Asianet News MalayalamAsianet News Malayalam

കോളേജ് മാറ്റത്തിലും മന്ത്രിയുടെ ചട്ടവിരുദ്ധ ഇടപെടൽ: ജലീലിനെതിരായ കുരുക്ക് വീണ്ടും മുറുകുന്നു

എംജി, കേരള സ‌ർവകലാശാലകളിൽ ചട്ടവിരുദ്ധമായി ഇടപെടൽ നടത്തിയതിന് തെളിവുകൾ പുറത്തു വന്നതിന് തൊട്ടു പിന്നാലെയാണ് കേരള സ‌ർവകലാശാലക്ക് കീഴിൽ തന്നെ മന്ത്രി മറ്റൊരു ഇടപെടൽ കൂടി നടത്തിയെന്നതിന്റെ  വിവരങ്ങൾ പുറത്തു വരുന്നത്. 

Minister's unlawful intervention in college change
Author
Trivandrum, First Published Oct 18, 2019, 10:17 AM IST

തിരുവനന്തപുരം: കേരള സ‍‌‌ർവകലാശാലയ്ക്ക് കീഴിലെ കോളേജ് മാറ്റത്തിലും മന്ത്രി കെ ടി ജലീലിന്റെ ചട്ടവിരുദ്ധ ഇടപെടൽ. വിദ്യാർത്ഥിനിയെ ചേർത്തല എൻഎസ്എസ് കോളേജിൽ നിന്ന് തിരുവനന്തപുരം വിമൻസ് കോളേജിലേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കി. വൈസ് ചാൻസലർക്കുള്ള മാത്രം വിദ്യാ‌ർത്ഥികളുടെ കോളേജ് മാറ്റാൻ അധികാരം ഉണ്ടെന്നിരിക്കെയാണ് അത് മറി കടന്നു കൊണ്ടുള്ള മന്ത്രിയുടെ ഇടപെടൽ.

എംജി, കേരള സ‌ർവകലാശാല, സാങ്കേതിക സ‌ർവകലാശാല എന്നിവിടങ്ങളിൽ ചട്ടവിരുദ്ധമായി ഇടപെടൽ നടത്തിയതിന് തെളിവുകൾ പുറത്തു വന്നതിന് തൊട്ടു പിന്നാലെയാണ് കേരള സ‌ർവകലാശാലക്ക് കീഴിൽ തന്നെ മന്ത്രി കെ ടി ജലീൽ മറ്റൊരു ഇടപെടൽ കൂടി നടത്തിയതിന്റെ വിവരങ്ങൾ പുറത്തു വരുന്നത്. 

കേരള സർവകലാശാലയിലെ  മൂല്യനിർണയത്തിലും എംജി സ‌ർവകലാശാലയിലെ മാർക്കുദാനത്തിലും മന്ത്രി ഇടപെടൽ നടത്തിയെന്ന ആരോപണങ്ങൾക്ക് പുതിയ വിവാദം മൂ‌ർച്ച കൂട്ടും. കെ ടി ജലീൽ രാജി വച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണം എന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ആണ് പ്രതിപക്ഷം കെ ടി ജലീലിനെതിരെ ആഞ്ഞടിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒന്നിന് പിറകെ ഒന്നായി ഉയരുന്ന ആരോപണങ്ങൾ സ‌ർക്കാരിന് തലവേദനായിട്ടുണ്ട്. മന്ത്രിയുടെ വിവാ​ദ ഇടപെടലുകൾ ഒന്നൊന്നായി ഇങ്ങനെ...

കേരള സ‌ർവകലാശാല-മൂല്യനിർണയത്തിലെ ഇടപെടൽ

കേരള സർവകലാശാലയുടെ മൂല്യനിർണയ കാര്യങ്ങളിൽ ചട്ടം ലംഘിച്ച് മന്ത്രി കെ ടി ജലീൽ ഇടപെട്ടതായി തെളിവുകൾ പുറത്തു വന്നത് രണ്ട് ദിവസങ്ങൾക്ക് മുൻപാണ്. മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരം മൂല്യനിർണയത്തീയതികളിലും പരീക്ഷാ കലണ്ടറിലും മാറ്റം വരുത്താൻ തീരുമാനിച്ചതായുള്ള കേരള സർവകലാശാലയുടെ സിൻഡിക്കേറ്റ് തീരുമാനങ്ങളടങ്ങിയ മിനിറ്റ്‍സ് ആണ് പുറത്തു വന്നത്.

പരീക്ഷാ മൂല്യനിർണയത്തിലും പരീക്ഷാ കലണ്ടറിലും മാറ്റം വരുത്താൻ മന്ത്രിയുടെ ഓഫീസ് നേരിട്ട് നിർദേശിച്ചു എന്നാണ് വ്യക്തമായത്. അക്കാദമിക് കലണ്ടറടക്കമുള്ള കാര്യങ്ങൾ സർവകലാശാലയുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണ്. ബജറ്റുൾപ്പടെയുള്ള ഭരണകാര്യങ്ങളിൽ പ്രോ ചാൻസലർ എന്ന നിലയ്ക്ക് മന്ത്രിക്ക് ഇടപെടാമെങ്കിലും, അക്കാദമിക കാര്യങ്ങളിൽ ഇടപെടാൻ പാടില്ലെന്ന് ചട്ടം തന്നെയുണ്ട്. ഇത് ലംഘിച്ചാണ് മന്ത്രിയുടെ ഓഫീസ്, മൂല്യനിർണയത്തിന്‍റെ തീയതികൾ മാറ്റാൻ നിർദേശിച്ചത്.

എംജി സ‌ർവകലാശാല- മാ‌ർക്ക് ദാനം

എംജി സർവകലാശാലക്ക് കീഴിൽ മന്ത്രി ചട്ടവിരുദ്ധമായി ഇടപെട്ടുവെന്ന ആരോപണം ഉന്നയിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. കോതമംഗലം എഞ്ചിനീയറിംഗ് കോളേജിലെ ഒരു വിദ്യാർത്ഥിക്ക് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ചേർന്ന് മാർക്ക് കൂട്ടി നൽകിയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. 

Read More: മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി; ജലീല്‍-ചെന്നിത്തല പോര് തുടരുന്നു

കോട്ടയത്ത് എംജി സർവകലാശാലയിൽ ഈ വർഷം ഫെബ്രുവരി നടത്തിയ അദാലത്തിന്റെ മറവിലാണ് മാർക്ക് ദാനം നടന്നത്. സർവ്വകലാശാല അദാലത്തിൽ മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നാലെ വിഷയം സിൻഡിക്കേറ്റ് യോഗത്തിൽ വയ്ക്കാൻ തീരുമാനിച്ചു. ഇത് ചട്ടവിരുദ്ധമാണെന്ന് വൈസ് ചാൻസിലർ ചൂണ്ടിക്കാട്ടിയപ്പോൾ സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങൾ ഔട്ട് ഓഫ് അജണ്ടയായി ഇക്കാര്യം കൊണ്ടുവന്നു. മന്ത്രിക്ക് മുന്നിൽ പരാതി ഉന്നയിച്ച വിദ്യാർത്ഥിക്ക് ഒരു മാർക്ക് നൽകാൻ ആയിരുന്നു തീരുമാനം.

സാങ്കേതിക സ‌ർവകലാശാല- ​​​തോറ്റ വിദ്യാ‍ർത്ഥിക്ക് പുനർമൂല്യനിർണയത്തിൽ ജയം

പരീക്ഷയിൽ തോറ്റ ബിടെക്ക് വിദ്യാർത്ഥിയെ ജയിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ ഇടപെട്ടു എന്നതായിരുന്നു ആദ്യത്തെ ആരോപണം. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കൊളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാ‍ർത്ഥി ശ്രീഹരിക്ക് വേണ്ടി മന്ത്രി ജലീൽ ഇടപെട്ടുവെന്നാണ് ആരോപണം.

