
കോട്ടയം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തിപ്പെട്ടു. ഇന്നലെ വൈകിട്ട് മുതൽ സംസ്ഥാനത്ത് പൊതുവിലും തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ വ്യാപകമായും മഴ ലഭിച്ചു. കനത്ത മഴയിൽ പലയിടത്തും റെയിൽ, റോഡ് ഗതാഗതം തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ പലതിലും വെള്ളപ്പൊക്കമുണ്ടായി.
തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും നാളെ മുതൽ വടക്കൻ ജില്ലകളിലേക്കും മഴ വ്യാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളം, തമിനാട്, കർണാടക സംസ്ഥാങ്ങളിൽ അടുത്ത 3-4 ദിവസങ്ങളിൽ വ്യാപകമായി മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കോട്ടയം - ചിങ്ങവനം പാതയിൽ റെയിൽവേ ടണലിന് സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തി വച്ചിരിക്കുകയാണ്. ഇന്ന് രാവിലെയോടെയാണ് തുരങ്കത്തിൻ്റെ കോട്ടയം- തിരുവനന്തപുരം സഞ്ചാരദിശയിൽ മണ്ണ് ഇടിഞ്ഞു വീണത്. കൊവിഡ് മൂലം തീവണ്ടി സർവ്വീസുകൾ കുറവായതിനാൽ വലിയ ദുരന്തം ഒഴിവായി. പാതയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന് തിരുവനന്തപുരം- എറണാകുളം വേണാട് സ്പെഷ്യൽ ട്രെയിൻ ചങ്ങനാശേരി വരെ മാത്രമേ ഓടുകയുള്ളൂ
കോട്ടയം നഗരസഭയിലെ 49-ാം വാർഡിലെ ചുങ്കം പഴയ സെമിനാരി മീനച്ചിൽ റിവർ റോഡ് കനത്ത മഴയെ തുടർന്ന് പകുതിയോളം ഇടിഞ്ഞു താണു. മീനച്ചിലാറിൻ്റെ തീരത്തിലൂടെയുള്ള റോഡാണിത്. 11കെവി വൈദ്യുതി ലൈൻ അടക്കം ഈ വഴി കടന്നു പോകുന്നുണ്ട്. റോഡിന് താഴെ താമസിക്കുന്ന 20 ഓളം വീട്ടുകാർ ആശങ്കയിലാണ്.
ചുങ്കത്ത് തന്നെ വൻമരം കടപുഴകി വീണത്തോടെ ഗതാഗതവും തടസ്സപ്പെട്ടു. ചുങ്കം കവലയിൽ പൊതുമരാമത്ത് വകുപ്പും നഗരസഭയും ചേർന്ന് വെട്ടിമാറ്റിയ മരത്തിനോട് ചേർന്ന് നിന്ന വൻമരമാണ് ഇന്ന് പുലർച്ചെ നാല് മണിയോടു കൂടി നിലം പൊത്തിയത്. ആളപായമില്ല. പകൽ ഏതു സമയവും തിരക്കേറിയ ജംഗ്ഷനാണിത്. വൈക്കത്തിനടുത്ത് ചെമ്പിൽ കനത്ത മഴയെ തുടർന്ന് വീടുകളിലേക്ക് വെള്ളം കയറുന്നുണ്ട്.
എറണാകുളം ജില്ലയിലും മഴ ശക്തമായി തുടരുകയാണ്. കൊച്ചി നഗരത്തിലും തീരദേശ മേഖലയിലും ശക്തമായ മഴ ലഭിച്ചു. എം ജി റോഡ്, ചിറ്റൂർ റോഡ്, പി ആൻഡ് ഡി കോളനി, കമ്മാട്ടിപ്പാടം എന്നിവടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും വെള്ളം കയറി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam