
കൊച്ചി: കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നത് അറിഞ്ഞാൽ എന്താണ് ചെയ്യേണ്ടതെന്ന് രക്ഷിതാക്കള്‍ക്ക് പലര്‍ക്കും അറിയില്ലെന്നും അത്തരം സാഹചര്യങ്ങളിൽ ഭയപ്പെടാതെ ആത്മധൈര്യത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം കമ്മീഷണര്‍ വിവേക്. ലഹരിക്കും അക്രമങ്ങള്‍ക്കുമെതിരെ സന്ദേശവുമായി ഏഷ്യാനെറ്റ് ന്യൂസിന്‍റെ മെഗാ ലൈവത്തോണിൽ സംസാരിക്കുകയായിരുന്നു വിവേക്. കുട്ടികൾ ലഹരി ഉപയോഗിക്കുന്നു എന്ന സംശയം തോന്നിയാൽ ഉടൻ അന്വേഷണ ഏജൻസികളെ ബന്ധപ്പെടാൻ രക്ഷിതാക്കൾ ഭയക്കരുതെന്ന് കസ്റ്റംസ് സൂപ്രണ്ട് വിവേക് പറഞ്ഞു.
രക്ഷിതാക്കള്‍ ആത്മധൈര്യം കൈവിടാതെ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. പൊലീസിനെയും എക്സൈസിനെയും സമീപിക്കാൻ പേടിച്ചിട്ട് മുമ്പ് ഒരു രക്ഷിതാവ് കസ്റ്റംസിനെ സമീപിച്ചിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് സംഭവം. ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ ബാഗിൽ നിന്ന് പിതാവ് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. അത് അന്വേഷിച്ചു പോയപ്പോള്‍ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സഹോദരനിൽ നിന്നാണ് ഏഴാം ക്ലാസുകാരന് കഞ്ചാവ് കിട്ടിയതെന്ന് മനസിലായി. ഷോപ്പിങ് കോംപ്ലക്സിന് സമീപത്തുവെച്ച് മറ്റൊരാളാണ് ഒമ്പതാം ക്ലാസുകാരന് കഞ്ചാവ് കൊടുത്തതെന്നും കണ്ടെത്തുകയും ചെയ്തിരുന്നുവെന്നും കസ്റ്റംസ് സൂപ്രണ്ട് വിവേക് പറഞ്ഞു.
അന്വേഷണ ഏജന്‍സികളെ അറിയിച്ചാൽ കുട്ടികളെ ലഹരിയിൽ നിന്ന് മോചിപ്പിക്കാനുള്ള പല മാര്‍ഗങ്ങളുമുണ്ട്. ആശുപത്രികളുമായി ചേര്‍ന്നുകൊണ്ട് അവരെ ലഹരിയിൽ നിന്ന് മോചിപ്പിക്കാനുള്ള പദ്ധതികളുണ്ട്. അതിനാൽ തന്നെ തളരാതെ കാര്യങ്ങള്‍ സംയമനത്തോടെ കൈകാര്യം ചെയ്യണം. പുറത്തറിഞ്ഞാൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന രീതിയിൽ മക്കളെ ബ്രാന്‍ഡ് ചെയ്യപ്പെടുമോയെന്ന ഭയമാണ് രക്ഷിതാക്കള്‍ക്കുള്ളത്. എന്നാൽ, കുട്ടികളുടെ പേരുവിവരങ്ങള്‍ അടക്കം രഹസ്യമാക്കിയായിരിക്കും അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക.
സ്പോർട്സിന് രക്ഷിതാക്കളും അധ്യാപകരും കാര്യമായ പരിഗണന കൊടുക്കാത്തതും ലഹരി വ്യാപനത്തിന് കാരണമാകുന്നുണ്ടെന്നും മുൻ അന്തർദേശീയ ബാസ്ക്കറ്റ്ബോൾ താരം കൂടിയായ വിവേക് പറഞ്ഞു. സ്കൂളുകളിൽ പഠനം മാത്രമാകുകയാണ്. സ്പോര്‍ട്സിന് പ്രധാന്യം നൽകണം. കുട്ടികള്‍ ലഹരിയിലേക്ക് തിരിയാതിരിക്കാൻ അവര്‍ സ്കൂളിൽ നിന്ന് വീട്ടിലെത്തിയാൽ അവര്‍ക്ക് എന്തെങ്കിലും ചെയ്യാൻ കാര്യങ്ങള്‍ വേണം. അതിന് സ്പോര്‍ട്സ് ഏറ്റവും മികച്ച ഒരു ആക്ടീവിറ്റിയാണ്. ലഹരിയ്ക്ക് എതിരായി മാരത്തൺ നടത്തുന്നത് എന്തിനാണെന്ന് ഇതുവരെ മനസിലായിട്ടില്ല. മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരാൾ മാരത്തൺ ഓടുകയുമില്ല. മാരത്തണിൽ പങ്കെടുക്കുന്ന ആൾ മയക്കുമരുന്ന് ഉപയോഗിക്കുകയുമില്ലെന്നും വിവേക് പറഞ്ഞു.
'ലഹരിക്കെതിരെ എല്ലാവരും ഒരുമിക്കേണ്ട സമയം അതിക്രമിച്ചു, സർക്കാരുമായി സംസാരിക്കും'; ഗവർണർ രാജേന്ദ്ര അർലേക്കർ