
വയനാട്: ജനവാസ മേഖലയിൽ ഇറങ്ങി ഒരാളുടെ ജീവനെടുത്ത ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം ഇന്ന് മൂന്നാം ദിവസത്തിൽ. മണ്ണുണ്ടി മേഖലയിൽ തന്നെ തമ്പടിച്ചിരിക്കുന്ന കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ഇന്നത്തെ ഒരുക്കം തുടങ്ങി. ഇടവേളകളിൽ ആനയുടെ സിഗ്നൽ കിട്ടുന്നുണ്ട്. അതിനനുസരിച്ചാണ് ട്രാക്കിംഗ് ടീം ആനയുടെ അടുത്തേക്ക് നീങ്ങുന്നത്.
സ്ഥലവും സന്ദർഭവും കൃത്യമായാല്‍ മാത്രം മയക്കുവെടിക്ക് ശ്രമിക്കും എന്നാണ് ദൗത്യസംഘം അറിയിക്കുന്നത്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തമ്പടിച്ചിട്ടുള്ള ആന, കുങ്കികളെ കാണുമ്പോൾ ഒഴിഞ്ഞു മാറുകയാണ്. നാട്ടുകാരുടെ പ്രതിഷേധം കൂടി ശക്തമായതിനാൽ, എത്രയും പെട്ടെന്ന് മോഴയെ പിടിക്കാനാണ് വനംവകുപ്പിൻ്റെ നീക്കം. പൊന്തക്കാടുകൾക്കിടയിൽ മറയുന്നതാണ് മോഴയുടെ രീതി. ഇന്നലെ പലതവണ മയക്കുവെടിക്ക് ഒരുങ്ങിയെങ്കിലും ഭാഗ്യം മോഴയ്ക്ക് ഒപ്പമായിരുന്നു.
ആളെക്കൊല്ലി കാട്ടാനയുടെ മയക്കുവെടി ദൗത്യം പുരോഗമിക്കുന്നതിനാൽ, തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങൾക്കും ഇന്നും ജില്ലാ കളക്ടർ അവധി നൽകിയിട്ടുണ്ട്. മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല, കുറുവ, കാടംകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നല്‍കിയിട്ടുണ്ട്. കർഷക കൂട്ടായ്മയായ ഫാർമേഴ്സ് റിലീഫ് ഫോറം വയനാട് ജില്ലയിൽ മനസ്സാക്ഷി ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് മണി വരെയാണ് പ്രതിഷേധം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam