വിന്‍റര്‍ സീസണ്‍ വിമാനസര്‍വീസുകൾ കേരളത്തിൽ നിന്ന് മാറ്റി, പ്രവാസികൾക്ക് ആശങ്ക; വ്യേമയാന മന്ത്രാലയത്തിന് കത്തയക്കുമെന്ന് മുഖ്യമന്ത്രി

Published : Sep 28, 2025, 12:14 PM IST
Kannur Airport

Synopsis

സംസ്ഥാനത്തെ എയർപോർട്ടുകളിൽ നിന്ന് വിന്റർ സീസൺ വിമാനങ്ങൾ മാറ്റിയ നടപടി പുനഃപരിശോധിക്കാൻ കേന്ദ്രത്തിന് കത്തയക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രവാസികൾ മുന്നോട്ടുവെച്ച ആശയങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി: സംസ്ഥാനത്തെ എയർപോർട്ടുകളിൽ നിന്ന് വിന്‍റര്‍ സീസണ്‍ വിമാനസര്‍വീസുകൾ മംഗളൂരു, ലഖ്നൗ, ജയ്പൂര്‍ എന്നിവിടങ്ങളിലേയ്ക്ക് മാറ്റിയ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കേന്ദ്ര വ്യേമയാന മന്ത്രാലയത്തിന് അയക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റിനോടനുബന്ധിച്ച് മെൽബൺ എയർപോർട്ട് പ്രോജക്ട് മാനേജരായ ആഷിഖ് അഹമ്മദിന്‍റെ കേരള എയർടെക് കോറിഡോർ എന്ന ആശയത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രവാസികൾക്ക് സഹായകരമായി ഉയർന്നു വന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് ഉൾപ്പെടെയുള്ള വിമാനങ്ങളാണ് വഴിതിരിച്ചുവിടുന്നത്. ഇത് ഇവിടെത്തന്നെ പുനസ്ഥാപിക്കണം എന്നതാണ് കേരളത്തിന്‍റെ ആവശ്യം. ഫ്ലൈറ്റുകൾ ഏറ്റവും കൂടുതൽ ഇല്ലാതാകുന്നത് കണ്ണൂർ എയർപോർട്ടിനാണെന്നും, പോയിന്‍റ് ഓഫ് കോൾ സൗകര്യം ലഭിക്കാത്തതുൾപ്പെടെയുള്ള പ്രശ്നങ്ങൾ കണ്ണൂർ വിമാനത്താവളത്തെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ നാല് വിമാനത്താവളങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഒറ്റ ഡിജിറ്റൽ സംവിധാനത്തിന് കീഴിൽ കൊണ്ടുവരാനുള്ള 'കേരള എയർടെക് കോറിഡോർ എന്ന ആശയം സംസ്ഥാനത്തിന് കരുത്തുപകരുന്ന ഒന്നാണ്. ടയർ 2, ടയർ 3 നഗരങ്ങളിലേക്കുള്ള വളർച്ച സാധ്യമാക്കുന്ന ഈ ആശയം ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രമുഖ ഓസ്‌ട്രേലിയൻ സ്ഥാപനങ്ങളുമായും വ്യവസായങ്ങളുമായും കേരളത്തിലെ മികച്ച സർക്കാർ, സ്വകാര്യ സർവ്വകലാശാലകളെ ബന്ധിപ്പിക്കാനുള്ള ന്യൂകാസിൽ സർവ്വകലാശാലയിലെ ലോറേറ്റ് പ്രൊഫസറും ഡയറക്ടറുമായ പ്രൊഫ. അജയൻ വിനുവിന്‍റെ ആശയം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ കരുത്തും വിദ്യാർത്ഥികൾക്ക് മികച്ച പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ട്രോയ് യൂണിവേഴ്സിറ്റി പ്രൊഫ. ഡോ പ്രിയ മുന്നോട്ടുവെച്ച ഇന്റർനാഷണൽ നോളജ് എക്സ്ചേഞ്ച് പ്ലാറ്റ്ഫോം എന്ന ആശയം മികച്ചതാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഇതിന്റെ മറ്റു വിശദാംശങ്ങൾ തുറന്ന് ചർച്ച ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു.

മുതിർന്ന പൗരൻമാർക്കായുള്ള 'സ്നേഹക്കൂട്' എന്ന എയ്ഞ്ചൽ മൗണ്ട് കെയർ ഹോം സ്ഥാപക ഷിനു ക്ലെയർ മാത്യൂസിന്‍റെ ആശയത്തിൽ കേരള സോഷ്യൽ സെക്യൂരിറ്റി ആൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷനുമായി തുടർ ചർച്ചകൾ നടത്തുന്നത് ഉചിതമായിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് വയോജന കമ്മീഷൻ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാരുടെ സന്തോഷവും ആരോഗ്യവും നിലനിർത്താൻ ആവശ്യമായ എല്ലാ നടപടികളുമായിട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. നിലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസ സൗകര്യങ്ങൾ ഉൾപ്പടെ ഒരുക്കാനുള്ള ശ്രമങ്ങൾ ഈ മേഖലയിൽ നടന്നുവരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഫ്ലോറിഡ ഇന്‍റർനാഷണൽ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. മുഹമ്മദ് അബ്ദുൽ മുനീർ മുന്നോട്ട് വെച്ച 'അഡ്വാൻസ് ബ്രെയിൻ ഹെൽത്ത് എജുക്കേഷൻ പ്രോഗ്രാം' മികച്ച ആശയമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇത് എങ്ങനെ പ്രാവർത്തികമാക്കാമെന്ന് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്