സുധാകരൻ മനസ്സ് തുറക്കാത്തിനാൽ കോണ്‍ഗ്രസ് ക്യാംപ് സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്. പെട്ടെന്നൊരു പ്രതികരണം വേണ്ട എന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കൾ.
പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന് ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. അംഗത്വ ഫോറം പൂരിപ്പിച്ച് നൽകില്ലെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഫോണിൽ വിളിച്ചപ്പോഴും സുധാകരൻ ആവർത്തിച്ചു. താൻ അവഗണിക്കപ്പെടുന്നതിന്‍റെ വേദനയും ജി സുധാകരൻ പങ്കുവച്ചു. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിൽ എത്തിയശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പൊതുപരിപാടികളിൽ അവഗണിച്ചു. എം വി ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്നു പറഞ്ഞു. എം വി ഗോവിന്ദന്‍റേത് ശരിയല്ലാത്ത പ്രയോഗമാണ്. പാര്‍ട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചിട്ടും ആരും തിരുത്തിയില്ലെന്നും ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നടിച്ചിരുന്നു. അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം ആഘോഷിച്ചപ്പോൾ തനിക്ക് ക്ഷണക്കത്ത് പോലും നൽകിയില്ല. ആദർശ ആശയങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം നിൽക്കുമെന്നും ജി സുധാകരൻ വ്യക്തമാക്കുകയുണ്ടായി.
നിയമസഭാ സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് നേതൃത്വത്തിനെതിരെ ജി സുധാകരന്‍റെ കടന്നാക്രമണം. വാർത്താ സമ്മേളനത്തിലെ എം വി ഗോവിന്ദന്‍റെ പരാമർശം പങ്കുവെച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം സുധാകരൻ പാർട്ടിയുടെ കരുത്താണെന്നും അദ്ദേഹത്തിൽ നിന്ന് പാർട്ടിക്ക് ദോഷമുണ്ടാകുന്ന ഒന്നും സംഭവിക്കില്ലെന്നും എം എ ബേബി മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം ചില പരിഭവങ്ങൾ പറഞ്ഞുവെന്ന് മാത്രം. മാധ്യമങ്ങൾ പ്രശ്നമുണ്ടാക്കേണ്ട. നിർണായകമായ തെരഞ്ഞെടുപ്പിൽ ജി സുധാകരന്റെ കഴിവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തും. താനടക്കമുള്ള നേതാക്കൾ അദ്ദേഹവുമായി സംസാരിക്കുന്നുണ്ടെന്നും എം എ ബേബി പറഞ്ഞു. അതേസമയം ജി സുധാകരനുമായി വ്യക്തിബന്ധമുണ്ടെന്നും ബഹുമാനവും ആദരവുമുള്ള നേതാവാണ് അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. മന്ത്രിയായിരുന്ന കാലത്തും ആദരവോടെ അല്ലാതെ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. അദ്ദേഹം വിമര്‍ശിക്കാറുണ്ടായിരുന്നെങ്കിലും അദ്ദേഹത്തോട് എന്നും ആദരവാണെന്നും വി ഡി സതീശൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam