
തൃശൂര്‍: ഹെവി ലൈസന്‍സില്ലാതെ ബസ് ഓടിച്ചതിന് ടി എന്‍ പ്രതാപന്‍ എംപിക്കെതിരെ പരാതി. പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ബസിന്‍റെ ഉദ്ഘാടനത്തിനാണ് എംപി ബസ് ഓടിച്ചത്. മാടായിക്കോണം സ്വദേശിയുടെ പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ജോയിന്‍റ് ആര്‍ ടി ഒ വ്യക്തമാക്കി. വണ്ടി ഓടിച്ചിട്ടില്ലെന്നും സ്റ്റാര്‍ട്ടാക്കി മുന്നോട്ടെടുക്കുക മാത്രമാണ് ചെയ്തതെന്നും പ്രതാപന്‍ വിശദീകരിച്ചു. ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജില്‍ ഈ മാസം നാലിനാണ് സംഭവം നടന്നത്.
എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള പണം ഉപയോഗിച്ച് വാങ്ങിയ ബസ്സിന്‍റെ ഉദ്ഘാടനച്ചടങ്ങായിരുന്നു നടന്നത്. ഫ്‌ളാഗ് ഓഫിന് ശേഷം അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കയറ്റി എം പി കോളേജിന് പുറത്തേയ്ക്ക് ബസ് ഓടിച്ച് പോവുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഹെവി വെഹിക്കിള്‍ വിഭാഗത്തില്‍ പെട്ട വാഹനമാണ് പ്രതാപന്‍ ഓടിച്ചത്.
പ്രതാപന് ടൂ വീലര്‍, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ എന്നിവ ഓടിക്കാനുള്ള ലൈസന്‍സ് മാത്രമേ ഉള്ളുവെന്നും ഹെവി വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സ് ഇല്ലെന്നും കാണിച്ച് മാടായിക്കോണം സ്വദേശി സുജേഷാണ് റൂറല്‍ എസ്പിയ്ക്കും ഇരിങ്ങാലക്കുട ആര്‍ ടി ഒയ്ക്കും പരാതി നല്‍കിയത്. പരിവാഹന്‍ വെബ്‌സൈറ്റില്‍ നിന്ന് ലഭിച്ച എം പിയുടെ ഡ്രൈവിങ്ങ് ലൈസന്‍സ് രേഖകളും മാധ്യമങ്ങളില്‍ വന്ന ചിത്രങ്ങളും പരാതിയ്‌ക്കൊപ്പം വച്ചിട്ടുണ്ട്.
പരാതി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നായിരുന്നു ജോയിന്റ് ആര്‍ടിഒ വ്യക്തമാക്കിയത്. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ വാഹനത്തിന്റെ ഉടമസ്ഥനാണെങ്കില്‍ 5000 രൂപയും മറ്റൊരാളുടെ വാഹനമാണെങ്കില്‍ ഉടമസ്ഥന്‍ 5000 രൂപയും ഓടിച്ച വ്യക്തി 5000 രൂപയും പിഴ ഒടുക്കണമെന്നാണ് നിയമമെന്നും മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നന്മ നിറഞ്ഞ മനസുള്ള തിരുമേനി എന്ന് വാസവൻ, വീട്ടിലെത്തി പഴയിടത്തെ കണ്ടു; ലക്ഷ്യം അനുയിപ്പിക്കല്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam