'കോഴിക്കടകളും തട്ടുകടകളും ചേർത്താണ് മന്ത്രിയുടെ കണക്ക്', തരൂരിനെ വിമർശിക്കാതെ വ്യവസായ നേട്ടങ്ങളെ തള്ളി സുധാകരൻ

Published : Feb 16, 2025, 04:05 PM IST
'കോഴിക്കടകളും തട്ടുകടകളും ചേർത്താണ് മന്ത്രിയുടെ കണക്ക്', തരൂരിനെ വിമർശിക്കാതെ വ്യവസായ നേട്ടങ്ങളെ തള്ളി സുധാകരൻ

Synopsis

സംരംഭകരെ തല്ലിയോടിക്കുകയും കംപ്യൂട്ടര്‍ തല്ലിപ്പൊളിക്കുകയും ചെയ്ത ചരിത്രമുള്ള സി പി എം മനംമാറ്റം നടത്തിയാല്‍ അതിനെ സ്വാഗതം ചെയ്യും. എന്നാല്‍ വീമ്പിളക്കരുതെന്നും സുധാകരന്‍

തിരുവനന്തപുരം: ശശി തരൂർ എം പി പുകഴ്ത്തിയ കേരളത്തിന്‍റെ വ്യവസായ നേട്ടങ്ങളെ തള്ളിപ്പറഞ്ഞ് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി രംഗത്ത്. കോഴിക്കടകളും തട്ടുകടകളും പൂട്ടിപ്പോയ കടകളും വരെ ഉള്‍പ്പെടുത്തിയാണ് കേരളത്തില്‍ ചെറുകിട സംരംഭങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റം ഉണ്ടായതായി പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നതെന്നാണ് സുധാകരന്‍ കൂട്ടിച്ചേർത്തു. തരൂർ പുകഴ്ത്തിയ വ്യവസായ നേട്ടങ്ങളെ തള്ളിപ്പറയുമ്പോഴും തരൂരിനെ കെ പി സി സി അധ്യക്ഷൻ വിമർശിച്ചില്ല എന്നത് ശ്രദ്ധേയമായി. തന്നെ കൂടി കൂട്ട് പിടിച്ചുള്ള തരൂരിന്‍റെ ഇന്നത്തെ പ്രതിരോധത്തിനുള്ള മറുപടി കൂടിയാണ് സുധാകരൻ വാർത്താക്കുറിപ്പിലൂടെ നൽകിയത്. സ്റ്റാർട്ട് അപ് വളർച്ചക്ക് തുടക്കം ഇട്ടത് ഉമ്മൻ ചാണ്ടി സർക്കാരാണെന്നും അവിടെ നിന്ന് അർഹിക്കുന്ന വളർച്ച കേരളത്തിന് ഉണ്ടായില്ലെന്നും കെ പി സി സി അധ്യക്ഷൻ അഭിപ്രായപ്പെട്ടു. സംരംഭകരെ തല്ലിയോടിക്കുകയും കംപ്യൂട്ടര്‍ തല്ലിപ്പൊളിക്കുകയും ചെയ്ത ചരിത്രമുള്ള സി പി എം മനംമാറ്റം നടത്തിയാല്‍ അതിനെ സ്വാഗതം ചെയ്യും. എന്നാല്‍ വീമ്പിളക്കരുതെന്നും സുധാകരന്‍ പറഞ്ഞു.

തരൂരിന് മറുപടിയുമായി ലീഗ്; ആൻറണി സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കുഞ്ഞാലിക്കുട്ടി, തുറന്നടിച്ച് എംഎം ഹസൻ

സുധാകരന്‍റെ വാക്കുകൾ

കോഴിക്കടകളും തട്ടുകടകളും പൂട്ടിപ്പോയ കടകളും വരെ ഉള്‍പ്പെടുത്തിയാണ്  കേരളത്തില്‍ ചെറുകിട സംരംഭങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റം ഉണ്ടായതായി പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ 2020 ല്‍ കൊണ്ടുവന്ന ഉദ്യം പദ്ധതിയില്‍ കടകളുടെ രജിസ്‌ട്രേഷന്‍ നടത്തിയതോടെയാണ് സംരംഭങ്ങളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായത്. ഉദ്യം പദ്ധതിയില്‍ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്താല്‍ വായ്പയും സബ്‌സിഡിയും സര്‍ക്കാര്‍ പദ്ധതികളുമൊക്കെ കിട്ടാന്‍ എളുപ്പമായതിനാല്‍ ആളുകള്‍ വ്യാപകമായ തോതില്‍ രജിസ്‌ട്രേഷന്‍ നടത്തി. ഇതു നിര്‍ബന്ധമാണെന്നും പ്രചരിപ്പിച്ചു. കുടുംബശ്രീ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ വലിയ തോതില്‍ എണ്ണം കൂടി. അങ്ങനെയാണ് സംരംഭങ്ങളുടെ എണ്ണം കുതിച്ചു കയറിയത്.

സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വെ പ്രകാരം  2018-19ല്‍ ഉണ്ടായിരുന്നത് 13826 ചെറുകിട സംരംഭങ്ങളാണ്.  2019-20ല്‍ 13695 ഉം, 2020-21ല്‍ 11540 ഉം 2021- 22ല്‍ 15285 ഉം സംരംഭങ്ങളുണ്ടായിരുന്നു. 2020ല്‍ ഉദ്യം പദ്ധതി വന്നതിനെ തുടര്‍ന്ന് 2020-21ല്‍ സംരംഭങ്ങളുടെ എണ്ണം  1,39,839 ആയി കുതിച്ചുയര്‍ന്നു. തൊട്ടടുത്ത വര്‍ഷം 1,03596 ആയി. ഇപ്പോഴത് 2.90 ലക്ഷമായെന്നാണ് വ്യവസായ മന്ത്രി അവകാശപ്പെടുന്നത്. രണ്ടു മിനിറ്റില്‍ വ്യവസായം തുടങ്ങാമെന്നത് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്ന കാര്യമാണ്. പുതുതായി തുടങ്ങിയ 2.90 ലക്ഷം സംരംഭങ്ങളുടെ പട്ടിക പുറത്തുവിടാന്‍ വ്യവസായ മന്ത്രിയെ വെല്ലുവിളിക്കുന്നു. ഇതു സംബന്ധിച്ച് നേരിട്ടു പരിശോധന നടത്താന്‍ മന്ത്രി തയാറാണോ? ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2016ല്‍ എംഎസ്എംഇ സര്‍വെയില്‍ കേരളം ഒന്നാമതായിരുന്നു. ഐടിയിലുണ്ടായ വളര്‍ച്ചയുടെ കാര്യത്തിലും പൊങ്ങച്ചത്തില്‍ കവിഞ്ഞൊന്നുമില്ല. കേരളത്തിന്റെ ഐടി കയറ്റുമതി ഇപ്പോള്‍ 24000 കോടി രൂപയുടേതാണെങ്കില്‍ കര്‍ണാടകത്തിന്റേത് 4.11 ലക്ഷം കോടിയും തെലുങ്കാനയുടെത് 2 ലക്ഷം കോടിയുമാണ്. തമിഴ്‌നാടിന്റേത് 1.70 ലക്ഷം കോടിയും. പ്രധാനമന്ത്രി നരേന്ദ്രമോദി യുവസംരംഭകരെ വാര്‍ത്തെടുക്കുന്ന സ്റ്റാര്‍ട്ടപ്പ് പദ്ധതിക്ക് തുടക്കമിട്ടത് 2016ല്‍ ആണെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അത് 2011ല്‍ തുടക്കമിട്ടു.  അവിടെ നിന്ന് കേരളം അര്‍ഹിക്കുന്ന വളര്‍ച്ച ഉണ്ടായില്ല.  ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളം ഇപ്പോള്‍  ഏറ്റവും പിന്നിലാണ്. സംരംഭകരെ തല്ലിയോടിക്കുകയും കംപ്യൂട്ടര്‍ തല്ലിപ്പൊളിക്കുകയും ചെയ്ത  ചരിത്രമുള്ള സിപിഎം മനംമാറ്റം നടത്തിയാല്‍ അതിനെ സ്വാഗതം ചെയ്യും. എന്നാല്‍ വീമ്പിളക്കരുതെന്ന്  സുധാകരന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

അന്തിമ കണക്കുകൾ വ്യക്തം, 2020 ത്തിനേക്കാൾ കുറവ്, ആദ്യഘട്ട തദ്ദേശ തെര‍ഞ്ഞെടുപ്പിൽ 70.91 % പോളിങ്
എല്ലാം സിസിടിവി കണ്ടു; കാസർകോട് പൊലീസിൻ്റെ വ്യാജ എഫ്ഐആറിനെതിരെ പരാതിയുമായി 19കാരി; എസ്ഐക്ക് കുരുക്ക്