
ദില്ലി: കേരളം ഒന്നാകെ കാത്തിരിക്കുന്ന ദേശീയ പാത 66 പുതുവര്‍ഷ സമ്മാനമെന്ന് പ്രഖ്യാപിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. 2025 ഡിസംബറിൽ തന്നെ പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നൽകിയെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2026 ലെ പുതുവർഷ സമ്മാനമാകും ദേശീയ പാത. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദില്ലിയിൽ ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് മുഹമ്മദ് റിയാസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ദേശീയ പാത പൂര്‍ത്തിയാകുന്നത് സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും ഒരുപോലെ നേട്ടമാണ്. വലിയ പ്രതിസന്ധികളെ അതിജീവിച്ച് സ്ഥലം ഏറ്റെടുത്ത് നൽകിയത് പ്രചാരണത്തിലെ മുഖ്യ നേട്ടമായി എല്‍ഡിഎഫ് ഉയര്‍ത്തും.
ദേശീയപാത നിർമ്മാണത്തിലെ ദൗർഭാഗ്യകമായ സംഭവങ്ങൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായുള്ള ചർച്ചയിലുയർന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 360 മീറ്റർ വയഡക്ട് നിർമ്മിക്കുമെന്ന് ഉറപ്പ് നൽകി. നിർമ്മാണത്തിലെ അപാകതകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയെന്നും റിയാസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. എൻഎച്ച് 66 യാഥാർത്ഥ്യമാകില്ലെന്ന വാദങ്ങളെ സർക്കാർ നിഷ്പ്രഭമാക്കി. സംസ്ഥാന സർക്കാരും, മുഖ്യമന്ത്രിയും സാധ്യമായ എല്ലാ ഇടപെടലുകളും നടത്തി സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനമെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
കടമെടുപ്പ് പരിധി പ്രശ്നം പരിഹരിക്കാൻ ഇടപെടൽ തേടിയിട്ടുണ്ട്. കമ്പനി സ്വന്തം ചെലവിൽ കൂരിയാട് നിർമ്മാണം നടത്തും. ജലാശയങ്ങളിലെ മണ്ണ് എല്ലാ പരിശോധനയും നടത്തിയ ശേഷമേ റോഡ് നിർമ്മാണത്തിന് നൽകൂ. ഗുണമേന്മ ഉറപ്പ് വരുത്തും. ഇറിഗേഷൻ, ഇൻലൻഡ് നാവിഗേഷൻ വകുപ്പും, എൻഎച്ച്എഐയുമാണ് ഗുണമേന്മ പരിശോധിക്കേണ്ടത്. എൻഎച്ച് 66 ൽ ബൈക്ക്, ഓട്ടോറിക്ഷ അടക്കം ചെറു വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകുമോയെന്ന് പിന്നീട് വ്യക്തമാക്കാം, ആദ്യം നിർമ്മാണം പൂർത്തിയാക്കട്ടെ എന്നാണ് മന്ത്രി പറഞ്ഞത്. കുരിയാട് സന്ദർശിക്കാത്തത് വിവാദമാക്കേണ്ട കാര്യമില്ല. എല്ലാ ഇടപെടലുകളും നടത്തിയിട്ടുണ്ട്. സന്ദർശനത്തിലല്ല കാര്യം, വിഷയം പരിഹരിക്കുന്നതിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതിക്കും കേന്ദ്രാനുമതിയായി. ഇതിന്‍റെ നിർമ്മാണത്തിനായി ജൂലൈ അവസാനം ഉത്തരവിറങ്ങും. പാലക്കാട് - കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്ക് ജൂലൈ അവസാനത്തോടെ അംഗീകാരമാകും. കൊല്ലം ചെങ്കോട്ട ഗ്രീൻഫീൽസ് പദ്ധതിക്ക് സെപ്റ്റംബറോടെ ഉത്തരവാകും. കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട റോഡ് വികസനത്തിനും അനുമതി കിട്ടുമെന്നും മന്ത്രി അറിയിച്ചു.