ജലീലിനെതിരായ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കോടിയേരി; വിസിയുടെ റിപ്പോർട്ട് വരട്ടെയെന്ന് ഗവർണർ

By Web TeamFirst Published Oct 18, 2019, 12:13 PM IST
Highlights

ലഭിക്കുന്ന പരാതികളെ കുറിച്ച് വിശദീകരണം തേടുന്നത് സ്വാഭാവികമെന്ന് ഗവർണർ. പരാതിയുണ്ടെങ്കിൽ വിവാദം ഗവർണർ പരിശോധിക്കട്ടെയെന്ന് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം കെ ടി ജലീൽ ഉൾപ്പെട്ട മാർക്കുദാന വിവാദത്തിൽ വൈസ് ചാൻസലറുടെ റിപ്പോർട്ട് ലഭിച്ച ശേഷം നിലപാട് വ്യക്തമാക്കാം എന്ന് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യത്തിൽ മുൻവിധിയില്ല. ലഭിക്കുന്ന പരാതികളെ കുറിച്ച് വിശദീകരണം തേടുന്നത് സ്വാഭാവികമെന്നും ഗവർണർ പറഞ്ഞു.

എംജി സര്‍വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ ഇന്നലെയാണ് ഗവര്‍ണര്‍ വൈസ്‍ ചാന്‍സലറോട് റിപ്പോര്‍ട്ട് തേടിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മന്ത്രി കെ ടി ജലീലും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയത്. മാർക്ക് ദാന വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഗവർണറെ സമീപിച്ചത്.

Read More: മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി; ജലീല്‍-ചെന്നിത്തല പോര് തുടരുന്നു

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ നിഷ്പക്ഷമായ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. മാർക്ക് ദാനവിവാദത്തിൽ തെളിവുണ്ടെങ്കിൽ ഗവർണറെ സമീപിക്കാൻ മന്ത്രി കെ ടി ജലീൽ പ്രതിപക്ഷനേതാവിനെ വെല്ലുവിളിച്ചതിന് പിന്നാലെയാണ് അന്വേഷണമാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗവർണറെ കണ്ടത്. എം ജി സർവകലാശാലയിലും എഞ്ചിനീയറിംഗ് പരീക്ഷയിൽ മാർക്ക് ദാനം നടത്താൻ മന്ത്രി ഇടപെട്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. 

ആരോപണങ്ങൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കോടിയേരി

മന്ത്രി കെ ടി ജലീലിനെതിരായ ആരോപണം ഇലക്ഷൻ സ്റ്റണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുസ്ലീം ലീഗിന്റെ പേടി സ്വപ്നം ആയ കെ ടി ജലീലിനെതിരെ നിരന്തരം ആരോപണം ഉന്നയിച്ച് വ്യക്തിപരമായി തകർക്കാൻ ഉള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. 

മോഡറേഷനെയാണ് മാർക്ക് ദാനമെന്ന് ചെന്നിത്തല വിളിക്കുന്നതെന്നായിരുന്നു ആരോപണങ്ങൾക്ക് കെ ടി ജലീൽ മറുപടി നൽകിയത്. നേരത്തെ കാലിക്കറ്റ് സർവകലാശാലയിലും വിദ്യാർത്ഥികൾക്ക് മോ‍ഡറേഷനിലൂടെ മാർക്ക് നൽകിയിട്ടുണ്ടെന്നും ഇതിൽ ക്രമക്കേടില്ലെന്നും മന്ത്രി വിശദീകരിച്ചു. 

ഇതേ വിശദീകരണം തന്നെയാണ് കോടിയേരിയും നൽകുന്നത്. മാർക്ക് ദാനം നിയമാനുസരണ നടപടിയാണ്. യുഡിഎഫ്  സർക്കാരിന്റെ കാലത്തും ഈ മാർക്ക് ദാനം നടന്നിട്ടുണ്ട്. പരാതിയുണ്ടെങ്കിൽ ഗവർണർ പരിശോധിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് പറഞ്ഞു.

Read More: കോളേജ് മാറ്റത്തിലും മന്ത്രിയുടെ ചട്ടവിരുദ്ധ ഇടപെടൽ: ജലീലിനെതിരായ കുരുക്ക് വീണ്ടും മുറുകുന്നു

എംജി, കേരള സ‌ർവകലാശാലകളിൽ ചട്ടവിരുദ്ധമായി ഇടപെടൽ നടത്തിയതിന് തെളിവുകൾ പുറത്തു വന്നതിന് തൊട്ടു പിന്നാലെ  കേരള സ‌ർവകലാശാലക്ക് കീഴിൽ തന്നെ മന്ത്രി മറ്റൊരു ഇടപെടൽ കൂടി നടത്തിയെന്നതിന്റെ  വിവരങ്ങൾ ഇന്ന് പുറത്തു വന്നിരുന്നു. 

വിദ്യാർത്ഥിനിയെ ചേർത്തല എൻഎസ്എസ് കോളേജിൽ നിന്ന് തിരുവനന്തപുരം വിമൻസ് കോളേജിലേക്ക് മാറ്റി സർക്കാർ ഇറക്കിയ ഉത്തരവാണ് ഇന്ന് പുറത്തു വന്നത്. വൈസ് ചാൻസലർക്കുള്ള മാത്രം വിദ്യാ‌ർത്ഥികളുടെ കോളേജ് മാറ്റാൻ അധികാരം ഉണ്ടെന്നിരിക്കെയാണ് അത് മറി കടന്നു കൊണ്ട് മന്ത്രിയുടെ ഇടപെടൽ നടന്നത്.

click me!