
കണ്ണൂർ: താൻ സജീവരാഷ്ട്രീയം ഉപേക്ഷിക്കില്ലെന്ന് സിപിഎം നേതാവും മുൻ എംഎൽഎയുമായ ജയിംസ് മാത്യു. താൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായി തുടരുമെന്നും, എന്നാൽ പാർട്ടി അറിവോടെയും അനുമതിയോടെയും പുതിയൊരു സംരംഭം തുടങ്ങുകയാണെന്നും കണ്ണൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ജയിംസ് മാത്യു പറഞ്ഞു.
ബേബി റൂട്ട്സ് എന്ന ശിശു പരിപാലന കേന്ദ്രം ജൂൺ ഒന്നു മുതൽ കണ്ണൂർ തളാപ്പിൽ തുടങ്ങുമെന്നാണ് ജയിംസ് മാത്യു പറയുന്നത്. സജീവരാഷ്ട്രീയം താനുപേക്ഷിക്കുന്നില്ല. അത്തരം വാർത്തകൾ തെറ്റാണ്. ഈ വിവരം മാധ്യമങ്ങളിൽ വന്നതിന് പിന്നാലെ തന്നെ കണ്ണൂർ ജില്ലാ സെക്രട്ടറി വിളിച്ചിരുന്നു. കാര്യം തെറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ടതാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചു. പിന്നീട് നിങ്ങൾക്കിത് വാർത്താസമ്മേളനം നടത്തി പറയരുതോ എന്നദ്ദേഹം ചോദിച്ചു. അതിനാലാണ് വാർത്താസമ്മേളനം നടത്തുന്നത് - ജയിംസ് മാത്യു പറയുന്നത്.
ബേബി റൂട്ട്സ് എന്ന പരിപാലനകേന്ദ്രത്തിനൊപ്പം കണ്ണൂർ ആസ്ഥാനമായി ജനകീയ പഠന ഗവേഷണ കേന്ദ്രവും ആരംഭിക്കുമെന്ന് ജയിംസ് മാത്യു പറയുന്നു. പാർട്ടിയുടെ അനുമതിയോടെയാണ് ഇതൊക്കെ ചെയ്യുന്നത്. പുതിയ സംരഭങ്ങൾ തുടങ്ങുന്നതിനാൽ കൂടുതൽ സമയം ഉണ്ടാകില്ല എന്നതിനാലാണ് സംസ്ഥാന കമ്മറ്റിയിൽ നിന്ന് ഒഴിവായത് എന്നം ജയിംസ് മാത്യു വ്യക്തമാക്കുന്നു.
അതേസമയം, സംഘടന ചുമതലകളിൽ പ്രവർത്തിക്കുന്നതിൽ റിട്ടയർമെൻ്റ് വേണം എന്നാണ് തന്‍റെ നിലപാട് എന്നും ജയിംസ് മാത്യു പറയുന്നു. 'ഒരുപാട് കഴിവുള്ളവർ പുറത്തുണ്ട്. അവർക്ക് അവസരം നൽകണം', എന്ന് ജയിംസ് മാത്യു.
ഇത്തവണത്തെ സിപിഎം സമ്മേളനം സംസ്ഥാനകമ്മിറ്റിയിൽ നിന്നും ജെയിംസ് മാത്യുവിനെ ഒഴിവാക്കിയിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടത് പരിഗണിച്ചായിരുന്നു സംസ്ഥാനകമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയത്.
ഇടത് വിദ്യാർത്ഥി പ്രസ്ഥാനമായ എസ് എഫ് ഐയിലൂടെയായിരുന്നു ജെയിംസ് മാത്യു രാഷ്ട്രീയപ്രവർത്തനങ്ങൾ ആരംഭിച്ചത്. സിപിഐഎമ്മിന്‍റെ ന്യൂനപക്ഷ മുഖം കൂടിയായ ജെയിംസ് മാത്യു ഇരിക്കൂർ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ മത്സരിച്ചു. തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎയായി നിയമസഭയിലെത്തിയിട്ടുണ്ട്. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ എൻ സുകന്യയാണ് ജീവിതപങ്കാളി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam