ഗവർണറുടെ കടുംവെട്ട്; സെനറ്റ് അംഗങ്ങളെ പിൻവലിച്ച് രാജ്ഭവൻ ഉത്തരവിറക്കി, പോര് കടുക്കുന്നു

Published : Oct 19, 2022, 06:45 PM ISTUpdated : Oct 19, 2022, 06:58 PM IST
ഗവർണറുടെ കടുംവെട്ട്; സെനറ്റ് അംഗങ്ങളെ പിൻവലിച്ച് രാജ്ഭവൻ ഉത്തരവിറക്കി, പോര് കടുക്കുന്നു

Synopsis

സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഇന്ന് ഉത്തരവ് ഇറക്കണമെന്ന് ഗവർണർ കേരള വിസിക്ക് വീണ്ടും അന്ത്യശാസനം നൽകിയിരുന്നു. ഇത് വിസി തള്ളിയതിന് പിന്നാലെയാണ് രാജ്ഭവൻ തന്നെ നേരിട്ട് ഉത്തരവിറക്കിയത്. 

തിരുവനന്തപുരം: അസാധാരണ നടപടിയുമായി വീണ്ടും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള സർവകലാശാല സെനറ്റിലെ 15 അംഗങ്ങളെ പിൻവലിച്ച് രാജ്ഭവൻ ഉത്തരവിറക്കി. സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഇന്ന് ഉത്തരവ് ഇറക്കണമെന്ന് ഗവർണർ കേരള വിസിക്ക് വീണ്ടും അന്ത്യശാസനം നൽകിയിരുന്നു. ഇത് വിസി തള്ളിയതിന് പിന്നാലെയാണ് രാജ്ഭവൻ തന്നെ നേരിട്ട് ഉത്തരവിറക്കിയത്. ഗസറ്റ് വിജ്ഞാപനം ഇറക്കിയ രാജ്ഭവൻ, ഇക്കാര്യം വൈസ് ചാൻസലറെ അറിയിച്ചു.

ചാൻസലറെന്ന അധികാരം പ്രയോഗിച്ചാണ് താൻ നോമിനേറ്റ് ചെയ്ത അംഗങ്ങളെ അസാധാരണ നടപടിയിലൂടെ ഗവർണർ നേരത്തെ പിൻവലിച്ചത്. വിസി നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദ്ദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് ചാൻസലർ അയോഗ്യരാക്കിയത്. നാല് വകുപ്പ് മേധാവിമാരെയും രണ്ട് സിന്റിക്കേറ്റ് അംഗങ്ങളെയും ഉൾപ്പെടെയാണ് പിൻവലിച്ചത്. പിന്നീട് ഇക്കാര്യത്തിൽ ഉത്തരവിറക്കാൻ കേരള സർവകലാശാല വിസിയോട് ഗവർണ‍ർ നിർദേശിച്ചിരുന്നു. എന്നാൽ നിയമപരമായ നടപടിയല്ല ഉണ്ടായതെന്ന് വ്യക്തമാക്കി വിസി ഈ നിർദേശം തള്ളി. പിന്നാലെ ഗവർണർ അന്ത്യശാസനം നൽകിയെങ്കിലും സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി ചട്ട വിരുദ്ധമാണെന്നും അംഗങ്ങളെ പിൻവലിക്കാൻ കഴിയില്ലെന്നും വൈസ് ചാൻസലർ മറുപടി നൽകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും ഗവർണർ വിസിക്ക് അന്ത്യശാസനം നൽകിയത്. ഇന്ന് വൈകീട്ടത്തേക്ക് മുന്നേ ഉത്തരവ് ഇറക്കണമെന്നതായിരുന്നു നിർദേശം. ഇത് വിസി അനുസരിക്കാതെ വന്നതോടെയാണ് അസാധാരണ നടപടിയുമായി രാജ്ഭവൻ രംഗത്തെത്തിയത്. 

ഗവർണറുടെ നടപടിക്കെതിരെ നേരത്തെ മന്ത്രിമാർ രംഗത്തെത്തിയിരുന്നു. ഇനി വിമർശിച്ചാൽ മന്ത്രിമാരെ പിൻവലിക്കുമെന്ന ഭീഷണിയായിരുന്നു ഗവർണറുടെ മറുപടി.  ഇതിനു പിന്നാലെ, ഇല്ലാത്ത അധികാരം ഉണ്ടെന്ന് ഭാവിച്ച് ജനമധ്യത്തിൽ അപഹാസ്യനാകരുതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയും രംഗത്തെത്തി. സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. എന്നാൽ അസാധാരണ ഉത്തരവ് പുറത്തിറക്കുക വഴി അയയില്ലെന്ന സൂചന ശക്തമാക്കിയിരിക്കുകയാണ് ഗവർണർ. അതേസമയം പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങൾ.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം