
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്കുള്ള നാമനിർദ്ദേശപത്രിക സമർപ്പണം നാളെ നടക്കുമെന്ന് പി കെ കൃഷ്ണദാസ്. ഒറ്റ പത്രിക മാത്രമാണ് സമർപ്പിക്കുന്നതെങ്കിലും ഐക്യകണ്ഠേന തീരുമാനമെടുക്കുമെന്നും വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുടെ വിജയം ഉറപ്പാക്കാൻ സാധിക്കുന്നയാളായിരിക്കും സംസ്ഥാന അധ്യക്ഷനായി വരികയെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു.
ഒറ്റപ്പേര് മാത്രമാകും ദേശീയനേതാക്കൾ കോർ കമ്മിറ്റിയിൽ മുന്നോട്ടുവെക്കുക. വൈകീട്ട് മൂന്നുമണി വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. അധ്യക്ഷനെ നാളെ അറിയാമെങ്കിലും 24നായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. കെ സുരേന്ദ്രൻ തുടരുമോ പുതിയ നേതാവ് വരുമോ എന്നതിലെ ആകാംക്ഷ തുടരുകയാണ്. താഴെത്തട്ട് മുതൽ പുനഃസംഘടിപ്പിച്ചാണ് സംസ്ഥാന അധ്യക്ഷനിലേക്ക് പാർട്ടി തെരഞ്ഞെടുപ്പിലേക്ക് എത്തുന്നത്. ഉച്ചയ്ക്ക് രണ്ടുമുതൽ മൂന്നുമണി വരെയാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം.
ഔദ്യോഗിക പ്രഖ്യാപനം മറ്റന്നാൾ ആണെങ്കിലും മത്സരം ഒഴിവാക്കിയുള്ള തെരഞ്ഞെടുപ്പ് രീതിയാണ് ബിജെപിയുടേത്. അതിനാൽ കേന്ദ്ര നേതൃത്വം നിർദ്ദേശിക്കുന്ന ഒരാൾ മാത്രമാകും നാമനിർദ്ദേശപത്രിക സമർപ്പിക്കുക. സംസ്ഥാന അധ്യക്ഷ പദവിയിലുള്ള കെ. സുരേന്ദ്രൻ അഞ്ചുവർഷം പിന്നിട്ടു കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ സുരേന്ദ്രൻ തുടരട്ടെ എന്ന് തീരുമാനിച്ചാൽ സംസ്ഥാന ഭാരവാഹികളും ദേശീയ കൗൺസിൽ അംഗങ്ങളും മാത്രമാണ് പുതുതായി വരിക. എം ടി രമേശ്, ശോഭാസുരേന്ദ്രൻ എന്നിവരാണ് സീനിയോറിറ്റി അനുസരിച്ച് പാർട്ടിയിൽ സംസ്ഥാന അധ്യക്ഷ പദവിക്കായി കാത്തു നിൽക്കുന്നത്. മുഖംമിനുക്കാൻ തീരുമാനിച്ചാൽ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ പരിഗണിക്കപ്പെട്ടേക്കാം.
രാവിലെ, കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കറുടെ നേതൃത്വത്തിൽ കോർ കമ്മിറ്റി ചേരും. ഈ യോഗത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം നേതാക്കളെ അറിയിക്കും. പ്രഹ്ലാദ് ജോഷി കൂടി പങ്കെടുക്കുന്ന സംസ്ഥാന കൗൺസിലിലും തർക്കങ്ങൾ ഇല്ലാതെ ഒറ്റപ്പെരിലേക്ക് എത്താനുള്ള നിർദേശം അറിയിക്കും. ഔദ്യോഗിക പ്രഖ്യാപനം മറ്റന്നാൾ ആണെങ്കിലും കോർ കമ്മിറ്റി തീരുമാനം പുറത്തുവരുന്നത്തോടെ പുതിയ അധ്യക്ഷൻ ആരെന്ന് വെളിപ്പെടും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam