ഷെയ്‍ൻ നിഗമിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബർ

By Web TeamFirst Published Dec 12, 2019, 7:37 AM IST
Highlights

സിനിമയിൽ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് നൽകിയ കത്ത് പിൻവലിക്കേണ്ടെന്നും ഫിലിം ചേബർ തീരുമാനിച്ചു. 

കൊച്ചി: നടൻ ഷെയ്ൻ നിഗമിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബർ. ഫേസ്ബുക്ക് പോസ്റ്റ് വഴിയുള്ള ഖേദ പ്രകടനം സ്വീകാര്യമല്ലെന്നും മാപ്പ് പറഞ്ഞുള്ള നിലപാട് ഏത് സമയത്തും ഷെയ്ൻ  മാറ്റാമെന്നും ചേംബർ വിശദീകരിച്ചു. സിനിമയിൽ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് നൽകിയ കത്ത് പിൻവലിക്കേണ്ടെന്നും ഫിലിം ചേബർ തീരുമാനിച്ചു. 

മുടങ്ങിയ സിനിമകളുടെ നഷ്ടം ഈടാക്കാൻ നിർമ്മാതാക്കളുടെ സംഘടന നിയമനടപടികളിലേക്ക് കടന്നതോടെയാണ് ഖേദ പ്രകടനവുമായി ഷെയ്ൻ രംഗത്തെത്തിയത്. പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്നും നിർമ്മാതാക്കൾ ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും ഷെയ്ൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. 

താരസംഘടനയായ അമ്മയുടെ പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നതായും ഷെയ്ൻ അറിയിച്ചു. ഷെയ്ൻ മാപ്പു പറഞ്ഞതോടെ നിർമ്മാതാക്കളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഇനി എന്ത് തീരുമാനമെടുക്കുമെന്നാണ് അറിയേണ്ടത്. ഷെയ്ൻ അടിക്കടി നിലപാട് മാറ്റുന്നതിൽ താരസംഘടനയായ അമ്മയിലെ മുതിർന്ന ഭാരവാഹികൾക്കും അതൃപ്തിയുണ്ട്. അതിനാൽ ഈ മാസം 19 ന് ചേരുന്ന നിർമ്മാതാക്കളുടെ സംഘടന എന്ത് തീരുമാനമെടുക്കും എന്നതിനെ ആശ്രയിച്ചായിരിക്കും അമ്മയുടെ തുടർ നിലപാട്. ഈ മാസം 22 ന് ചേരുന്ന അമ്മ എക്സിക്യൂട്ടീവിൽ വിഷയം ചർച്ച ചെയ്യും.

click me!