
കൊടുങ്ങല്ലൂർ താലൂക്കിലെ എടവിലങ്ങ് , എടത്തിരുത്തി, എറിയാട് കയ്പ്പമംഗലം, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കയ്പമംഗലം നിയമസഭാമണ്ഡലം. 2008ൽ നടന്ന പുനർ നിർണയത്തിലാണ് ഈ നിയസഭ മണ്ഡലം നിലവിൽ വന്നത്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പ് മുതൽ സിപിഐയെ മാത്രം തുണയ്ക്കുന്ന മണ്ഡലമാണിത്.
മണ്ഡല പുനർനിർണ്ണയത്തിന് ശേഷമുള്ള വർഷങ്ങളിൽ സിപിഐ ശക്തമായ സ്വാധീനമുറപ്പിച്ച ഒരു മണ്ഡലമായി ഇത് മാറി. പുനർനിർണ്ണയത്തിന് മുമ്പ് വ്യത്യസ്ത രാഷ്ട്രീയ ചായ്‌വുകളുള്ള അയൽ മണ്ഡലങ്ങളുടെ ഭാഗമായിരുന്നു ഈ പ്രദേശം. എന്നാൽ രൂപീകരണം മുതൽ യുഡിഎഫും എൽഡിഎഫും തമ്മിലുള്ള പ്രധാന പോരാട്ടവേദിയായി കയ്പമംഗലം മാറി. വല്ലപ്പോഴും മൂന്നാം മുന്നണി സ്ഥാനാർത്ഥികളും ഇവിടെ സാന്നിധ്യമറിയിക്കാറുണ്ട്.
പുനർനിർണ്ണയത്തിന് ശേഷം 2011-ൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ വിജയിച്ചതോടെ എൽഡിഎഫ് ഇവിടെ ആദ്യ വിജയം കുറിച്ചു. തുടർന്ന് 2016-ലും 2021-ലും ഇടി ടൈസൺ മാസ്റ്റർ ഈ വിജയം ആവർത്തിച്ചു. വലിയ ഭൂരിപക്ഷത്തോടെ സീറ്റ് നിലനിർത്തിയ അദ്ദേഹം മണ്ഡലത്തിൽ ഇടതുപക്ഷത്തിന്റെ അടിത്തറ കൂടുതൽ ശക്തമാക്കി.
2021-ൽ 73,161 വോട്ടുകൾ (53.76 ശതമാനം വോട്ട് വിഹിതം) നേടിയാണ് ഇടി ടൈസൺ മാസ്റ്റർ തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിലെ ശോഭ സുബിൻ 50,463 വോട്ടുകൾ (37.08 ശതമാനം) നേടി രണ്ടാം സ്ഥാനത്തെത്തി. എൻഡിഎ സഖ്യത്തിന്റെ ഭാഗമായ ബിഡിജെഎസ് സ്ഥാനാർത്ഥി സിഡി ശ്രീലാലിന് 9,066 വോട്ടുകൾ (6.66 ശതമാനം) ലഭിച്ചു. ബാക്കിയുള്ള വോട്ടുകൾ നോട്ടയ്ക്കും (NOTA) മറ്റ് ചെറുകിട പാർട്ടി സ്ഥാനാർത്ഥികൾക്കുമായാണ് വിഭജിക്കപ്പെട്ടത്.
മണ്ഡലം രൂപീകരിച്ചത് മുതൽ സിപിഐയിലൂടെ എൽഡിഎഫ് കൃത്യമായ ആധിപത്യം പുലർത്തുന്നുണ്ടെങ്കിലും, കൈപമംഗലത്തെ തിരഞ്ഞെടുപ്പ് ചലനങ്ങൾ എപ്പോഴും ബഹുതല മത്സരത്തിനുള്ള സാധ്യതകൾ കാണിക്കുന്നുണ്ട്. താഴെത്തട്ടിലുള്ള സംഘടനാ ശക്തിയും വികസന കേന്ദ്രീകൃതമായ പ്രവർത്തനങ്ങളും വഴിയാണ് എൽഡിഎഫ് തുടർച്ചയായ വിജയങ്ങൾ നേടിയത്. പ്രാദേശിക വികസനവും നേതൃത്വപരമായ പ്രത്യേകതകളും ഉയർത്തിക്കാട്ടി യുഡിഎഫ് പ്രധാന പ്രതിപക്ഷമായി നിലകൊള്ളുന്നുണ്ട്. ബിഡിജെഎസ്, എസ്ഡിപിഐ, വെൽഫെയർ പാർട്ടി തുടങ്ങിയ പാർട്ടികൾക്ക് പലപ്പോഴും ഗണ്യമായ വോട്ട് വിഹിതം ലഭിക്കാറുണ്ട്. ഇത് മണ്ഡലത്തിലെ വോട്ടർമാർ വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളെ സ്വീകരിക്കുന്നു എന്നതിന്റെ സൂചനയാണ്.
