
തിരുവനന്തപുരം: പ്രതിപക്ഷനേതാവിനെ നിശ്ചയിക്കാനുള്ള നിർണ്ണായക ചർച്ചകൾക്കായി ഹൈക്കമാൻഡ് പ്രതിനിധികൾ നാളെ തിരുവനന്തപുരത്തെത്തും. രമേശ് ചെന്നിത്തല തുടരട്ടെ എന്നാണ് ഐ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളുടെ ആഗ്രഹമെങ്കിലും വിഡി സതീശൻറെ പേര് ഗ്രൂപ്പിന് അതീതമായി ഉയരുന്നുണ്ട്.
പിണറായി മുഖ്യമന്ത്രിയായി തുടരുമ്പോൾ പ്രതിപക്ഷത്ത് ആര് നേതാവെന്ന ചോദ്യത്തിന് നാളെയോടെ ഉത്തരമാകും. കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസ്സിൽ മാറ്റത്തിനായി ഉയരുന്ന മുറവിളിക്കിടെയാണ് ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലികാർജ്ജുന ഖാർഗെയും വി വൈത്തിലിംഗവും എത്തുന്നത്. പാർലമെൻററി പാർട്ടിയോഗത്തിൽ പങ്കെടുക്കുന്ന ഇരുവരും എംഎൽഎമാരുമായി ഒറ്റക്ക് ഒറ്റക്കും ചർച്ച നടത്തും. തോൽവിക്ക് ശേഷം പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും മാറണമെന്ന അഭിപ്രായമാണ് ഗ്രൂപ്പുകൾക്ക് അതീതമായി പാർട്ടിയിലുള്ളത് .
ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് രാഷ്ട്രീയകാര്യസമിതിയിൽ രമേശ് ചെന്നിത്തല വ്യക്തമാക്കി. പക്ഷെ പിന്നീട് ചെന്നിത്തലയെ നിലനിർത്താൻ ഐ ഗ്രൂപ്പ് കരുനീക്കി. സർക്കാരിനെ കടുത്ത സമ്മർദ്ദത്തിലാക്കിയ ചെന്നിത്തല തുടരട്ടെ, മാറ്റം പാർട്ടി തലത്തിൽ മതിയെന്നാണ് ഐ ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. ഗ്രൂപ്പിൽ നിന്നുതന്നെയുള്ള വിഡി സതീശന്റെ പേര് ശക്തമായി ഉയർന്ന് കേൾക്കുന്നതാണ് ചെന്നിത്തലയ്ക്കുള്ള വെല്ലുവിളി.
ചെന്നിത്തല മാറണമെന്നോ തുടരട്ടെയെന്നോ ഒറ്റയടിക്ക് പറയേണ്ടെന്നാണ് എ ഗ്രൂപ്പിലെ ധാരണ. പക്ഷെ ഹൈക്കമാൻഡ് പ്രതിനിധികളുടെ അഭിപ്രായം അറിഞ്ഞശേഷം ഗ്രൂപ്പ് നിലപാട് വ്യക്തമാക്കും. ഒറ്റക്ക് ഒറ്റക്ക് അഭിപ്രായം തേടുമ്പോൾ ഗ്രൂപ്പിന് അതീതമായ പിന്തുണ കിട്ടുമെന്നാണ് സതീശൻ ക്യാമ്പിൻറെ പ്രതീക്ഷ. തിരുവഞ്ചൂർ രാധാകൃഷ്ണൻറ പേര് ഇടക്ക് കേട്ടെങ്കിലും എ ഗ്രൂപ്പ് ഇതിനായി കടുംപിടുത്തം പിടിക്കാനിടയില്ല. 21 ൽ 12 ഐ ഗ്രൂപ്പ് എംൽഎമാരും 9 പേർ എ പക്ഷത്തുമാണ്. കഴിഞ്ഞ തവണ പാർലമെൻററി പാർട്ടി യോഗം ചേർന്ന ദിവസം തന്നെ പ്രതിപക്ഷനേതാവിനെ പ്രഖ്യാപിച്ചിരുന്നു, അതേ നില ഇത്തവണ ആവർത്തിക്കുമോ അതേ ചർച്ചകളുടെ അടിസ്ഥാനത്തിൽ നൽകുന്ന റിപ്പോർട്ടിൻറ അടിസ്ഥാനത്തിൽ ഹൈക്കമാൻഡ് പിന്നീട് തീരുമാനിക്കുമോ എന്നാണ് അറിയേണ്ടത്. യോഗത്തിൽ ചെന്നിത്തല എടുക്കുന്ന നിലപാടും പ്രധാനമാണ്. സ്വയം മാറുമെന്ന് പ്രഖ്യാപിച്ചാൽ നടപടികൾ അതിവേഗം തീരും. രമേശ് ചെന്നിത്തല മാറിയാൽ അതിവേഗം കെപിസിസി അധ്യക്ഷനും മാറും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam