
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കോട്ടകളെ പൊട്ടിച്ചുകൊണ്ട് മികച്ച മുന്നേറ്റമാണ് എൽഡിഎഫ് നടത്തിയത്. സംസ്ഥാന സർക്കാരിനെതിരായ ലൈഫ്, സ്വർണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങൾ മുഖ്യ പ്രചാരണ വിഷയമായെങ്കിലും തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചു. വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും എണ്ണിപ്പറഞ്ഞായിരുന്നു എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതേസമയം, ഇത്തവണ എല്ലാവരും ഉറ്റുനോക്കിയത് കേരള കോണ്‍ഗ്രസ് എമ്മിലെ പിളര്‍പ്പും ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനവും ആയിരുന്നു. മുന്നണികളെ ഞെട്ടിച്ചുകൊണ്ട് ചരിത്രത്തിലാദ്യമായി പാലാ കോട്ട പിടിച്ചെടുക്കാൻ ജോസിലൂടെ എൽഡിഎഫിന് സാധിക്കുകയും ചെയ്തു.
തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ ചെണ്ട കൊട്ടി ജയിക്കുമെന്നായിരുന്നു പിജെ ജോസഫ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ രണ്ടില വിടരുന്നതും ചെണ്ട പൊളിഞ്ഞുവീണതും ആണ് കേരളം കണ്ടത്. ജോസ് കെ മാണിയെ കിട്ടുന്ന അവസരങ്ങളില്‍ എല്ലാം പരിഹസിച്ച പിജെ ജോസഫിന്റെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിൽ ആക്കിയിരിക്കുകയാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
ജോസ് കെ മാണിയില്ലാത്ത ജോസഫ് യുഡിഎഫിന് ഗുണം ചെയ്യുമോ, അതോ ജോസ് കെ മാണിയുള്ള എല്‍ഡിഎഫ് വിജയം കൊയ്യുമോ എന്നായിരുന്നു പ്രധാനമായി ഉയർന്ന ചോദ്യം. അതിനുളള ഉത്തരവും ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കി കഴിഞ്ഞു.
കേരള കോണ്‍ഗ്രസ് എമ്മിലെ മുതിര്‍ന്നവരും പ്രമുഖരുമായി നേതാക്കളെ കൂടെ നിര്‍ത്തിയ പിജെ ജോസഫിന്, പക്ഷേ അണികളെ കൂടെ നിര്‍ത്താന്‍ ആയില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. ജോസിന്റെ സ്ഥാനാര്‍ത്ഥികളുമായി നേരിട്ട് ഏറ്റുമുട്ടിയ സ്ഥലങ്ങളില്‍ ഒട്ടുമിക്ക സ്ഥലങ്ങളിലും തോൽക്കാനായിരുന്നു വിധി.
സ്വന്തം കോട്ടയായ തൊടുപുഴയില്‍ പോലും ജോസഫ് നേരിട്ടത് കനത്ത പരാജയമാണ്. ഇടുക്കി ജില്ലയിലെ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ മത്സരിച്ച അഞ്ച് സീറ്റുകളിലും ജോസഫിന്റെ സ്ഥാനാര്‍ത്ഥികള്‍ തോറ്റു. അതേസമയം മത്സരിച്ച നാലെണ്ണത്തില്‍ മൂന്നെണ്ണത്തിലും വിജയിച്ച് ജോസിന്റെ പാര്‍ട്ടി ഇവിടെ കരുത്ത് തെളിയിക്കുകയും ചെയ്തു.
ജോസിനും ജോസഫിനും ഏറ്റവും നിര്‍ണായകമായിരുന്നത് പാലാ മുനിസിപ്പാലിറ്റി ആയിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട യുഡിഎഫ് ഭരണത്തിന് ഇന്ന് തിരശ്ശീല വീഴുകയും ചെയ്തു. പാല നഗരസഭയിലെ സിറ്റിങ് കൗണ്‍സിലര്‍മാരില്‍ പലരും ജോസഫിനൊപ്പം ചേര്‍ന്നെങ്കിലും അവിടെയും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പാലാ നഗരസഭയുടെ 68 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇടതു മുന്നണി ഭരണം പിടിക്കുന്നത്.
കേരള കോൺഗ്രസ് എം എന്ന പാർട്ടി പേരും രണ്ടില എന്ന പാർട്ടി ചിഹ്നവും ജോസ് കെ മാണിയ്ക്ക് കിട്ടിയപ്പോൾ തന്നെ പാതി പരാജയം ഏറ്റുവാങ്ങേണ്ടി വന്നു പിജെ ജോസഫിന്. പാർട്ടി ചിഹ്നം കിട്ടിയപ്പോൾ തന്നെ ജോസ് കെ മാണിയുടെ ആത്മവിശ്വാസം ഉയരുകയും ചെയ്തു. ജോസ് കെ മാണി വിഭാഗവുമായി യോജിച്ച് മത്സരത്തിനിറങ്ങിയ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ വലിയ നേട്ടം കൊയ്യാൻ ഇടത് മുന്നണിക്കും സാധിച്ചു. കോട്ടയം ഇടുക്കി എറണാകുളം എന്നീ ജില്ലകളിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ ഇത് പ്രകടവുമാണ്.
പിളര്‍പ്പിന് മുമ്പ് മത്സരിച്ച സീറ്റുകള്‍ തന്നെ ഇത്തവണയും കിട്ടണം എന്നായിരുന്നു ജോസഫിന്റെ വാശി. ഒരു പരിധിവരെ യുഡിഎഫിന് അത് അംഗീകരിച്ച് കൊടുക്കേണ്ടിയും വന്നു. എന്നാല്‍ ഈ കണക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ ജോസഫിന് കടുത്ത വെല്ലുവിളിയാകും എന്ന് ഉറപ്പായിക്കഴിഞ്ഞു.
യുഡിഎഫിന്റെ മുഖ്യ കോട്ടയായിരുന്നു കോട്ടയം. ഏറ്റവും നിര്‍ണായകമായ കോട്ടയം ജില്ലാ പഞ്ചായത്ത് ഇത്തവണ എല്‍ഡിഎഫ് അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചടക്കിയിരിക്കുകയാണ്. പാലാ മുൻസിപ്പാലിറ്റിയിലെ 14 വാര്‍ഡിൽ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികൾ ജയിച്ചു. യുഡിഎഫിന് എട്ട് വാര്‍ഡിൽ മാത്രമാണ് ജയിച്ച് കയറാൻ കഴിഞ്ഞത്. 13 ഇടത്ത് മത്സരിച്ച ജോസഫ് വിഭാഗം ജയിച്ചത് 3 ഇടത്ത് മാത്രം.
ജോസ്, ജോസഫ് പക്ഷങ്ങളുടെ ചെയര്‍മാൻ സ്ഥാനാര്‍ത്ഥികൾ എറ്റുമുട്ടിയ പത്താം വാര്‍ഡിൽ പിജെ ജോസഫിന്‍റെ ചെയര്‍മാൻ സ്ഥാനാര്‍ത്ഥിയെ വരെ പരാജയപ്പെടുത്തിയാണ് ജോസ് പക്ഷം മുന്നേറിയത്. ഇടതു മുന്നണി പ്രവേശത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ അഭിമാനപ്പോരാട്ടം കൂടിയാണ് കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇത്തവണ പാലായിലും കോട്ടയത്തും എല്ലാം പുറത്തെടുത്തിരുന്നത്.
അതേസമയം, തൊടുപുഴ മുനിസിപ്പാലിറ്റിയിൽ കോൺഗ്രസ് പരസ്യമായി കാലുവാരിയെന്നാണ് പിജെ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. കോട്ടയം ജില്ലാപഞ്ചായത്തിൽ യുഡിഎഫിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്തതിന് കാരണം കോൺഗ്രസാണ്. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് ചെറിയ മേധാവിത്വം നൽകി. ഈ തെരഞ്ഞെടുപ്പ് ഫലം നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അഭിമാനകരമാണ് വിജയമെന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം. ഇടതുമുന്നണി ഉജ്ജ്വല വിജയമാണ് നേടിയത്. എക്കാലവും യുഡിഎഫിനൊപ്പം നിന്ന ജില്ലയായിരുന്നു കോട്ടയം. യുഡിഎഫ് കോട്ടകളിലെല്ലാം ചരിത്രമാറ്റം സൃഷ്ടിക്കാൻ കഴിഞ്ഞു. യഥാര്‍ത്ഥ കേരളാ കോൺഗ്രസ് ആരെന്ന സംശയത്തിന് ജനം മറുപടി നൽകി. ചതിച്ച് പോയവര്‍ക്കും തള്ളി പറഞ്ഞവര്‍ക്കും ഉള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലം. ജനക്ഷേമ പദ്ധതികൾ മുൻനിര്‍ത്തി വലിയ സ്വീകാര്യത ഇടതു ഭരണത്തോട് ജനങ്ങൾക്ക് ഉണ്ടെന്നും ജോസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam