
കൊച്ചി: പറവൂർ കോട്ടുവള്ളിയിൽ അയൽവാസിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍റെ മൂത്ത മകളും പ്രതിയാണെന്ന് പൊലീസ്. പ്രദീപിന്‍റെ മൂത്ത മകൾ ദീപയെ പൊലീസ് കേസിൽ പ്രതിചേർത്തു. ഇന്നലെ രാത്രി ഏറെ നാടകീയതകള്‍ക്കൊടുവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ദീപയെ കൊച്ചി നഗരത്തില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മരണപ്പെട്ട ആശ ബെന്നിയുടെ ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ദീപയെ ഇന്ന് കോടതിയിൽ ഹാജരാക്കും
കഴിഞ്ഞ 19ന് ഉച്ചയോടെയാണ് വീടിന് സമീപത്തെ പുഴയിൽ ചാടി ആശ ബെന്നി (42)എന്ന വീട്ടമ്മ ജീവനൊടുക്കിയത്. കടം വാങ്ങിയ പണത്തിന് അമിത പലിശ ആവശ്യപ്പെട്ട് പ്രദീപും ബിന്ദുവും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതില്‍ മനം നൊന്താണ് വീട്ടമ്മയായ ആശ ബെന്നി ആത്മഹത്യ ചെയ്തതെന്നാണ് പരാതി. കേസില്‍ ആരോപണവിധേയരായ റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനായ പ്രദീപ്, ഭാര്യ ബിന്ദു എന്നിവർ ഒളിവില്‍ തുടരുന്നു.ഇവരെ കണ്ടെത്താനുളള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഇവരെ കേസിൽ പ്രതിചേര്‍ക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
പ്രദീപ് സർവ്വീസിലിരിക്കെ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാളെന്ന് വിവരം. വരാപ്പുഴ ഉരുട്ടി കൊലക്കേസിൽ കൈക്കൂലി വാങ്ങിയതിനാണ് പ്രദീപ് കുമാർ നടപടി നേരിട്ടത്. 2018ൽ പറവൂർ സി ഐയുടെ ഡ്രൈവറായിരുന്നു പ്രദീപിനെ കൈകൂലി വാങ്ങിയതിന്റെ പേരിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രദീപ് അന്ന് സസ്‌പെൻഷനിലുമായിരുന്നു. ഇതിനിടെ പ്രതികളുടെ മകളെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടി അന്യായം എന്ന് ആരോപിച്ച് പ്രതികളുടെ അഭിഭാഷകർ രംഗത്തെത്തി.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam