
പാലക്കാട്: വടക്കഞ്ചേരിയിലെ നേഘയെ ഭ൪തൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃമാതാവ് അറസ്റ്റിൽ. ഭ൪തൃമാതാവ് തോണിപ്പാടം കല്ലിങ്ങൽ വീട് ഇന്ദിര (52)യെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഭ൪ത്താവ് പ്രദീപ് നേരത്തെ റിമാൻഡിലായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രിയാണ് കണ്ണമ്പ്ര കാരപ്പൊറ്റ കുന്നംപുള്ളി സ്വദേശി നേഘ (26) ഭർത്താവ് പ്രദീപിൻ്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
നേഘയുടെ അമ്മയുടേയും ബന്ധുക്കളുടേയും മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി 12.20 ഓടെയാണ് നേഘ സുബ്രഹ്മണ്യനെ ഭ൪ത്താവിന്റെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവം നടക്കുന്ന ദിവസം കോയമ്പത്തൂരിൽ നിന്നെത്തിയ പ്രദീപ് നേഘയുമായി വഴക്കുണ്ടായിരുന്നുവെന്ന് മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം ഭർത്താവിനും കുടുംബത്തിനുമെതിരെ ആരോപണവുമായി നേഘയുടെ കുടുംബം പരാതി നൽകുകയായിരുന്നു. അന്വേഷണത്തിലാണ് ഭർത്താവും ഇപ്പോൾ ഭർതൃമാതാവും അറസ്റ്റിലായിരിക്കുന്നത്.