
തിരുവനന്തപുരം: സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹർജി നൽകില്ലെന്നും ഉമ്മൻചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്നുമുള്ള നിലപാട് മാറ്റി പരാതിക്കാരി. രാവിലെ നിയമ നടപടിക്കില്ലെന്ന് പറഞ്ഞ പരാതിക്കാരി ഉച്ചയ്ക്ക് ശേഷം, ഉമ്മൻ ചാണ്ടിക്ക് സി ബി ഐ ക്ലീൻ ചിറ്റ് നൽകിയതിനെതിരെ ഹർജി നൽകുമെന്ന് വ്യക്തമാക്കി രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട 6 കേസിലും ഹർജി നൽകുമെന്നും നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ ആണ് തീരുമാനം എന്നും പരാതിക്കാരി വ്യക്തമാക്കി. അബ്ദുള്ളകുട്ടിയെ വെള്ള പൂശാൻ ആണ് ബാക്കി ഉള്ളവർക്കും സി ബി ഐ ക്ലീൻ ചിറ്റ് നൽകിയതെന്നും പരാതിക്കാരി അഭിപ്രായപ്പെട്ടു.
അതേസമയം സോളാർ പീഡനകേസിൽ സത്യം ജയിച്ചുവെന്നാണ് ഉമ്മൻചാണ്ടി സി ബി ഐ ക്ലീൻ ചിറ്റിനെക്കുറിച്ച് പ്രതികരിച്ചത്. അന്വേഷണഫലത്തെ കുറിച്ച് ഒരു ഘട്ടത്തിലും ആശങ്ക ഉണ്ടായിരുന്നില്ലെന്നും ആര് അന്വേഷിക്കുന്നതിലും ഒരു പരാതിയും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വിവരിച്ചു. സത്യം മൂടിവെക്കാൻ കഴിയില്ല എന്നതായിരുന്നു അതിനെല്ലാം കാരണമെന്നും ഉമ്മൻചാണ്ടി ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു. ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തപ്പോൾ അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടായിരുന്നു. മുൻകൂർജാമ്യത്തിന് ശ്രമിക്കണമെന്ന നിയമോപദേശം ലഭിച്ചിട്ടും നിരാകരിക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ജനങ്ങളിൽ നിന്നും ഒന്നും ഒളിച്ചുവെക്കാൻ ശ്രമിച്ചിട്ടില്ല. അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ച് പൊതുപ്രവർത്തകരെ സംശയത്തിന്‍റെ മുൾമുനയിൽ നിർത്തുന്നത് ശരിയാണോ എന്ന് ഇനിയെങ്കിലും എല്ലാവരും ആലോചിക്കുന്നത് നല്ലതാണെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
അതേസമയം സോളാർ പീഡനപരാതികൾ സി ബി ഐ തള്ളിയതോടെ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് കൂട്ടത്തോടെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഉമ്മൻചാണ്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സംസ്ഥാന ഏജൻസികൾ തെളിവില്ലെന്ന് കണ്ടെത്തിയ കേസ് സി ബി ഐക്ക് വിട്ട ഇടത് സർക്കാറിന് സി ബി ഐ റിപ്പോർട്ട് വൻ തിരിച്ചടിയായിട്ടുണ്ട്. ഉമ്മൻ ചാണ്ടിയോടും മറ്റ് കോൺഗ്രrസ് നേതാക്കളളോടും, രാഷ്ട്രീയ പ്രതികാരം തീർക്കാൻ അധികാരം ഉപയോഗിച്ച് പിണറായി വിജയനും കൂട്ടരും കാണിച്ച അനീതിയ്ക്ക് കാലത്തിന്റെ മറുപടിയാണ് സി ബി ഐ റിപ്പോർട്ടെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam