മേലുദ്യോഗസ്ഥർക്കെതിരെ സിഐ നവാസിന്‍റെ ഭാര്യ: മാനസികമായി പീഡിപ്പിച്ചെന്ന് ആരോപണം

By Web TeamFirst Published Jun 14, 2019, 3:10 PM IST
Highlights

പൊലീസ് അന്വേഷണത്തെ വിശ്വസിക്കുക എന്നല്ലാതെ ഇപ്പോള്‍ ഞങ്ങള്‍ക്ക് മുന്നില്‍ വേറെ വഴിയില്ല. രാവിലെ പുള്ളിയെ കാണാതായപ്പോള്‍ മുതല്‍ മേലുദ്യോഗസ്ഥരെ ഒരോരുത്തരായി ഞാന്‍ വിളിച്ചിരുന്നു. സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഉച്ചയോടെ നേരിട്ട് പോയി പരാതി കൊടുത്തു. സമാധാനം കിട്ടാതെ രാത്രിയോടെ പോയി കമ്മീഷണറെ നേരില്‍ കണ്ടു. 

കൊച്ചി: മേലുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കാണാതായ സെന്‍ട്രല്‍ സിഐ വിഎസ് നവാസിന്‍റെ ഭാര്യ. തന്‍റെ ഭര്‍ത്താവിനെ മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുകയും സമ്മര്‍ദ്ദത്തിലാഴ്ത്തുകയും ചെയ്തെന്ന് അവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കാണാതാവുന്നതിന് തലേന്ന് രാത്രിയില്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് നവാസ് വീട്ടിലെത്തിയത്. 

വയര്‍ലെസിലൂടെ മേലുദ്യോഗസ്ഥനായ കൊച്ചി അസി.കമ്മീഷണര്‍ പരസ്യമായി തെറി പറഞ്ഞതില്‍ പുള്ളി കടുത്ത ദുഖത്തിലും സമ്മര്‍ദ്ദത്തിലുമായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കൂടുതല്‍ ഒന്നും ഇപ്പോള്‍ ചോദിക്കരുത് എന്നാണ് എന്നോട് പറഞ്ഞത്. പുലര്‍ച്ചയോടെ എണീച്ച് ഹാളില്‍ പോയി ടിവി വച്ചു. അതിന് ശേഷമാണ് ആളെ കാണാതായതെന്നും നവാസിന്‍റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. 

ഭര്‍ത്താവിനെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് നവാസിന്‍റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ നവാസിനെ വയര്‍ലെസിലൂടെ ശാസിച്ച കൊച്ചി സിറ്റി അസി.കമ്മീഷണര്‍ക്കെതിരെയും പരാമര്‍ശമുണ്ട്. നവാസിനെ കാണാതായതിന് തലേദിവസം അസി.കമ്മീഷണറുമായി നടത്തിയ വയര്‍ലസ് സംഭാഷണത്തിന്‍റെ രേഖകള്‍ പരിശോധിക്കണമെന്നും കുറ്റക്കാരനായ അസി. കമ്മീഷണര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. അസി.കമ്മീഷണറുടെ നിരന്തരപീഡനം മൂലമാണ് ഭര്‍ത്താവ് വീട് വിട്ട് പോയതെന്നും നവാസിന്‍റെ ഭാര്യ പറഞ്ഞു. 

അതേസമയം നവാസിനെ ഉടന്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് സിഐയുടെ തിരോധനം അന്വേഷിക്കുന്ന കൊച്ചി ഡിസിപി ജി.പൂങ്കുഴലി പറഞ്ഞു. അദ്ദേഹം കേരളം വിട്ട് പോയിട്ടില്ല. കൊച്ചിയിലെ എടിഎമ്മില്‍ നിന്നും പതിനായിരം രൂപ പിന്‍വലിച്ച ശേഷം കെഎസ്ആര്‍ടിസി ബസില്‍ കയറി നവാസ് കായംകുളം ഭാഗത്തേക്ക് പോയെന്ന് വ്യക്തമായിട്ടുണ്ട്.

കായംകുളത്ത് വച്ച് ഒപ്പം ജോലി ചെയ്ത ഒരു പൊലീസുകാരനെ നവാസ് കണ്ടു. കായംകുളം കോടതിയില്‍ ഒരു കേസിന്‍റെ കാര്യത്തിനായി വന്നതാണ് എന്നാണ് ഇയാളോട് പറഞ്ഞത്. എന്നാല്‍ കായംകുളം കോടതിയില്‍ ഇന്നലെ നവാസ് എത്തിയില്ലെന്ന് വ്യക്തമായിട്ടുണ്ട്. പത്ത് ദിവസത്തേക്ക് എങ്ങോട്ടെങ്കിലും മാറി നില്‍ക്കുമെന്ന് സഹപ്രവര്‍ത്തകരില്‍ ഒരാളോട് നവാസ് പറ‌ഞ്ഞിരുന്നതായി സൂചനയുണ്ട്. ചില ദര്‍ഗ്ഗകളിലും മറ്റും നവാസ് പോവാറുണ്ടായിരുന്നുവെന്ന സൂചനയെ തുടര്‍ന്ന് അവിടങ്ങളിലും അന്വേഷണം തുടരുകയാണ്.  

