
തിരുവനന്തപുരം/പത്തനംതിട്ട: കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിൽ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തയാളെ കെ.യു ജനീഷ് കുമാർ എംഎൽഎ ബലമായി മോചിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി എംഎൽഎ. ജനങ്ങളുടെ പ്രശ്നങ്ങളിലെ വൈകാരിക പ്രകടനമാണ് ഉണ്ടായതെന്നും മോശം ഭാഷ ഉപയോഗിക്കേണ്ടിവന്നതിൽ ഖേദമുണ്ടെന്നും കെയു ജനീഷ് കുമാര്‍ പ്രതികരിച്ചു.
ആന ചരിഞ്ഞതിന്റ പേരിൽ ജനങ്ങളുടെ സമാധാനം തകർക്കുകയാണ്. വനംവകുപ്പ് സാധാരണക്കാരെ മുഴുവൻ ഭീഷണിപ്പെടുത്തുകയാണ്. അകാരണമായി നാട്ടുകാരെ കസ്റ്റഡിയിൽ എടുക്കുകയാണ്. ഇതിനെയാണ് താൻ ചോദ്യം ചെയ്തത്. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് 11 പേരെ കസ്റ്റഡിയിൽ എടുത്തത്. ഇത്തരം സാഹചര്യങ്ങൾ നക്സൽ സംഘടനകൾ മുതലെടുക്കുമെന്നാണ് പറഞ്ഞത്.ചില ഓഫിസർമാർ പ്രശ്നം വഷളാക്കാൻ ശ്രമിക്കുകയാണെന്നും കെയു ജനീഷ് കുമാര്‍ പറഞ്ഞു.
അതേസമയം, എംഎൽഎയുടെ വാദം തള്ളി കോന്നി ഡിഎഫ്ഒ രംഗത്തെത്തി. ആന ചരിഞ്ഞ കേസിൽ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. നടപക്രമങ്ങൾ പാലിച്ച് ചോദ്യംചെയ്യാനാണ് വിളിപ്പിച്ചത്. എംഎൽഎ ഇറക്കി കൊണ്ടുപോയ ആൾ സ്വന്തം വാഹനത്തിലാണ് ഫോറസ്റ്റ് സ്റ്റേഷൻ എത്തിയത്. സംഭവം ഉണ്ടായ പാടം ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും കോന്നി ഡിഎഫ്ഒ വ്യക്തമാക്കി.
പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ആളെയാണ് എംഎൽഎ ഇടപെട്ട് മോചിപ്പിച്ചത്. കൈതകൃഷി പാട്ടത്തിന് എടുത്തവർ സോളർ വേലിയിൽ കൂടിയ തോതിൽ വൈദ്യുതി കടത്തി വിട്ടതാണ് ആന ഷോക്കടിച്ച് ചരിയാൻ കാരണമെന്ന് വനം വകുപ്പ് സംശയിക്കുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളുടെ സഹായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. വിവരമറിഞ്ഞെത്തിയ എംഎൽഎ വനം വകുപ്പിന്‍റെ കസ്റ്റഡിയിൽ നിന്ന് ഇയാളെ മോചിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് എതിരെ വനം മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഫോറസ്റ്റ് ഓഫീസിൽ എംഎൽഎ എത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കോന്നി ഡിവൈഎസ്പിയെയും കൂട്ടിയാണ് എംഎൽഎ ഫോറസ്റ്റ് ഓഫീസിലെത്തിയത്. രണ്ടാമതും നക്സലുകൾ വരുമെന്നും ഫോറസ്റ്റ് ഓഫീസ് കത്തിക്കുമെന്നും എംഎൽഎ മുന്നറിയിപ്പ് നൽകി. ഫോറസ്റ്റ് ഉദ്യോഗസ്ഥർ കള്ളക്കേസ് എടുക്കാൻ ശ്രമിക്കുന്നുവെന്നും നടപടിക്രമങ്ങൾ പാലിച്ചല്ല കസ്റ്റഡിയെന്നും എംഎൽഎ ആരോപിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam