
കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോർജിനെതിരെ പരാതി നൽകിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി യുവതി രംഗത്ത്. തന്റെ പേര് ഉൾപ്പെട്ട സംഭവത്തിൽ പരാതി എന്താണെന്ന് പോലും പറയാതെയാണ് പൊലീസുകാർ മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ പകർപ്പ് തരാൻ പറ്റില്ലെന്നായിരുന്നു പൊലീസ് ആദ്യം സ്വീകരിച്ച നിലപാടെന്നും യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പൊലീസുകാരനെ സസ്പെന്‍റ് ചെയ്ത ഉത്തരവില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുണ്ടന്ന് കാണിച്ചാണ് യുവതി ഐജിക്ക് പരാതി നൽകിയിരിക്കുന്നത്. അമ്മ നല്കിയ പരാതിയില്‍ അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ അധിക്ഷേപിച്ചെന്നും യുവതിയുടെ പരാതിയിൽ പറഞ്ഞിട്ടുണ്ട്.
യുവതിയുടെ വാക്കുകൾ...
"മൂന്നു നാല് മാസമായി ഞാൻ ഒറ്റയ്ക്ക് ഫ്ലാറ്റിൽ താമസിക്കുകയാണ്. ഇങ്ങനെയൊരു പരാതിയുണ്ടെന്ന് പറഞ്ഞ് കോഴിക്കോട് സ്പെഷ്യൽ ബ്രാഞ്ച് എസിപിയും എസ്ഐയും ഫ്ലാറ്റിലേക്ക് വരികയായിരുന്നു. വനിതാ പൊലീസ് കൂടെയുണ്ടായിരുന്നില്ല. അന്ന് പരാതി എന്താണെന്നൊന്നും പറയാതെയാണ് അവർ മൊഴിയെടുത്തു പോയത്.
ഉമേഷ് വള്ളിക്കുന്ന് എന്ന പൊലീസുകാരന്റെ പേരിലാണ് പരാതിയെന്നൊക്കെ പിന്നീടാണ് അറിഞ്ഞത്. ഞാൻ പറഞ്ഞതൊന്നുമല്ല അവർ മൊഴിയായി രേഖപ്പെടുത്തിയത്. അന്ന് തന്നെ പരാതിയുമായി പോകണമെന്ന് വിചാരിച്ചതാണ്. എസ്ഐ മുമ്പൊരു സസ്പെൻഷൻ കഴിഞ്ഞുവന്നിട്ടേയുള്ളു എന്നൊക്കെ അറിഞ്ഞതുകൊണ്ടാണ് പിന്നെ പരാതിയുമായി പോകാഞ്ഞത്.
അതിനു ശേഷം മൊഴിയുടെ പകർപ്പ് ചോദിച്ചപ്പോ എസിപി തരാൻ പറ്റില്ലെന്ന് പറഞ്ഞു. എൻക്വയറി കഴിഞ്ഞിട്ടേ തരാൻ പറ്റു എന്നാണ് പറഞ്ഞത്. പിന്നീട് ഡിസിപി ഇടപെട്ടാണ് മൊഴിയുടെ പകർപ്പ് ലഭിച്ചത്. സസ്പെൻഷൻ ഉത്തരവായി എന്നൊക്കെ രണ്ടുദിവസം മുമ്പാണ് അറിഞ്ഞത്. അതിലേക്ക് എന്റെ പേര് വലിച്ചിഴയ്ക്കേണ്ട യാതൊരു ആവശ്യവുമില്ല. എനിക്കൊരു പരാതിയുമില്ല. ഞാനെന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെ ജീവിക്കുന്നത്. ഞാനൊരു കലാകാരിയാണ്. ഗായികയും സംഗീതസംവിധായികയുമാണ്. എന്റെ ആവശ്യങ്ങൾക്കു വേണ്ടിയാണ് ഞാൻ ഫ്ലാറ്റെടുത്തിട്ടുള്ളത്. പാട്ടുകൾ ചെയ്യുന്നത് സംബന്ധിച്ച് വീട്ടിൽ ചില പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് ഇങ്ങനെ തീരുമാനിച്ചതാണ്.
അത്തരമൊരു സാഹചര്യത്തിലാണ് അദ്ദേഹം ഇവിടെ നിത്യസന്ദർശകനാണ് എന്ന് പറഞ്ഞ് വളരെ അപമാനകരമായ രീതിയിലുള്ളതൊക്കെ എഴുതി വച്ചിരിക്കുന്നത്. ശരിക്കും സ്ത്രീകൾക്ക് തന്നെ അപമാനകരമായ കാര്യമാണത്. 31 വയസ്സുള്ള എന്നെ ഒരു സ്ത്രീയെന്ന നിലയ്ക്ക് ഇതൊക്കെ എങ്ങനെ ബാധിക്കുമെന്ന് പോലും ചിന്തിക്കാതെയാണ് അതൊക്കെ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. സ്ത്രീകളെ എന്നല്ല എല്ലാവരെയും സംരക്ഷിക്കേണ്ട പൊലീസ് സേനയുടെ ഭാഗത്തു നിന്ന് തന്നെ ഇത്തരമൊരു നടപടി വരുന്നത് സങ്കടകരമായ അവസ്ഥയാണ്. "
യുവതിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. അതിന് ശേഷം കോഴിക്കോട്ടെ സിവില്‍ പൊലീസ് ഓഫീസറായ യു. ഉമേഷിനെ സസ്പെന്‍റ് ചെയ്യുകയായിരുന്നു. യുവതിയെ രക്ഷിതാക്കളുടെ അടുത്ത് നിന്നും മാറ്റി വാടക ഫ്ലാറ്റില്‍ താമസിപ്പിച്ച് അവിടെ നിത്യ സന്ദര്‍ശനം നടത്തുന്നുവെന്നാണ് ഉമേഷിന് ലഭിച്ച സസ്പെന്‍ഷന്‍ ഓര്‍ഡറിലുള്ളത്.
അന്വേഷിക്കാനെത്തിയ എസിപി തന്നെ അധിക്ഷേപിച്ചെന്ന് കാണിച്ച് യുവതി മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്. ശരീരത്തേയും നിറത്തേയും അധിക്ഷേപിച്ചെന്ന് ഇവര്‍ പറയുന്നു. സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജ് തന്നോട് മുന്‍ വൈരാഗ്യം തീര്‍ക്കുകയാണെന്നാണ് സസ്പെന്‍ഷനിലായ ഉമേഷിന്‍റെ ആരോപണം. നേരത്തെ കാടുപൂക്കും നേരം എന്ന സിനിമയുടെ പോസ്റ്ററും സംഭാഷണവും ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തതിന് ഉമേഷിന് സിറ്റി പൊലീസ് കമ്മീഷണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam