ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം; നഷ്ടപ്പെട്ട മൊബൈൽ ഫോണും തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി

By Web TeamFirst Published Apr 29, 2021, 5:56 PM IST
Highlights

കഴിഞ്ഞ ദിവസം രാവിലെയാണ് ഓടിക്കൊണ്ടിരുന്ന പുനലൂർ പാസഞ്ചറിൽ വെച്ച് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. മുളംതുരുത്തി സ്വദേശിനിക്ക് നേരേയാണ് ആക്രമണം ഉണ്ടായത്.

കൊച്ചി: പുനലൂർ പാസഞ്ചർ ട്രെയിനിൽ വെച്ച്  യുവതിയെ ആക്രമിച്ച സംഭവത്തില്‍  യുവതിയുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ കണ്ടെത്തി. മുളന്തുരുത്തിക്ക് സമീപത്തു നിന്നാണ് ഫോൺ കിട്ടിയത്. പരിക്കേറ്റ യുവതിയുടെ തിരിച്ചറിയൽ കാർഡ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് ഓടിക്കൊണ്ടിരുന്ന പുനലൂർ പാസഞ്ചറിൽ വെച്ച് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. മുളംതുരുത്തി സ്വദേശിനിക്ക് നേരേയാണ് ആക്രമണം ഉണ്ടായത്.

സംഭവത്തില്‍ യുവതിയെ ആക്രമിച്ച പ്രതിയെ കഴിഞ്ഞ ദിവസം തന്നെ തിരിച്ചറിഞ്ഞിരുന്നു. നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് യുവതിയെ ആക്രമിച്ചത്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. നേരത്തെ പല കേസുകളിലും ഇയാൾ പ്രതിയായിരുന്നു. ഒരു കണ്ണിന് കാഴ്ച ശക്തിയില്ലാത്തയാളാണെന്നുള്ള സൂചന നേരത്തെ യുവതി നൽകിയിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 

കവർച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം. പ്രതി ആദ്യം വളയും മാലയും ഊരി നൽകാൻ  അവശ്യപ്പെട്ടെന്ന് പരുക്ക് പറ്റിയ യുവതി നൽകിയ മൊഴിയിൽ പറയുന്നു. മാല പൊട്ടിച്ചെടുത്തെന്നും മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞെന്നും പരിക്കേറ്റ യുവതിയുടെ ഭര്‍ത്താവ് വിശദമാക്കി. ട്രെയിനിൽ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. നിരീക്ഷണത്തിനായി ഐസിയുവിലാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!