Asianet News MalayalamAsianet News Malayalam

'നിരന്തരം വേട്ടയാടുന്നു, പക്ഷേ തള‍ര്‍ത്താമെന്ന് കരുതണ്ട', മണിയെ മുഖ്യമന്ത്രി തിരുത്തുമെന്ന് കരുതി': കെ കെ രമ 

നിരന്തരമായി തന്നെ വേട്ടയാടുകയാണ്. മണിയുടെ പ്രസ്താവന മുഖ്യമന്ത്രി തിരുത്തും എന്ന് പ്രതീക്ഷിച്ചുവെന്നും കെകെ രമ പറഞ്ഞു. 

kk rema response about mm mani controversial speech in niyama sabha
Author
Thiruvananthapuram, First Published Jul 14, 2022, 8:04 PM IST

തിരുവനന്തപുരം : നിയമസഭയിൽ സിപിഎം എംഎൽഎ, എംഎം മണി നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ പ്രതികരിച്ച് വടകര എംഎൽഎ കെകെ രമ. അധിക്ഷേപങ്ങളിലൂടെ തന്നെ തളർത്താമെന്ന് കരുതണ്ടെന്നും ശക്തമായ വിമർശനം ഇനിയും ഉന്നയിക്കുമെന്നും കെകെ രമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിരന്തരമായി തന്നെ വേട്ടയാടുകയാണ്. മണിയുടെ പ്രസ്താവന മുഖ്യമന്ത്രി തിരുത്തും എന്ന് പ്രതീക്ഷിച്ചുവെന്നും കെകെ രമ പറഞ്ഞു. 

'ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല'- എന്നായിരുന്നു എംഎം മണിയുടെ നിയമസഭയിലെ പ്രസംഗം.ഇതിനെതിരെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. നടുക്കളത്തിലിറങ്ങി പ്രതിഷേധം ശക്തമായതോടെ ഒരു ഘട്ടത്തിൽ സഭ നിര്‍ത്തി വെക്കേണ്ടി വന്നു. പത്ത് മിനിറ്റിന് ശേഷം സ്പീക്കർ സഭ നടപടികൾ പുനരാരംഭിച്ചതോടെ പ്രസംഗത്തെ തിരുത്താതെ ന്യായീകരിച്ച് മണി വീണ്ടുമെത്തി. ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തന്റെ വീക്ഷണത്തിൽ തോന്നിയ കാര്യമാണ് പറഞ്ഞതെന്നുമാണ് മണിയുടെ ന്യായീകരണം.മുഖ്യമന്ത്രി പിണറായി വിജയനും മണിയെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. 

'ആ മഹതി വിധവയായിപ്പോയി, അതവരുടെ വിധി': എംഎം മണി; തോന്നിവാസം പറയരുതെന്ന് പ്രതിപക്ഷം

'എന്തോ അപമാനിച്ചു' എന്നാണ് പ്രതിപക്ഷം കാരണം പറഞ്ഞതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മണിയുടെ പ്രസംഗം താൻ കേട്ടു. അവർ വിധവയായതിൽ ഞങ്ങൾക്ക് പങ്കില്ല എന്നാണ് പറഞ്ഞത്. മഹതി എന്നു വിളിച്ചത് അപകീർത്തികരമല്ല. പ്രധാന ചർച്ചകൾ വരുമ്പോൾ ഇത്തരത്തിൽ ബഹളം ഉണ്ടാക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രവണത. ഇന്നും അത് ആവർത്തിച്ചു. മണി അദ്ദേഹത്തിന്റെ അനുഭവം പറഞ്ഞതാണെന്നും മുഖ്യമന്ത്രി സഭയിൽ പ്രതികരിച്ചു. 

എന്നാൽ അതേ സമയം, മണിയുടെ പ്രസംഗത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. വടകര എംഎൽഎ കെകെ രമയ്ക്ക് എതിരായ അധിക്ഷേപ പ്രസംഗത്തിൽ എംഎം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ ആവശ്യപ്പെട്ടു. ക്രൂരവും നിന്ദ്യവും മര്യാദകേടുമാണ് മണിയുടെ പ്രസംഗമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ടിപിയുടെ രക്തം കുടിച്ചത് മതിയായില്ലേയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. കുലംകുത്തിയെന്ന് വിളിച്ച് ടിപിയുടെ കൊലയാളികളെ പ്രോൽസാഹിപ്പിച്ചു. മുഖ്യമന്ത്രി വിഷയത്തിൽ മ്ലേച്ഛമായി പ്രതികരിക്കുന്നു. ശക്തമായ പ്രതിഷേധം യുഡിഎഫ് ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കെകെ രമ ഞങ്ങളുടെ സഹോദരിയാണ്. വിധിയാണ് എന്ന് എംഎം മണി പറഞ്ഞത് സംഭവിക്കേണ്ടതാണ് എന്നർത്ഥത്തിലാണ്. പരാമ‍ര്‍ശം  സഭാ രേഖയിൽ നിന്ന് നീക്കാത്തത് അപലപനീയമാണെന്ന് എംകെ മുനീറും പ്രതികരിച്ചു. 
 


 

Follow Us:
Download App:
  • android
  • ios