'സമ്പത്തിന് ദിവ്യജ്ഞാനമൊന്നുമില്ല'; ദില്ലിയിലെ പ്രതിനിധി നാട്ടിലെത്തിയെന്ന വിമര്‍ശനങ്ങളോട് മുഖ്യമന്ത്രി

By Web TeamFirst Published May 15, 2020, 6:35 PM IST
Highlights

"സംഭവിക്കാന്‍ പോകുന്നത് ഇതൊക്കെയാണ്. അതുകൊണ്ട് വേഗം തിരുവനന്തപുരത്തേക്ക് പോയേക്കാം എന്ന് മനസിലാക്കി സമ്പത്ത് കേരളത്തിലേക്ക് വന്നതാണ് എന്ന് തോന്നുന്നില്ല".

തിരുവനന്തപുരം: ദില്ലിയിലെ പ്രത്യേക പ്രതിനിധി എ സമ്പത്ത് ലോക്ക് ഡൗണിനിടെ കേരളത്തിലെത്തിയത് അനവസരത്തിലാണ് എന്ന വിമര്‍ശനത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 'സമ്പത്തിന് ദിവ്യജ്ഞാനമൊന്നുമില്ല. കൊവിഡ് ഇത്രകാലം നീണ്ടുനില്‍ക്കും, സംഭവിക്കാന്‍ പോകുന്നത് ഇതൊക്കെയാണ്. അതുകൊണ്ട് വേഗം തിരുവനന്തപുരത്തേക്ക് പോയേക്കാം എന്ന് മനസിലാക്കി സമ്പത്ത് കേരളത്തിലേക്ക് വന്നതാണ് എന്ന് തോന്നുന്നില്ല' എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. 

ദില്ലിയില്‍ കേരളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട പ്രത്യേക പ്രതിനിധിയാണ് മുന്‍ എംപി കൂടിയായ എ സമ്പത്ത്. എന്നാല്‍, കൊവിഡ് പ്രതിസന്ധിയിൽ ഗർഭിണികൾ അടക്കമുള്ള മലയാളികൾ ദില്ലി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വീർപ്പുമുട്ടുമ്പോൾ സംസ്ഥാനത്തിന്‍റെ പ്രത്യേക പ്രതിനിധിയുടെ ദില്ലിയിലെ അഭാവം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 

കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാരെ നിരീക്ഷണത്തിലാക്കാൻ കേരള ഹൌസ് വിട്ടുനൽകണമെന്ന് ആവശ്യം തള്ളിയത് ദില്ലിയിലെ മലയാളികൾക്ക് വലിയ തിരിച്ചടിയായിരുന്നു. ആ വിഷയത്തിലും കേരളത്തിന്റെ പ്രതിനിധി ഇടപെട്ടില്ലെന്ന് പരാതിയുണ്ട്. നാട്ടിലേക്ക് മടങ്ങുന്ന കാര്യത്തിൽ അടക്കം മലയാളികൾ നിലവിൽ വലിയ പ്രതിസന്ധി നേരിടുകയാണ്. ഇവയിലൊന്നും ഇടപെടാതെ സമ്പത്ത് കേരളത്തിലേക്ക് മടങ്ങിയത് എന്നാണ് വിമര്‍ശനം. എന്നാല്‍ സംസ്ഥാന ഭവനുകളുടെ പ്രവർത്തനം താൽകാലികമായി നിർത്താൻ കേന്ദ്രസർക്കാർ നിർദ്ദേശത്തിന് പിന്നാലെയാണ് സമ്പത്ത് മടങ്ങിയതെന്നും നിലവിൽ കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഒരു ജീവനക്കാരനെ നിയോഗിച്ചിട്ടുണ്ടെന്നുമാണ് അദേഹത്തിന്‍റെ ഓഫീസിന്‍റെ പ്രതികരണം.

click me!