Covid Kerala : കൊവിഡ് കുതിച്ചുയരുമ്പോൾ സ്കൂളുകൾ അടയ്ക്കുമോ? നാളെ അറിയാം

By Web TeamFirst Published Jan 13, 2022, 12:35 PM IST
Highlights

നാളെ മൂന്ന് മണിക്ക് ചേരുന്ന കൊവിഡ് അവലോകനയോഗത്തിൽ സാങ്കേതികവിദഗ്ധരുടെ അഭിപ്രായങ്ങൾ കൂടി മാനിച്ചുകൊണ്ട് അന്തിമതീരുമാനം എടുക്കാമെന്നാണ് നിലവിൽ ധാരണയായിരിക്കുന്നത്. വിദ്യാഭ്യാസമന്ത്രി മുഖ്യമന്ത്രിയെ കണ്ടു. 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുകയും ഒമിക്രോൺ തരംഗം വ്യാപകമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്കൂളുകൾ അടയ്ക്കണോ എന്ന കാര്യത്തിൽ നാളെ അന്തിമതീരുമാനം. നാളെ മൂന്ന് മണിക്ക് ചേരുന്ന കൊവിഡ് അവലോകനയോഗത്തിൽ സാങ്കേതികവിദഗ്ധരുടെ അഭിപ്രായങ്ങൾ കൂടി മാനിച്ചുകൊണ്ട് അന്തിമതീരുമാനം എടുക്കാമെന്നാണ് നിലവിൽ ധാരണയായിരിക്കുന്നത്. ഇക്കാര്യം ചർച്ച ചെയ്യാൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. 

പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിംഗ് കോളേജിൽ ഒമിക്രോൺ ക്ലസ്റ്റർ രൂപപ്പെടുകയും, തിരുവനന്തപുരത്തെ ഫാർമസി കോളേജ്, തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നിവിടങ്ങളിൽ കൊവിഡ് ക്ലസ്റ്ററുകൾ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തരമായി സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് അടിയന്തരമായി തീരുമാനമെടുക്കണമെന്ന് സർക്കാർ തീരുമാനിച്ചത്. സ്കൂളുകൾ പൂർണമായി അടച്ചിടില്ല എന്ന് തന്നെയാണ് ഇപ്പോൾ തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. 

10, 12 ക്ലാസ്സുകൾ എന്തായാലും ഓഫ് ലൈനായിത്തന്നെ തുടരും. പതിനൊന്നാം ക്ലാസ്സും ചിലപ്പോൾ ഓഫ് ലൈനായിത്തന്നെ തുടർന്നേക്കും. ഒന്ന് മുതൽ ഒമ്പതാംക്ലാസ്സ് വരെ വീണ്ടും ഓൺലൈനാക്കിയേക്കാൻ സാധ്യതയുണ്ട്. നിലവിൽ രണ്ട് ബാച്ചുകളായി മൂന്ന് ദിവസം വീതമായാണ് സ്കൂളുകളിൽ ക്ലാസ്സുകൾ നടക്കുന്നത്. ഇതിൽ മാറ്റമുണ്ടായേക്കാം. പരീക്ഷാത്തീയതികളിൽ മാറ്റമില്ലാതെ തുടരാനും അക്കാദമിക് കലണ്ടർ താളം തെറ്റാതെ തുടരാനും വേണ്ട നടപടികളുണ്ടാകും. 

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ അടയ്ക്കുന്നത് സംബന്ധിച്ച തീരുമാനം നാളെയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി pic.twitter.com/AjK8GrGDrY

— Asianet News (@AsianetNewsML)

 

 

click me!