അഞ്ചാം സെമസ്റ്റർ ഡൈനാമിക്സ് ഓഫ് മെഷനറീസ് പരീക്ഷക്ക് ശ്രീഹരിക്ക് ആദ്യം ലഭിച്ചത് 29 മാർക്ക് ആയിരുന്നു. പുനർമൂല്യനിർണ്ണയത്തിന് ശേഷം 32 മാര്‍ക്ക് കിട്ടിയെങ്കിലും ജയിക്കാൻ വേണ്ടത് 45 മാർക്ക് ആയിരുന്നു. വീണ്ടും മൂല്യനിർണ്ണയത്തിന് അപേക്ഷിച്ചെങ്കിലും ചട്ടം അനുവദിക്കുന്നില്ലെന്ന് സാങ്കേതിക സർവ്വകലാശാല മറുപടി നൽകി. തുടർന്നാണ് മന്ത്രിയെ നേരിട്ട് സമീപിച്ചത്. 

തുട‌ർന്ന് മന്ത്രി കെ ടി ജലീൽ ഇടപെട്ട്  അദാലത്തിലൂടെ പുനർ മൂല്യ നിർണ്ണയത്തിന് നിർദ്ദേശം നൽകുകയായിരുന്നു. നടപടിയിൽ സാങ്കേതിക സർവ്വകലാശാലയോട് രാജ്ഭവൻ വിശദീകരണം തേടി. സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റിയുടെ പരാതി പരിഗണിച്ചായിരുന്നു രാജ് ഭവൻ ഇടപെടൽ.

വിവാദങ്ങൾക്ക് ജലീലിന്റെ മറുപടി

 പ്രതിപക്ഷ നേതാവ് പറയുന്നത് പച്ചക്കള്ളമാണെന്നാണ് ആരോപണങ്ങൾക്ക് മന്ത്രി നൽകിയ മറുപടി. വിവാദങ്ങൾക്ക് പിന്നിൽ വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളിൽ വിറളി പിടിച്ചവരെയും മന്ത്രി പറയുന്നു. എംജി സർവ്വകലാശാല അദാലത്തിൽ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തിട്ടില്ല എന്ന് പറഞ്ഞിട്ടില്ലെന്നും ഒപ്പിട്ടിട്ടില്ല എന്നും പറഞ്ഞതെന്നും മന്ത്രി വിശദീകരിച്ചിരുന്നു. മോ‍ഡറേഷനെ മാർക്ക് ദാനം എന്ന് വിളിക്കുന്ന ചെന്നിത്തല തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉന്നയിക്കുന്നതാണ് ഈ ആരോപണങ്ങളെന്നും കെ ടി ജലീൽ കുറ്റപ്പെടുത്തി.

Read More:മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി; ജലീല്‍-ചെന്നിത്തല പോര് തുടരുന്നു

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയായി പ്രമുഖ നേതാവിന്റെ മകന്റെ സിവിൽ സർവ്വീസ് ജയം സംശയാസ്പദമെന്നും ഇതിൽ അന്വേഷണത്തെ കുറിച്ച് സർക്കാർ ആലോചിക്കും എന്നും ആണ് ആരോപണങ്ങൾക്ക് മന്ത്രി തിരിച്ചടി നൽകിയത്. 

Read More: ദുഷ്പ്രചാരണങ്ങൾക്ക് പിന്നിൽ മാറ്റങ്ങളിൽ വിറളി പിടിച്ചവരെന്ന് ജലീൽ; വിവാദങ്ങൾ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം

പരാതിയുമായി ​ഗവർണ്ണറെ അടക്കം കണ്ട പ്രതിപക്ഷം വീണു കിട്ടിയ പുതിയ ആരോപണവും രാഷ്ട്രീയ ആയുധമാക്കും. സർവകലാശാലകളുടെ സ്വയംഭരണാവകാശം അട്ടിമറിച്ച് മന്ത്രി നടത്തുന്ന ഇടപെടലുകൾ ​ഗുരുതര ക്രമക്കേടായി ഉയ‌ർത്തി കാട്ടുന്ന പ്രതിപക്ഷം മന്ത്രിയുടെ രാജി എന്ന ആവശ്യം ഇനിയും കടുപ്പിക്കും. ആരോപണങ്ങളെ പ്രതിരോധിക്കാൻ സർക്കാർ എന്ത് വിശദീകരണം ആകും നൽകുന്നത് എന്നാണ് ഇനി അറിയേണ്ടത്.

Follow Us:
Download App:
  • android
  • ios