
മാനന്തവാടി : വയനാട് മാനന്തവാടി പടമലയിൽ ജനവാസമേഖലയിൽ ഇറങ്ങി ഒരാളെ ചവിട്ടിക്കൊന്ന ആനയെ
മയക്കുവെടി വെക്കാൻ ഉത്തരവിറക്കി. ചീഫ് വൈൽഡ് ലൈഫ് വാർഡന്റേതാണ് ഉത്തരവ്. ആനയെ മയക്കുവെടിവെച്ച് പിടികൂടി കാട്ടിലേക്ക് വിടാനാണ് ഉത്തരവിലുളളത്. ഉത്തരവിറങ്ങുന്നതിന് മുന്നോടിയായി വനംവകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മുത്തങ്ങയിൽ നിന്നും രണ്ട് കുങ്കിയാനകളെ പടമലയിലേക്ക് കൊണ്ടുവരുന്നുണ്ട്.
പടമല സ്വദേശി അജീഷ് ആണ് രാവിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. രാവിലെ വീടിന്റെ മതിൽ തകർത്ത് എത്തിയ കാട്ടാന , ഭയന്നോടിയ അജീഷിനെ ചവിട്ടിക്കൊല്ലുകയായിരുന്നു. കർണാടക വനംവകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച് വിട്ട ആനയാണ് ആക്രമണം നടത്തിയത്. മാനന്തവാടി നഗരസഭയിലെ 4 താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
നാട്ടുകാർ മൃതദേഹവുമായി സബ് കളക്ടർ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു. കാട്ടാന ജനവാസമേഖലക്കടുത്തെത്തിയിട്ടും നടപടി എടുക്കാത്ത വനംവകുപ്പിനെതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ആനയുടെ സാന്നിധ്യം രണ്ട് ദിവസം മുൻപ് തന്നെ വനംവകുപ്പ് വിശദീകരിച്ചിരുന്നുവെങ്കിലും നടപടികളെടുത്തിരുന്നില്ല. വനം വകുപ്പിന് കൃത്യമായി അറിവുണ്ടായിട്ടും ആനയെ ട്രാക്ക് ചെയ്യാനായി ഒന്നും ചെയ്തില്ലെന്ന് നാട്ടുകാർ പറയുന്നു.
ഇന്ന് പുലർച്ചെ നാലര മണിയോടെയാണ് താന്നിക്കൽ മേഖലയിൽ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയെ കണ്ടത്. 6:30 ഓടെ കുറുക്കന്മൂല ഭാഗത്തും 7 മണിയോടെയാണ് പടമലയിലുമെത്തി. ഇതിനിടെ അജീഷ് ആനയുടെ മുന്നിൽ പെട്ടത്. എന്നാൽ ആന ജനവാസമേഖലയിൽ കയറിയതിന് ഒരു മുന്നറിയിപ്പോ അനൗസ്മെന്റോ വനം വകുപ്പ് നൽകിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
എന്നാൽ റേഡിയോ കോളർ സിഗ്നൽ കർണ്ണാടകം തന്നില്ലെന്നാണ് കേരളത്തിന്റെ പരാതി.റേഡിയോ കോളർ സിഗ്നൽ കിട്ടാൻ ആന്‍റിനയുടെയും റിസീവറിന്‍റെയും ആവശ്യമില്ലെന്ന് കർണാടക വനംവകുപ്പ് വ്യക്തമാക്കുന്നു. വനംമന്ത്രാലയത്തിന്‍റെ കേന്ദ്രീകൃതമോണിറ്ററിംഗ് സംവിധാനത്തിൽ യൂസർ നെയിമും പാസ്‍വേഡും നൽകിയാൽ ട്രാക്കിംഗ് വിവരം ലഭിക്കുമെന്ന് കർണാടക പിസിസിഎഫ് സുഭാഷ് മാൽഖഡേയുടെ മറുപടി തർക്കങ്ങൾ തുടരുമ്പോഴും ഒരു ജീവൻ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തം ആർക്കെന്ന ചോദ്യം മാത്രം ബാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam