
കല്‍പ്പറ്റ: നിരീക്ഷണ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി വയനാട് ജില്ലാ ഭരണകൂടം. പാസ്‌പോര്‍ട്ട് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള പറഞ്ഞു. അയല്‍ജില്ലകളില്‍ രോഗം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ വയനാട്ടിലേക്കുള്ള യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്താനും തീരുമാനമായി.
കൊവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ജില്ലകളിലൊന്നാണ് വയനാട്. ഇതുവരെ 17 കേസുകള്‍ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 11 കേസുകള്‍ നിരീക്ഷണകാലയളിലുള്ളവര്‍ അധികൃതരുടെ നിര്‍ദേശം അവഗണിച്ചതിനും, 2 കേസുകള്‍ രോഗവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെയുമാണ്.
ആള്‍ക്കൂട്ട പ്രാര്‍ത്ഥനകള്‍ നടത്തിയ നാല് ആരാധനാലയങ്ങളുടെ കമ്മറ്റിഭാരവാഹികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഈ കേസുകളില്‍ ഇതുവരെ 13പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇനിയും ആളുകള്‍ നിര്‍ദേശങ്ങള്‍ അവഗണിക്കുകയാണെങ്കില്‍ കര്‍ശന നടപടികളിലേക്ക് നീങ്ങാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
ഹോം ക്വാറന്റൈനില്‍കഴിയുന്നവരെ മൊബൈല്‍ടവര്‍ ലൊക്കേഷന്‍ വഴി നിരീക്ഷിക്കാന്‍ ജിയോ ഫെന്‍സിംഗ് സംവിധാനവും ജില്ലയില്‍ നടപ്പിലാക്കി. അതേസമയം കോഴിക്കോട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ കൂടുതല്‍പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലേക്കുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിക്കാന്‍ തീരുമാനിച്ചു. അന്യ ജില്ലകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ജില്ലയിലേക്ക് വിനോദ സഞ്ചാരത്തിനായി വരുന്നുണ്ടെന്ന വിവരത്തെതുടര്‍ന്നാണ് ദുരന്ത നിവാരണ നിയമപ്രകാരമുള്ള കളക്ടറുടെ നടപടി.
ജില്ലയിലേക്കുള്ള പ്രവേശന കവാടങ്ങളായ ലക്കിടി, നിരവില്‍പുഴ, പേര്യ, ബോയ്‌സ്ടൗണ്‍ എന്നിവിടങ്ങളില്‍ പ്രത്യേകസംഘത്തെ പരിശോധനയ്ക്കായി നിയോഗിച്ചു. വാഹനത്തില്‍ ജില്ലയിലേക്ക് വരുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചതിന് ശേഷമേ കടത്തി വിടുകയുള്ളൂ. കാസര്‍കോടുനിന്നും കര്‍ണാടകത്തുനിന്നും ജില്ലയ്ക്കകത്തേക്ക് വരുന്നവര്‍ നിര്‍ബന്ധമായും 14ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam