മുംബൈ/തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരെ പീഡനപരാതി നൽകിയ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. വിവാഹവാഗ്‍ദാനം നൽകി പീഡിപ്പിച്ചു എന്നാണ് യുവതി ബിനോയിക്കെതിരെ നൽകിയ പരാതി. അതിനാലാണ് മജിസ്ട്രേറ്റിന് മുമ്പാകെ യുവതിയുടെ 164 സ്റ്റേറ്റ്‍മെന്‍റ് രേഖപ്പെടുത്തുന്നത്.
തൽക്കാലം ബിനോയിയെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് മുംബൈ പൊലീസിന്‍റെ തീരുമാനം. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകുന്നത് വരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യില്ല. വ്യാഴാഴ്ചയാണ് ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷ മുംബൈ ദിൻദോഷി കോടതി പരിഗണിക്കുന്നത്. തിങ്കളാഴ്ച ജാമ്യാപേക്ഷ പരിഗണിക്കേണ്ടതായിരുന്നെങ്കിലും ജഡ്ജി അവധിയായിരുന്നതിനാൽ കേസ് മാറ്റുകയായിരുന്നു.
അതേസമയം, ഒരാഴ്ചയിലേറെ കേരളത്തിൽ പരിശോധന നടത്തിയിട്ടും മുംബൈയിൽ നിന്ന് വന്ന പൊലീസ് സംഘത്തിന് ബിനോയി എവിടെ എന്നത് സംബന്ധിച്ച് സൂചന കിട്ടിയിട്ടില്ല. ബിനോയിയുടെ കുടുംബ വീടുകളിൽ പോയി നോട്ടീസ് നൽകിയും കണ്ണൂരിലും തിരുവനന്തപുരത്തുമായി വിവരശേഖരണം നടത്തിയും വെറുംകൈയോടെ സംഘം തിരികെ പോയി.
മുംബൈയിൽ നടക്കുന്ന അന്വേഷണവും കാര്യമായി മുന്നോട്ട് പോകുന്നില്ല. മൊഴിനൽകാനും കേസിന്‍റെ വിവരങ്ങൾ ആരായാനുമായി പരാതിക്കാരി മൂന്ന് തവണ ഓഷിവാര സ്റ്റേഷനിലെത്തിയിരുന്നു. ഒരാഴ്ചയിലേറെയായി ഒളിവിലുള്ള ബിനോയിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ കേസന്വേഷണം മുന്നോട്ടുപോകൂ. അതേസമയം, വ്യാഴാഴ്ച കോടതിയിൽ നിന്നും ജാമ്യം കിട്ടിയാൽ പൊലീസുമായി സഹകരിക്കാമെന്ന നിലപാടിലാണ് ബിനോയ് എന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam