ആരാണ് ഷാനവാസ് പാദൂർ? കാസര്‍കോട് ലീഗ് കോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ എൽഡിഎഫ് തന്ത്രം

Published : Mar 21, 2026, 12:33 PM IST
Shanavas Padhoor

Synopsis

മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രമായ കാസർകോട് മണ്ഡലത്തിൽ, എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി ഷാനവാസ് പാദൂർ. വ്യക്തിപരമായ സ്വീകാര്യതയും യുവജനങ്ങൾക്കിടയിലെ സ്വാധീനവും ഉപയോഗിച്ച് ലീഗ് വോട്ടുകളിൽ വിള്ളലുണ്ടാക്കി രണ്ടാം സ്ഥാനത്തേക്ക് എത്താനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. ഇത് മണ്ഡലത്തിലെ പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിച്ചേക്കാം.

യുഡിഎഫും എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലുള്ള പോരാട്ടത്തില്‍, വ്യക്തിപരമായ സ്വീകാര്യതയും താഴേതട്ടിലെ ബന്ധവും നിര്‍ണായക ഘടകങ്ങളായി മാറാറുള്ളമണ്ഡലമാണ് കാസർകോട്. കാസർകോട് നഗരസഭയും ഏഴ് ഗ്രാമപഞ്ചായത്തുകളുമാണ് കാസർകോട് നിയോജക മണ്ഡലത്തിൻ്റെ ഭാഗമായുള്ളത്. ജില്ലയുടെ ആസ്ഥാന നിയമസഭാ മണ്ഡലമാണ് കാസർകോട്. 1977ൽ രൂപീകൃതമായത് മുതൽ മുസ്ലീം ലീഗിൻ്റെ സമഗ്രാധിപത്യമാണ് കാസർകോട് നിയോജക മണ്ഡലത്തിൽ കാണാൻ കഴിയുന്നത്. 2011 മുതൽ മുസ്ലീം ലീഗിൻ്റെ എൻഎ നെല്ലിക്കുന്നാണ് മണ്ഡലത്തെ നിയമ സഭയിൽ പ്രതിനിധീകരിക്കുന്നത്.

2011ൽ നെല്ലിക്കൂന്ന് നേടിയത് 53068 വോട്ടുകളായിരുന്നു. ബിജെപി സ്ഥാനാർഥി ജയലക്ഷ്മി എൻ ഭട്ടിന് ലഭിച്ചത് 43330 വോട്ടുകളും ഐഎൻഎലിൻ്റെ അസീസ് കടപ്പുറം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 2016 ലെ തിരഞ്ഞെടുപ്പിൽ 8600 വോട്ടുകൾക്കാണ് എൻ എ നെല്ലിക്കുന്ന് ബിജെപി സ്ഥാനാർത്ഥിയായ രവിശ തന്ത്രി കുണ്ടാറിനെ പരാജയപ്പെടുത്തിയത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 12901 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി അഡ്വ. കെ ശ്രീകാന്തിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. ഭരണകക്ഷിയായ എൽ.ഡി.എഫ് മണ്ഡലത്തിൽ മൂന്നാം സ്ഥാനത്താണ് എന്നതും ശ്രദ്ധേയമാണ്.

മൂസ്ലീം ലീഗിൻ്റെ വോട്ട് ശതമാനത്തിൽ കുറവ്

എന്നാൽ കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പികളിൽ മുസ്ലീംലീഗിന് ഒരു ശതമാനം വീതം വോട്ട് കുറഞ്ഞു വന്നിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. 2011 ൽ 45.35 ശതമാനവും, 2016ൽ 44.72 ശതമാനവും 2021ൽ 43.81 ശതമാനവുമാണ് മുസ്ലീം ലീഗിൻ്റെ വോട്ട് ഷെയർ കണക്കുകൾ. മൂന്നാം സ്ഥാനത്തുള്ള എൽഡിഎഫിനെ രണ്ടാം സ്ഥാനത്ത് എങ്കിലും എത്തിക്കാനുള്ള നീക്കമാണ് ഇപ്പോൾ എൽഡിഎഫ് നടത്തുന്നത്. അതിന് ലീ​ഗ് കോട്ടയിൽ വിള്ളൽ‌ ഉണ്ടാക്കിയേ മതിയാകൂ. അതിനാണ് ഷാനവാസ് പാദൂറിനെ രം​ഗത്ത് ഇറക്കാൻ എൽഡിഎഫ് തീരുമാനിച്ചിരിക്കുന്നത്.

വലതിൽനിന്ന് ഇടത്തോട്ട്

എല്‍ഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ഷാനവാസ് പാദൂര്‍ രം​ഗത്ത് എത്തുന്നത്. പരമ്പരാ​ഗത രാഷ്ട്രീയ സമവാക്യങ്ങളിലെ വേറിട്ട ശബ്ദമാകും ഷാനവാസ് എന്നുതന്നെയാണ് എൽഡിഎഫ് കണക്കുകൂട്ടുന്നത്. മുൻപ് കോൺഗ്രസ് അംഗമായിരുന്ന ഷാനവാസ്, ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചിരുന്നു. എന്നാൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം പങ്കിടണമെന്ന ധാരണ വന്നതോടെ കോൺഗ്രസുമായി അകന്നു. പിന്നീട് രാജിവെച്ചു. തുടർന്ന് 2020-ൽ ഇടതുസ്വതന്ത്രനായി ജില്ലാപഞ്ചായത്തിലേക്ക് മത്സരിച്ച് വിജയിക്കുകയായിരുന്നു.

മഞ്ചേശ്വരത്ത് നിന്നും കാസർകോടേക്ക്

മഞ്ചേശ്വരത്താണ് ഷാനവാസ് പാദൂരിനെ ആദ്യഘട്ടത്തില്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ മറ്റ് സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത് അത് വേണ്ടെന്ന് സിപിഎം തീരുമാനിക്കുകയായിരുന്നു. പിന്നീട് കാസര്‍കോട് മത്സരിക്കണമെന്ന് ഷാനവാസ് പാദൂരിനോട് സിപിഎം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചില്ല. കാസർകോട് ഐഎൻഎലിൻ്റെ സീറ്റാണ്. ഷാനവാസ് പാദൂരാണ് മത്സരിക്കുന്നതെങ്കിൽ സീറ്റ് നൽകാമെന്ന് ഐഎൻഎൽ സമ്മതിക്കുകയായിരുന്നു. പിന്നീട് ഐഎന്‍എല്‍ - സിപിഎം നേതാക്കളുടെ യോഗത്തിലാണ് ഷാനവാസ് പാദൂരിനെ തന്നെ മത്സരിപ്പിക്കാനുള്ള തീരുമാനമുണ്ടായത്.

ജനകീയൻ

കാസർകോട് ജില്ലയിലെ നിർണായകമായ മൂന്ന് നിയോജക മണ്ഡലത്തിലും ഒരുപോലെ കേട്ടുവന്ന പേരാണ് ഷാനവാസ് പാദൂർ. മുസ്ലിം ലീഗിന്റെ ഏറ്റവും സ്വാധീനമുള്ള തട്ടകത്തിൽ നിന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായി മത്സരിച്ച വിജയിച്ചു കയറിവന്ന ഷാനവാസ് പാദൂർ യുവജനങ്ങൾക്കിടയിൽ യൂത്തന്മാർക്കിടയിൽ വളരെയധികം സ്വാധീനം വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയതിനുശേഷം അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ‌ ഏറെ ചർച്ചയായിട്ടുണ്ട്. കാസർകോട് ജില്ലാ പഞ്ചായത്തിന്റെ അധീനതയിൽ വരുന്ന എല്ലാ സ്ഥാപനങ്ങളിലും സോളാർ വൽക്കരിക്കുവാനും സ്വയംപര്യാപ്തമായ വൈദ്യുതി ഉണ്ടാക്കിയെടുക്കുന്നതിനും വളരെ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട് ഷാനവാസ് പാദൂർ. സൗമ്യമായ പെരുമാറ്റം കക്ഷി രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് വലിയ സൗഹൃദ വലയങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വ്യക്തിപരമായ സ്വീകാര്യതയും താഴേതട്ടിലെ ബന്ധവും നിര്‍ണായക ഘടകങ്ങളായി മാറാറുള്ള കാസർകോട് നിയോജക മണ്ഡലത്തിൽ, ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുസ്ലീം ലീ​ഗിൻ്റെ വോട്ടിൽ വിള്ളലുണ്ടാക്കിയതുപോലെ നിയമസഭ തെരഞ്ഞടുപ്പിലും ഉണ്ടാക്കാൻ വിളളലുണ്ടാക്കാൻ സാധിക്കുമെന്ന കണക്കു കൂട്ടലിലാണ് സിപിഎം നേതൃത്വം.

പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന ശൈലി, യുവാക്കളുമായുള്ള ബന്ധം, പൊതുവിഷയങ്ങളിലെ വ്യക്തമായ നിലപാട് എന്നിവ ഷാനവാസ് പാദൂരിന് കൂടുതൽ ​ഗുണം ചെയ്യുമെന്നാണ് എൽഡിഎഫ് കരുതുന്നത്. യുഡിഎഫിനായി കല്ലട്ര മാഹിൻ ഹാജിയും എൻഡിഎ സ്ഥാനാർത്ഥിയായി എം എൽ അശ്വിനിയുമാണ് കാസർകോട് മത്സരിക്കുന്നത്.

വോട്ട് ശതമാനത്തെ ബാധിക്കും

2011ൽ വിജയിച്ച യുഎഡിഎഫ് സ്ഥാനാർഥി എൻഎ നെല്ലിക്കുന്നിന് 53,068 വോട്ടുകളാണ് നേടാൻ സാധിച്ചത്, 2016ൽ 57,479ഉം, 2021ൽ 63,296 വോട്ടുകളും നേടി. 2016ൽ യുഎഡിഎഫിൻ്റെ ഭൂരിപക്ഷം (8,607) നേരിയ തോതിൽ‌ കുറഞ്ഞെങ്കിലും 2021ൽ അത് വലിയ തോതിൽ വർധിപ്പിക്കാൻ (12,901) എൻഎ നെല്ലിക്കുന്നിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപി രണ്ടാം സ്ഥാനത്ത് ഉറച്ചു നിൽക്കുന്നു എന്നത് കാസർകോടിൻ്റെ സവിശേഷതയാണ്. ഓരോ തവണയും വോട്ട് വിഹിതം വർധിപ്പിക്കാനും ബിജെപിക്ക് സാധിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് തവണയും എൽഡിഎഫ് മൂന്നാം സ്ഥാനത്താണ്. അതുകൊണ്ടാണ് ഇത്തവണ ഷാനവാസ് പാദൂരിലൂടെ രണ്ടാം സ്ഥാനത്തേക്കെങ്കിലും ഉയരാൻ എൽഡിഎഫ് ശക്തമായി ശ്രമിക്കുന്നത്. ഈ കണക്കുകൾ വെച്ചുനോക്കുമ്പോൾ മുസ്ലീം ലീ​ഗ് വോട്ടുളിൽ ഷാനവാസ് പാദൂർ ഉണ്ടാക്കുന്ന ചെറിയ വിള്ളൽ പോലും ഇത്തവണത്തെ ഫലത്തേയും വോട്ടുശതമാനത്തേയും കാര്യമായി ബാധിച്ചേക്കാം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡോ. വന്ദനാദാസ് കൊലക്കേസ്; 'പ്രതിക്ക് വധശിക്ഷ നല്‍കണം', കോടതി മുറ്റത്ത് നിറകണ്ണുകളോടെ വന്ദനയുടെ അമ്മ, ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ
ഒരിക്കൽ ലീഗ് വേദികളിലെ 'പെൺപുലി', ഇപ്പോൾ ആർക്കും വേണ്ടാതായി; ദുരനുഭവം പറഞ്ഞ് ആഷിഖ ഖാനം; എന്നാലും പാർട്ടി വിടില്ലെന്ന് നിലപാട്