
തിരുവനന്തപുരം: ഗുരുവായൂർ അടക്കമുള്ള പ്രധാനക്ഷേത്രങ്ങളിലെ വഴിപാട് ചടങ്ങുകൾ ഓൺലൈനായി ലൈവ് സ്ട്രീം ചെയ്യാനുള്ള സാധ്യത പരിശോധിക്കുമെന്ന് ദേവസ്വം-ടൂറിസം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസിൻ്റെ കരകയറാൻ കേരളം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ സ്വാമി സന്ദീപാനന്ദഗിരിയാണ് ഈ നിർദേശം മന്ത്രിയുടെ മുൻപിൽ അവതരിപ്പിച്ചത്. ഇതിനോട് മന്ത്രി അനുകൂലമായി പ്രതികരിക്കുകയായിരുന്നു.
ഈസ്റ്റർ പ്രമാണിച്ചുള്ള പരിപാടികൾ ഓൺലൈനിലൂടെ കാണിക്കുകയും അതെല്ലാം എഷ്യാനെറ്റ് അടക്കമുള്ള ചാനലുകളിലും വന്നതോടെ എല്ലാവർക്കും ഇതരമതസ്ഥർക്കടക്കം കാണാനും മനസിലാക്കാനും അവസരം ലഭിച്ചു. ഇതേ മാതൃകയിൽ പ്രധാന ക്ഷേത്രങ്ങളായ ഗുരുവായൂർ പോലെയുള്ള സ്ഥലത്ത് ഉദയാസ്തമയ പൂജയടക്കമുള്ള ചടങ്ങുകൾ വെബ് ലൈവായി കാണിച്ചാൽ എല്ലാവർക്കും കാണാൻ അവസരമുണ്ടാക്കില്ലേ. ഇക്കാര്യം സർക്കാരിന് ആലോചിക്കാവുന്നതല്ലേ. മൂന്ന് ദേവസ്വം ബോർഡുകളേയും ഇക്കാര്യത്തിൽ ആശ്രയിക്കാം - ഇതായിരുന്നു സ്വാമി സന്ദീപാനന്ദഗിരിയുടെ ചോദ്യം.
ഇതിനുള്ള മന്ത്രിയുടെ മറുപടി ഇങ്ങനെ - സ്വാമി സന്ദീപാനന്ദഗിരിയുടെ ഈ നിർദേശം നമ്മുക്ക് പരിഗണിക്കാവുന്നതാണ്. നിലവിൽ ശബരിമലയിലും ഗുരുവായൂരിലും വഴിപാടുകൾ ബുക്ക് ചെയ്യാൻഓൺ ലൈൻ സൗകര്യമുണ്ട്. ഇപ്പോൾ വത്തിക്കാനിൽ നിന്നും വന്ന പോലെ പ്രധാന ക്ഷേത്രങ്ങളിലെ പ്രധാന ചടങ്ങുകൾ ഓൺലൈനായി എല്ലാവർക്കും കാണാനുള്ള അവസരം ഒരുക്കുന്നതാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam