
തിരുവനന്തപുരം : പൊലീസിനെതിരെ സിപിഐ മുഖപത്രം ജനയുഗം. വഖഫുമായി ബന്ധപ്പെട്ട് നടത്തിയ വർഗീയ പരാമർശത്തിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കാത്തതിനാണ് വിമർശനം. വഖഫ് കിരാതം എന്ന പരാമർശത്തിൽ കേസ് എടുക്കാത്തത് എന്തെന്നാണ് സിപിഐ മുഖപത്രം ഉയർത്തുന്ന ചോദ്യം. ബോർഡിന്റെ പേര് പോലും പറയാതെ കിരാതമെന്ന് വിളിപ്പേരിട്ട സുരേഷ് ഗോപി, ചീറ്റിയ മുസ്ലിം വിദ്വേഷ വിഷം രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നു. ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ വാവർ പരാമർശത്തിലും പൊലീസ് കേസ് എടുക്കാത്തതിനെ ജനയുഗം ചോദ്യം ചെയ്യുന്നു.
കമ്പളക്കാട് നടത്തിയ പ്രസംഗത്തിൽ വർഗീയ പരാമർശമുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് അനൂപ് വി ആർ നേരത്തെ പരാതി നൽകിയിരുന്നെങ്കിലും ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ല. നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നുമായിരുന്നു വഖഫിനെ കുറിച്ചുളള സുരേഷ് ഗോപിയുടെ പരാമർശം. മുനമ്പത്തേത് മണിപ്പൂരിന് സമാനമായ സ്ഥിതിയാണ്. മണിപ്പൂർ പൊക്കി നടന്നവരെ ഇപ്പോൾ കാണാനില്ല. മുനമ്പത്തേ നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതത്തെ ഒതുക്കും. വഖഫ് ബില്‍ നടപ്പാക്കിയിരിക്കുമെന്നുമായിരുന്നു വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തിൽ സുരേഷ് ഗോപിയുടെ പരാമർശം.
സമാനമായ പരാമർശമാണ് വഖഫ് ഭൂമി വിഷയത്തിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാല കൃഷ്ണനും നടത്തിയത്. പതിനെട്ടാം പടിക്ക് താഴേ ഇരിക്കുന്ന, വാവര് നാളെ അതും വഖഫ് ആണെന്ന് പറഞ്ഞുവന്നാൽ കൊടുക്കേണ്ടി വരും. വേളാങ്കണ്ണി പള്ളി ഉൾപ്പെടെ അന്യാധീനപ്പെട്ട് പോകാതിരിരിക്കണമെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്നാണ് കമ്പളക്കാട്ടെ പൊതുയോഗത്തിൽ ഗോപാലക്കൃഷ്ണൻ പ്രസംഗിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam