ചിറ്റാറിലെ മത്തായിയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയില്‍

By Web TeamFirst Published Aug 12, 2020, 2:44 PM IST
Highlights

 വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച മത്തായിയുടെ മൃതദേഹം സംസ്‍കരിക്കാതെ ബന്ധുക്കളുടെ പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ 15 ദിവസമായി മ്യതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

പത്തനംതിട്ട: ചിറ്റാറിലെ മത്തായിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മത്തായിയുടെ ഭാര്യ ഷീബയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതി പിന്നീട് പരിഗണിക്കും. വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം സംസ്‍കരിക്കാതെ ബന്ധുക്കളുടെ പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ 15 ദിവസമായി മ്യതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആരോപണ വിധേയരായ വനപാലകരെ അറസ്റ്റ് ചെയ്യണമെന്ന ഉറച്ച നിലപാടിലാണ് കുടുംബം.

അതേസമയം മത്തായിയെ കസ്റ്റഡിയിലെടുത്തതിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴചയെന്ന വനം വകുപ്പ് ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. സതേൺ ചിഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാറിന്‍റെ റിപ്പോർട്ട് വനം മന്ത്രി കെ രാജുവിന് സമർപ്പിച്ചു. കസ്റ്റഡിയിലുള്ള ആളുടെ  സുരക്ഷ ഉറപ്പാക്കാനോ ജീവൻ രക്ഷിക്കാനോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലെ പ്രധാന പരാമർശം. ചട്ടങ്ങൾ പാലിക്കാതെയാണ് മത്തായിയെ കസ്റ്റഡിയിലെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.

കസ്റ്റഡിയിലെടുത്ത ആളെ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചില്ല.  വൈദ്യ പരിശോധന നടത്തുന്നതിൽ വീഴ്ച സംഭവിച്ചു. മൊഴി എടുക്കാതെ തെളിവെടുപ്പ് നടത്തി എന്നിങ്ങനെയാണ് മറ്റ് കണ്ടെത്തലുകൾ. വനം വകുപ്പിന്‍റെ ക്യാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകാതിരുന്നതും വീഴ്ചയാണ്. എന്നാൽ ക്യാമറയുടെ മെമ്മറിക്കാർഡ് എടുത്തെന്ന് മത്തായി സമ്മതിച്ചെന്ന കാര്യവും റിപ്പോർട്ടിലുണ്ട്. വൈൽഡ് ലൈഫ് ആക്ട് പ്രകാരമുള്ള കുറ്റം ചെയ്തെന്നും പറയുന്നു. 

അന്വേഷണ റിപ്പോർട്ട് പഠിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് വനം മന്ത്രി പറഞ്ഞു. അതേസമയം കേസിലെ പ്രതികൾക്കെതിരെ ചേർക്കേണ്ട വകുപ്പുകൾ സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ പബ്ലിക് പ്രൊസിക്യൂട്ടറോട് നിയമോപദേശം തേടി. കസ്റ്റഡി മരണത്തിൽ കുറ്റാരോപിതർ അല്ലാതെ മറ്റ് സ്ക്ഷികൾ ഇല്ലാത്തതിനാൽ ഇന്ത്യൻ ശിക്ഷാ നിയമം 304 302 ഏത് വേണമെന്ന നിയമോപദേശമാണ് തേടിയത്.

click me!