സിഐ നവാസിന്‍റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.... 

രാത്രി വന്നപ്പോള്‍ ആള്‍ ഫോണ്‍ എടുക്കാന്‍ വൈകി ഞാനാണ് വണ്ടിയില്‍ നിന്നും ഫോണ്‍ എടുത്തത്. യൂണിഫോം ധരിച്ച് തിരികെ പോയ ആള്‍ പിന്നീട് രാത്രി വളരെ വൈകിയാണ് തിരിച്ച് എത്തിയത്. വലിയ വിഷമത്തോടെയാണ് വന്നത്. എന്താണെന്ന് ചോദിച്ചപ്പോള്‍ ഒരു വഴക്ക് കേട്ടു ഞാനാകെ വല്ലാതെ ഇരിക്കാണ് ഇപ്പോ എന്നോട് ഒന്നും ചോദിക്കരുത് എന്ന് പറഞ്ഞു. ഉറങ്ങാന്‍ കിടന്ന ശേഷം പുലര്‍ച്ചെ എഴുന്നേറ്റ് ടിവിയില്‍ ന്യൂസ് ചാനല്‍ വച്ചിരുന്നു. പിന്നെയാണ് ആളെ കാണാതായത്. 

വ്യക്തിപരമായും മറ്റും മേലുദ്യോഗസ്ഥന്‍ ആക്ഷേപിച്ചതായി ഭര്‍ത്താവ് നേരത്തെ പറഞ്ഞിരുന്നു. കള്ളക്കേസുകള്‍ എടുക്കാനും മറ്റു നിയമവിരുദ്ധ പ്രവൃത്തികള്‍ക്കും നവാസിന് മേല്‍ ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ അവസാനം സഹിക്കാന്‍ പറ്റാവുന്നതിനും അപ്പുറമായിരുന്നു ഉപദ്രവം. വയര്‍ലസിലൂടെ സിറ്റിയിലെ മറ്റു പൊലീസ് ഉദ്യോഗസ്ഥരെ സാക്ഷിയാക്കി ഭര്‍ത്താവിനെ അധിക്ഷേപിച്ചു. 

പൊലീസ് അന്വേഷണത്തെ വിശ്വസിക്കുക എന്നല്ലാതെ ഇപ്പോള്‍ ഞങ്ങള്‍ക്ക് മുന്നില്‍ വേറെ വഴിയില്ല. രാവിലെ പുള്ളിയെ കാണാതായപ്പോള്‍ മുതല്‍ മേലുദ്യോഗസ്ഥരെ ഒരോരുത്തരായി ഞാന്‍ വിളിച്ചിരുന്നു. സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഉച്ചയോടെ നേരിട്ട് പോയി പരാതി കൊടുത്തു. സമാധാനം കിട്ടാതെ രാത്രിയോടെ പോയി കമ്മീഷണറെ നേരില്‍ കണ്ടു. 

അന്വേഷണം സംഘത്തെ നയിക്കുന്ന ഡിസിപി പൂങ്കുഴലിയുമായി ഫോണിലൂടെ സംസാരിച്ചു ഭര്‍ത്താവ് കായംകുളം ഭാഗത്തേക്ക് പോയെന്നും ഉടനെ കണ്ടെത്തുമെന്നും അവര്‍ പറഞ്ഞു. പത്ത് ദിവസം കഴിഞ്ഞ് തിരികെ വരുമെന്ന് ഒരാളോട് ഭര്‍ത്താവ് പറഞ്ഞെന്നും ഡിസിപി  പറഞ്ഞു. എന്നാല്‍ ആരോടാണ് പറഞ്ഞത് എന്ന് പറഞ്ഞില്ല. ധൈര്യമായി ഇരിക്കാനും മക്കളെ സമാധാനിപ്പിക്കാനുമാണ് അവര്‍ ഞങ്ങളോട് പറഞ്ഞത്.  എന്‍റെ കുട്ടികള്‍ തീരെ ചെറുതല്ല അവര്‍ക്ക് കാര്യങ്ങളെല്ലാം അറിയാം അവരെ എങ്ങനെ പറഞ്ഞ് സമാധാനിപ്പിക്കണം എന്നറിയില്ല. 

ഇന്ന് സൗത്ത് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ വന്ന് പുള്ളിയെ കായകുളം വഴി ട്രാന്‍സ്പോര്‍ട്ട് ബസില്‍ സഞ്ചരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കാണിച്ചു. ഭര്‍ത്താവിന്‍റെ സഹപ്രവര്‍ത്തകരും ബാച്ച് മേറ്റ്സും സുഹൃത്തുകളുമെല്ലാം വിളിക്കുകയും വന്നു കാണുകയും ചെയ്യുന്നുണ്ട്. അവര്‍ മാത്രമാണ് ആശ്വാസമായി ഒപ്പമുള്ളത്. 

click me!