എം എം മണിയുടെ പരാമര്‍ശം സ്പീക്കര്‍ തള്ളി, മുഖ്യമന്ത്രി വെട്ടിലായോ; ഇനി നീക്കം എന്ത്?

Published : Jul 20, 2022, 03:27 PM IST
എം എം മണിയുടെ പരാമര്‍ശം സ്പീക്കര്‍ തള്ളി, മുഖ്യമന്ത്രി വെട്ടിലായോ; ഇനി നീക്കം എന്ത്?

Synopsis

മണിയ്ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നപ്പോഴും മുഖ്യമന്ത്രി അദ്ദേഹത്തെ ന്യായീകരിച്ചത് പാര്‍ട്ടി നേതൃത്വത്തെ അമ്പരപ്പിച്ചിരുന്നു. കെ കെ രമയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പിന്നീട് ധാരണയായതിനെ തുടര്‍ന്നാണ് സ്പീക്കറുടെ റൂളിംഗും മണിയുടെ തിരുത്തുമെല്ലാം വന്നിരിക്കുന്നത്.  

തിരുവനന്തപുരം: കെ കെ രമയ്ക്കെതിരായ  എം എം മണിയുടെ പരാമര്‍ശം ശക്തമായ ഭാഷയില്‍ സ്പീക്കര്‍ എം ബി രാജേഷ് തള്ളിക്കളയുമ്പോള്‍ വെട്ടിലാകുന്നത് മണിയെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ്. മണിയ്ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നപ്പോഴും മുഖ്യമന്ത്രി അദ്ദേഹത്തെ ന്യായീകരിച്ചത് പാര്‍ട്ടി നേതൃത്വത്തെ അമ്പരപ്പിച്ചിരുന്നു. കെ കെ രമയെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പിന്നീട് ധാരണയായതിനെ തുടര്‍ന്നാണ് സ്പീക്കറുടെ റൂളിംഗും മണിയുടെ തിരുത്തുമെല്ലാം വന്നിരിക്കുന്നത്.

'എന്തോ അപമാനിച്ചു' എന്നാണ് പ്രതിപക്ഷം കാരണം മണി പറഞ്ഞതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മണിയുടെ പ്രസംഗം താൻ കേട്ടു. അവർ വിധവയായതിൽ തങ്ങൾക്ക് പങ്കില്ല എന്നാണ് പറഞ്ഞത്. മഹതി എന്നു വിളിച്ചത് അപകീർത്തികരമല്ല. പ്രധാന ചർച്ചകൾ വരുമ്പോൾ ഇത്തരത്തിൽ ബഹളം ഉണ്ടാക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രവണത. ഇന്നും അത് ആവർത്തിച്ചു. മണി അദ്ദേഹത്തിന്റെ അനുഭവം പറഞ്ഞതാണെന്നും മുഖ്യമന്ത്രി സഭയിൽ പ്രതികരിച്ചിരുന്നു. 

Read Also: 'കെ കെ രമക്കെതിരായ എം എം മണിയുടെ അധിക്ഷേപത്തിന് പിന്നില്‍ മുഖ്യമന്ത്രി, അത് അഹന്തയുടെ ഭാഷ' ചെന്നിത്തല

എം എം മണിയുടെ വിവാദ പരാമര്‍ശത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഈ ന്യായീകരണം പ്രതിപക്ഷത്തെയും  സിപിഎമ്മിലെ തന്നെ മറ്റ് എംഎല്‍എമാരെയും അമ്പരപ്പിച്ചു. പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണനും സമാന നിലപാടെടുത്തു. വാക്കുകളുടെ അര്‍ഥം പറഞ്ഞ് മണിയെ ന്യായീകരിക്കാനായിരുന്നു ശ്രമം. മഹതി, ഉത്തരവാദിത്തം, വിധി എന്നീ വാക്കുകളില്‍ എവിടെയാണ് തെറ്റെന്ന് മുഖ്യമന്ത്രി ചോദിച്ചതോടെ എം എം മണി അതേറ്റ് പിടിച്ച് തന്‍റെ വിമര്‍ശനം തുടര്‍ന്നു കൊണ്ടിരുന്നു. പിബി യോഗത്തിന് ദില്ലിയിലെത്തിയ മുഖ്യമന്ത്രിയോട് വിവാദത്തെ കുറിച്ച് ചോദിച്ചപ്പോഴും പരിഹാസമായിരുന്നു മറുപടി. സാധാരണ മിണ്ടാതെ പോകാറുള്ള അദ്ദേഹം അന്ന് മഴയെക്കുറിച്ച് പറഞ്ഞു.

Read Also; 'നിരന്തരം വേട്ടയാടുന്നു, പക്ഷേ തള‍ര്‍ത്താമെന്ന് കരുതണ്ട', മണിയെ മുഖ്യമന്ത്രി തിരുത്തുമെന്ന് കരുതി': കെ കെ രമ 

സമകാലിക സാമൂഹ്യബോധവും പൊതുബോധവും പുരോഗമന കാഴ്ചപ്പാടുമൊക്കെ എടുത്ത് പറഞ്ഞ് ശക്തമായ ഭാഷയില്‍ സ്പീക്കര്‍ മണിയേയും മുഖ്യമന്ത്രിയേയുമൊക്കെ തള്ളുമ്പോള്‍ തെറ്റ് ഏറ്റുപറഞ്ഞ മണിയുടെ പാത മുഖ്യമന്ത്രി സ്വീകരിക്കുമോ എന്നാണിനി അറിയേണ്ടത്. വിവാദത്തില്‍ കെകെ രമയ്ക്ക് പൂര്‍ണ പിന്തുണ അറിയിച്ച ആനിരാജയെ തള്ളിപ്പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിലപാടും ഇനി അറിയേണ്ടതുണ്ട്. സഭയ്ക്കകത്തെ വിഷയം സഭയില്‍ അവസാനിച്ചെങ്കിലും സഭക്ക് പുറത്ത് ഇനിയും ചര്‍ച്ച തുടരാനാണ് സാധ്യത.

Read Also: 'പരാമര്‍ശം അനുചിതവും അസ്വീകാര്യവും'; മണിയെ തള്ളി സ്പീക്കര്‍ പറഞ്ഞതിന്‍റെ പൂര്‍ണ്ണ രൂപം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശശി തരൂർ വീണ്ടും ഉടക്കിൽ?; മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധി അവഗണിച്ചെന്ന് പരാതി
ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ ദേവപ്രശ്ന വിധി പ്രകാരം; തീരുമാനമെടുത്തത് എം പി ഗോവിന്ദന്‍ നായരുടെ ബോര്‍ഡ്