
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വിന്‍റിട്വന്‍റിക്ക് 19 സീറ്റ് കൊടുക്കേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മാറ്റം കൊണ്ടുവരണം എന്നതാണ് എൻഡിഎ സഖ്യത്തിന്‍റെ വാശിയെന്നും അത് ആലോചിച്ച് എടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷി രാഷ്ട്രീയത്തിൽ അങ്ങനെ പെർഫക്റ്റ് സയൻസോ ആർട്ടോ ഒന്നും ഇല്ല. അതിൽ ഒരു കെമിസ്ട്രിയുണ്ട്. താനും സാബു ജേക്കബും തമ്മിൽ ഒരു കെമിസ്ട്രിയുണ്ട്. സമാന ലക്ഷ്യമുണ്ട്. വികസനം കൊണ്ടുവരിക എന്നതാണത്. ഇവിടെ നടക്കുന്ന വിവാദത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയം മാറ്റണം. ഒരുമിച്ച് ചിന്തിച്ച് ആലോചിച്ച് തീരുമാനമെടുത്തതാണ്. മാറ്റം കൊണ്ടുവരണം എന്നതാണ് എല്ലാ സഖ്യകക്ഷികളുടെയും വാശി. 70 കൊല്ലം ജനങ്ങളെ പറ്റിച്ച എൽഡിഎഫ് - യുഡിഎഫ് രാഷ്ട്രീയത്തിന് മാറ്റം വരുത്തി വികസിത കേരളം എന്ന ലക്ഷ്യത്തെ മുൻനിർത്തി സീറ്റുകളുടെ എണ്ണത്തിൽ ബിജെപി ചില വിട്ടുവീഴ്ചകൾ ചെയ്യാൻ തയ്യാറായിരുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസ് അസി. എക്സിക്യൂട്ടീവ് എഡിറ്റര്‍ വിനു വി ജോണിന് നൽകിയ അഭിമുഖത്തിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബിജെപിക്കിത് നിര്‍ണായക തെരഞ്ഞെടുപ്പാണെന്നും വികസിത കേരളം എന്ന മുദ്രാവാക്യവുമായി പ്രചാരണവുമായി സജീവമാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഒന്നോ രണ്ടോ സീറ്റിനായല്ല മത്സരമെന്നും പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പ്രചാരണത്തിനെത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വിജയ സാധ്യത കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത്. യുഡിഎഫും എൽഡിഎഫും ജനങ്ങളെ വഞ്ചിച്ച പാര്‍ട്ടികളാണ്. അവരെ രണ്ടായി കാണുന്നില്ല. രണ്ട് മുന്നണികളും ഒന്നാണ്. മൂന്നാം എൽഡിഎഫ് സര്‍ക്കാരിനുള്ള സാധ്യത വട്ടപ്പൂജ്യമാണ്. കോണ്‍ഗ്രസിന് എന്ത് കാരണം കൊണ്ട് ജനം വോട്ട് ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. സിപിഎമ്മിന്‍റെ വീഴ്ചയുടെ ഗുണം കോണ്‍ഗ്രസിന് കിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഡബിള്‍ ലോക്ക്, സീറോ സീറ്റ് പരിഹാസങ്ങളിൽ കാര്യമില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പാലക്കാട് അടക്കം സിപിഎം - ബിജെപി ഡീൽ ഉണ്ടെന്ന കോണ്‍ഗ്രസ് ആരോപണത്തിനും രാജീവ് ചന്ദ്രശേഖര്‍ മറുപടി നൽകി. കോണ്‍ഗ്രസ് നാണമില്ലാത്ത പാര്‍ട്ടിയാണ്. വ്യാജ വാഗ്ദാനം നൽകുന്ന പാര്‍ട്ടിയാണെന്നും കോണ്‍ഗ്രസിന് വളരെ കുറച്ച് സീറ്റ് മാത്രമേ ലഭിക്കുകയുള്ളുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കോണ്‍ഗ്രസ് എത്ര മുതലാളിമാരെയാണ് സ്ഥാനാര്‍ത്ഥിയാക്കുന്നത്? രാഹുൽ ഗാന്ധി ഏറ്റവും വലിയ മുതലാളി അല്ലേ? ഡികെ ശിവകുമാര്‍ വലിയ മുതലാളി അല്ലേയെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam