സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്, തെക്കൻ ജില്ലകളിലും മഴ കനക്കും

Published : Jul 13, 2022, 06:46 AM IST
സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്, തെക്കൻ ജില്ലകളിലും മഴ കനക്കും

Synopsis

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തെക്കൻ ജില്ലകളിലും മഴ ശക്തമാകും. ഉച്ചയ്ക്ക് ശേഷം കൂടുതൽ മഴ കിട്ടും. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്.

ഒഡീഷ തീരത്തിന് മുകളിലായുള്ള ന്യൂനമർദ്ദവും അറബിക്കടലിലെ ന്യൂനമർദ്ദപാത്തിയുമാണ് കാലവർഷക്കാറ്റ് സജീവമാക്കി നിർത്തുന്നത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തെക്കൻ ജില്ലകളിലും മഴ ശക്തമാകും. ഉച്ചയ്ക്ക് ശേഷം കൂടുതൽ മഴ കിട്ടും. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.  

Read Also: കാലവര്‍ഷ കെടുതി, വയനാട് മാത്രം നശിച്ചത് രണ്ടര ലക്ഷത്തോളം വാഴകൾ; 100 ഹെക്ടറിലധികം കൃഷി, 14 കോടിയിലറെ നഷ്ടം

ശക്തമായ മഴയിലും കാറ്റിലും വയനാട് ജില്ലയില്‍ 102.3  ഹെക്ടറിലെ കൃഷി നശിച്ചു. കൃഷിവകുപ്പിന്റെ ചൊവാഴ്ച വരെയുളള പ്രാഥമിക കണക്കുപ്രകാരം 14.06 കോടിയുടെ നാശനഷ്ടമാണ് കാലവര്‍ഷക്കെടുതിയിലുണ്ടായത്. 1374 കര്‍ഷകര്‍ക്ക് മഴയില്‍ നാശനഷ്ടങ്ങള്‍ നേരിട്ടതായതാണ് പ്രാഥമിക കണക്കുകള്‍. ഏറ്റവും കൂടുതല്‍ നാശനഷ്ടം നേരിട്ടത് വാഴ കര്‍ഷകര്‍ക്കാണ്. 98.06 ഹെക്ടറിലെ 246587 വാഴകളാണ് കനത്ത മഴയിലും കാറ്റിലും നിലംപൊത്തിയത്. 2,07,583 കുലച്ചവാഴകളും 39005 കുലയ്ക്കാത്ത വാഴകളുമാണ് നശിച്ചത്. വാഴ കര്‍ഷകര്‍ക്ക് മാത്രം 14.01 കോടിയുടെ നഷ്ടമുണ്ടായി. തെങ്ങ്, റബ്ബര്‍, അടയ്ക്ക, കാപ്പി, കുരുമുളക്, ഇഞ്ചി, നെല്ല് എന്നീ കാര്‍ഷിക വിളകള്‍ക്കും മഴയിൽ നാശം നേരിട്ടിട്ടുണ്ട്.

കൃഷി നാശം നേരിട്ട കര്‍ഷകർ 10 ദിവസത്തിനകം പ്രകൃതിക്ഷോഭം മൂലമുളള നഷ്ടപരിഹാരത്തിനായി എയിംസ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. വിള ഇന്‍ഷൂറന്‍സ് ചെയ്ത കര്‍ഷകർ ഇന്‍ഷൂറന്‍സിനും പ്രകൃതിക്ഷോഭം മൂലമുളള നഷ്ടപരിഹാരത്തിനും ഇതേ പോര്‍ട്ടലിലൂടെ അപേക്ഷിക്കണം. കാലംതെറ്റിയുള്ള കാലാവസ്ഥമൂലം കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് കർഷകർ പറയുന്നു. മിക്ക കർഷകരും ബാങ്കുകളിൽ നിന്ന് വായ്പയെടുത്താണ് കൃഷിയിറക്കിയത്. സർക്കാരിന്‍റെ നഷ്ടം പരിഹാരം ലഭിച്ചാൽ പോലും കടബാധ്യത തീർക്കാനാവില്ലെന്നാണ് കർഷകരുടെ പരാതി.

ജില്ലയില്‍ 53 വീടുകള്‍ ഭാഗീകമായി തകര്‍ന്നു

വയനാട് ജില്ലയിൽ കനത്ത മഴയില്‍  53 വീടുകൾ ഭാഗീകമായി തകര്‍ന്നു.  രണ്ട് വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ എട്ട് വീടുകളാണ് ഭാഗികമായി തകര്‍ന്നത്. വൈത്തിരി താലൂക്കിലാണ് കൂടുതല്‍ നാശനഷ്ടം. 30 വീടുകളാണ് വൈത്തിരിയിൽ ഭാഗികമായി തകര്‍ന്നത്. മാനന്തവാടിയില്‍ 16 വീടുകള്‍ക്കും ബത്തേരിയിൽ 7 വീടുകള്‍ക്കുമാണ്  കേടുപാട് സംഭവിച്ചത്. ജില്ലയില്‍ നിലവിൽ 7 ദുരിതാശ്വാസ ക്യാന്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 372 പേരെയാണ് കനത്ത മഴയെ തുടര്‍ന്ന് ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചത്. ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖലകളിൽ നിന്നാണ് ആളുകളെ മാറ്റിപാർപ്പിച്ചത്.

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്