ശ്രീനിവാസന്‍ വധം: കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തി, ചോരപുരണ്ട കൊടുവാള്‍ വെള്ളകവറില്‍ പൊതിഞ്ഞനിലയില്‍

By Web TeamFirst Published Apr 27, 2022, 11:30 AM IST
Highlights

ചോരപുരണ്ട കൊടുവാള്‍ വെള്ളകവറില്‍ പൊതി‍ഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയത്. പ്രതികളുമായി നടത്തിയ തെരച്ചിലിലാണ് ആയുധം കണ്ടെത്തിയത്. 

പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ (Sreenivasan Murder) ആയുധവും പ്രതികളുടെ ചോര പുരണ്ട വസ്ത്രവും കണ്ടെത്തി. കൊലപാതകം നടത്തിയ അബ്ദുറഹ്മാൻ, വാഹനമോടിച്ച ഫിറോസ് എന്നിവരെയാണ് കൃത്യം നടത്തിയ സ്ഥലത്തും രക്ഷപ്പെട്ട വഴികളിലെത്തിച്ചും തെളിവെടുപ്പ് നടത്തിയത്. കല്ലേക്കാട് അഞ്ചാംമൈലിലെ ആളൊഴിഞ്ഞ പറമ്പിലാണ് ആയുധം ഉപേക്ഷിച്ചിരുന്നത്. വെള്ളകവറിൽ പൊതിഞ്ഞ നിലയിലായിരുന്നു ചോരപുരണ്ട കൊടുവാള്. 

പിന്നീട് പ്രതികളെത്തിയത് മംഗലംകുന്ന് ഭാഗത്തേക്കാണ്. മുണ്ടൂർ തൂത സംസ്ഥാന പാതയിലെ നിലവിളിക്കുന്ന് എന്ന പ്രദേശത്താണ് വസ്ത്രങ്ങൾ ഉപേക്ഷിച്ചത്. ഇറിഗേഷൻ്റെ കണക്ഷൻ വാൽവിനുള്ള കുഴിയിൽ കവറിൽ കെട്ടിയിട്ട നിലയിലായിരുന്നു അബ്ദുറഹ്മാൻ്റെ ചോര പുരണ്ട വസ്ത്രങ്ങള്‍. അമ്പത് മീറ്റർ അകലെ ഫിറോസിൻ്റെ ടീ ഷർട്ടും കണ്ടെത്തി. ആര്‍എസ്എസ് ബിജെപി പ്രതിഷേധത്തിനിടെയാണ് പ്രതികളെ കൊലപാതകം നടന്ന മേലാമുറിയിലെ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ശ്രീനിവാസനെ കൊലപ്പെടുത്തിയ ആറംഗ കൊലയാളി സംഘത്തിലെ മൂന്നു പേരും ഗൂഡാലോചനയിൽ പങ്കാളികളായ പത്തുപേരുമാണ് ഇതിനോടകം അറസ്റ്റിലായത്. 

അതിനിടെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിലെ പ്രതികളായ രമേശന്‍, അറുമുഖന്‍, ഷണ്‍മുഖനെന്നിവരെ മൂന്നുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ നല്‍കി. ഉച്ചതിരിഞ്ഞാണ് പാലക്കാട് ജ്യുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ പ്രതികളെ ഹാജരാക്കിയത്. പ്രതികളുടെ തെളിവെടുപ്പ് വരും ദിവസങ്ങളില്‍ നടക്കും.

ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം; പട്ടിക തയാറാക്കിയ ആളും വെട്ടിയ ആളുമടക്കം നാലുപേർ അറസ്റ്റിൽ

പാലക്കാട്: പാലക്കാട്ടെ ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ നാലു പേരെക്കൂടി അറസ്റ്റ് ചെയ്തതായി എ.ഡി.ജി.പി. വിജയ് സാഖറേ.കൊലയാളി സംഘത്തിലുണ്ടായിരുന്ന ശംഖുവാരത്തോട് സ്വദേശി  അബ്ദുൾ റഹ്മാൻ , ഫിറോസ് , കൊല്ലപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കിയ പറക്കുന്നം സ്വദേശി റിഷിൽ , ബാസിത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.

കൊലയാളി സംഘത്തിന് അകമ്പടി പോയ ചുവന്ന കളറിലുള്ള മാരുതി കാറിലാണ് ആയുധമെത്തിച്ചതെന്നും തിരിച്ചറിഞ്ഞിരുന്നു. അവശേഷിക്കുന്ന രണ്ട് ബൈക്കുകളിലുള്ളവരെയും അത് ഓടിച്ചിരുന്നവരെയും തിരിച്ചറിഞ്ഞതായാണ് സൂചന. പ്രതികളിലേക്ക് വേഗമെത്താനാവുമെന്നാണ് അന്വേഷണം സംഘത്തിന്‍റെ പ്രതീക്ഷ. 

അതേ സമയം, ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പാലക്കാട് ബിജെപി ഓഫീസിന് മുന്നിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. മൂന്ന് ബൈക്കുകൾക്ക് പുറമെ കാറും ഉപയോഗിച്ചായിരുന്നു അക്രമി സംഘം മേലാമുറിയിലേക്ക് പോയത്. സംഘത്തിന്റെ പക്കലുണ്ടായിരുന്ന ചുവന്ന സ്വിഫ്റ്റ് കാറിലാണ് ആയുധങ്ങൾ കരുതിയിരുന്നത്. മേലാമുറിക്കടുത്ത് വെച്ചാണ് ആയുധങ്ങൾ അക്രമി സംഘത്തിന് കൈമാറിയത്.

അതേസമയം സുബൈര്‍ വധക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടേയും തിരിച്ചറിയൽ പരേഡ് നടത്താനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി റിമാന്റിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ അടുത്ത ദിവസം കോടതിയിൽ നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

click me!