അനാവശ്യ ചെലവുകൾ കുറക്കും, എന്നാൽ രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നത് പോലെയാകില്ല: മുഖ്യമന്ത്രി

By Web TeamFirst Published Apr 9, 2020, 7:00 PM IST
Highlights

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടെ ഹെലികോപ്റ്ററുകള്‍ വാങ്ങേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി.കൊവിഡ് 19 വൈറസിന്‍റെ സമൂഹ വ്യാപനത്തിനുള്ള സാധ്യതകള്‍ ഇനിയും തള്ളിക്കളയാനാവില്ല. അതിനാല്‍ അശ്രദ്ധ പാടില്ല 

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിന്‍റെ അനാവശ്യ ചെലവുകൾ കുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ചെലവ് ചുരുക്കുന്നത് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നത് പോലെയാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടെ ഹെലികോപ്റ്ററുകള്‍ വാങ്ങേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കൊവിഡ് 19 വൈറസിന്‍റെ സമൂഹ വ്യാപനത്തിനുള്ള സാധ്യതകള്‍ ഇനിയും തള്ളിക്കളയാനാവില്ല. അതിനാല്‍ അശ്രദ്ധ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷിതരായി എന്ന തോന്നലില്‍ ലോക് ഡൗൺ ലംഘനങ്ങളിലേക്ക് കടക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഈസ്റ്ററിനും വിഷുവിനും കര്‍ശനമായി ശാരീരിക അകലം പാലിക്കണം. കടകളിലും ആരാധനകളിലും ഒരു കാരണവശാലും തിരക്കുണ്ടാകരുത്.  അശ്രദ്ധയുണ്ടായാല്‍ എന്തും സംഭവിക്കാവുന്ന അവസ്ഥ ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വളം, വിത്ത്, കീടനാശിനി കടകള്‍ക്ക് രാവിലെ 7 മുതല്‍ 11 വരെ പ്രവര്‍ത്തിക്കാമെന്നും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ബുക്ഷോപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്ന കാര്യം പരിഗണനയിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ച് 100 ദിവസം പിന്നിട്ടു. കൊവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ എട്ട് വിദേശികളുടെ ജീവൻ രക്ഷിച്ച് നാട്ടിലേക്ക് തിരിച്ചെത്തിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. 83 ഉം 76 ഉം വയസ്സുള്ളവരൊക്കെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. തിരുവനന്തപുരം എറണാകുളം മെഡിക്കൽ കോളേജുകളിലൊക്കെ ആയാണ് ചികിത്സ നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് ഇന്ന് പന്ത്രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 11 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധ. 13 പേരുടെ റിസൾട്ട് നെഗറ്റീവായി. ഇത് വരെ 357 പേര്‍ക്ക് രോഗം സ്ഥീരികരിക്കുകയും 258 പേര്‍ ഇപ്പോൾ ചികിത്സയിൽ കഴിയുകയും ചെയ്യുന്നുണ്ട്. ഇതുവരെ 357 പേർക്ക് രോഗം സ്ഥിരീകരിച്ചു. 258 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 1,36,195 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 135472 പേരും ആശുപത്രികളിൽ 723 പേരും നിരീക്ഷണത്തിലുണ്ട്. 153 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 11469 സാമ്പിളുകളിൽ രോഗബാധയില്ലെന്ന് ഇന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 

click me!