സ്ഥാനാർഥികൾ
എൽഡിഎഫിനുവേണ്ടി സിപിഐയിലെ കെകെ വത്സരാജാണ് രംഗത്തിറങ്ങുന്നത്. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ ബിരുദ പഠനം പൂർത്തിയാക്കിയ വത്സരാജ് എഐവൈഎഫ് ജില്ലാ നേതൃത്വത്തിൽനിന്നാണ് പാർട്ടി നേതൃത്വത്തിലേക്ക് എത്തുന്നത്.
പത്തു വർഷം ഗുരുവായൂർ മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചതിനു ശേഷം 1997ൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയാവുകയായിരുന്നു. സിഎൻ ജയദേവൻ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് തൃശൂർ ജില്ലാ സെക്രട്ടറിയായി പിന്നീട് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
1999മുതൽ പാർട്ടി സംസ്ഥാന കൗൺസിൽ അംഗമാണ് കെകെ വത്സരാജ്. ചാവക്കാട് ഫർക്ക ചെത്തു തൊഴിലാളി യൂണിയൻ, മദ്യ വ്യവസായ തൊഴിലാളി യൂണിയൻ, ജില്ലാ പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ, ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഫെഡറേഷൻ, കൃഷ്ണനാട്ടം എപ്ലോയീസ് അസോസിയേഷൻ, ഗുരുവായൂർ ദേവസ്വം കീഴ്ശാന്തി യൂണിയൻ എന്നിവയുടെ ഭാരവാഹിയായിരുന്നു. വത്സരരാജിനെ മണ്ഡലത്തിൽ ആരെയും പരിചയപ്പെടുത്തി കൊടുക്കേണ്ടതില്ല എന്നതാണ് സിപിഐയുടെ ഗുണം.
ടിഎം നാസറാണ് കോൺഗ്രസിനുവേണ്ടി കയ്പമംഗലത്ത് മത്സരത്തിനിറങ്ങുന്നത്. ടിഎം നാസറിനെ സ്ഥാനാർഥിയാക്കുന്നതിൽ പ്രാദേശികമായി വൻ പ്രതിഷേധം നിലനിന്നിരുന്നു. ബെന്നി ബഹനാൻ്റെ നോമിനിയാണ് ടിഎം നാസറെന്നാണ് പൊതുവെയുള്ള ചർച്ച. എന്നാൽ നല്ല സ്ഥാനാർഥിയെ നിർത്തുകയാണെങ്കിൽ കോൺഗ്രസിന് മണ്ഡലം പിടിച്ചെടുക്കാമെന്നാണ് പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ വിശ്വസിക്കുന്നത്. കയ്പമംഗലത്ത് തന്നെ മിടുക്കന്മാരായ യൂത്ത് കോൺഗ്രസ് നേതാക്കൾ നിരവധി ഉള്ളപ്പോഴാണ് ഇത്തരത്തിൽ ഇറക്കുമതി സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതെന്നാണ് പ്രാദേശിക വികാരം. അതുല്യ ഘോഷ് ആണ് ബിഡിജെഎസ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. 2016ലെ നിയമസഭ തെരഞഞെടിപ്പിൽ ബിഡിജെഎസ് 30,041 വോട്ടുകൾ പിടിച്ച മണ്ഡലമാണ് കയ്പമംഗലം. ഉണ്ണികൃഷ്ണൻ തഷ്നത്ത് ആയിരുന്നു അന്ന് ബിഡിജെഎസിനുവേണ്ടി മത്സരിച്ചത്. ആ പ്രാവശ്യം യുഡിഎഫിന് വേണ്ടി ആർഎസ്പിയായിരുന്നു മത്സരിച്ചിരുന്നത്. ആർഎസ്പിയിലെ എംടി മുഹമ്മദ് നഹാസ് ആയിരുന്നു സ്ഥാനാർഥി. അദ്ദേഹത്തിന് 33,384 വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്. അതായത് 3343 വോട്ടുകളുടെ വ്യത്യാസത്തിനാണ് എൻഡിഎ സഖ്യത്തിൻ്റെ രണ്ടാം സ്ഥാനം നേടാൻ സാധിക്കാതെ പോയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam